4 Dec 2023 2:30 AM GMT
ശക്തമായ നേട്ടത്തില്‍ ഗിഫ്റ്റ് നിഫ്റ്റി, ക്രൂഡ് വില കയറി; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
Sandeep P S
Summary
- തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിപണിയിലെ റാലി തുടരാന്‍ സഹായകം
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ നേട്ടത്തില്‍
- എഫ്‍ഐഐകള്‍ വാങ്ങല്‍ തുടരുമെന്ന് പ്രതീക്ഷ
തുടർച്ചയായി അഞ്ച് ആഴ്ചകളില്‍ നേട്ടം കൈവരിച്ച ആഭ്യന്തര വിപണി സൂചികകള്‍ ആ ആക്കം നിലനിര്‍ത്തുമെന്ന വിലയിരുത്തലാണ് വിപണി വിദഗ്ധര്‍ നല്‍കുന്നത്. നിഫ്റ്റി സൂചിക വൈകാരിക പ്രാധാന്യമുള്ള 20,000-മാർക്ക് കൈവിടാതെ ഇരുന്നാല്‍, വരും ദിവസങ്ങളിൽ 20,500-ലേക്ക് നീങ്ങാനാകുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു. എന്‍എസ്ഇ-യുടെ മൊത്തം വിപണി മൂലധനം 4 ട്രില്യൺ ഡോളറിലധികം ആയിട്ടുണ്ട്.
വെള്ളിയാഴ്ചത്തെ വ്യാപാരത്തില്‍ നിഫ്റ്റി 135 പോയിന്റ് ഉയർന്ന് 20,268 എന്ന റെക്കോർഡ് ക്ലോസിംഗിലാണ് അവസാനിച്ചത്, ഇടവ്യാപാരത്തില്‍ 20,292 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ബിഎസ്‌ഇ സെൻസെക്‌സ് 493 പോയിന്റ് ഉയർന്ന് 67,481ലും എത്തി. നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾക്യാപ് 100 സൂചികകൾ യഥാക്രമം 1.1 ശതമാനവും അര ശതമാനവും ഉയർന്നു.
ഇന്നലെ പുറത്തുവന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കേന്ദ്ര ഭരണ കക്ഷിയായ ബിജെപിക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കുന്നു. ഇത് രാഷ്ട്രീയമായ സ്ഥിരത ഭരണത്തില്‍ ഉണ്ടാകണമെന്ന വിപണി വികാരത്തെ പിന്തുണയ്ക്കുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ചെലവിടല്‍ ഉയരുമെങ്കിലും തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിടുന്ന കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ലെന്നും നിക്ഷേപകര്‍ വിലയിരുത്തുന്നു.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
പിവറ്റ് പോയിന്റ് കാൽക്കുലേറ്റർ സൂചിപ്പിക്കുന്നത് നിഫ്റ്റി 20,289 ല്‍ പെട്ടെന്നുള്ള പ്രതിരോധം നേടുമെന്നാണ്, തുടര്‍ന്ന് 20,314ഉം 20,356ഉം. അതേസമയം താഴ്ച്ചയുടെ സാഹചര്യത്തില്‍ 20,207 ലും തുടർന്ന് 20,181, 20,140 ലെവലുകളിലും പിന്തുണ ഉണ്ടാകാം.
ആഗോള വിപണികളില്‍ ഇന്ന്
ഏഷ്യ പസഫിക് വിപണികള്‍ പൊതുവില്‍ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ്, ചൈനയുടെ ഷാങ്ഹായ് തുടങ്ങിയ വിപണികള്‍ നേട്ടത്തിലാണ്. എന്നാല്‍ ജപ്പാന്‍റെ നിക്കി ഇടിവ് നേരിടുന്നു.
യൂറോപ്യന്‍ വിപണികളും യുഎസ് വിപണികളും വെള്ളിയാഴ്ച പൊതുവില്‍ നേട്ടത്തോടെയാണ് വ്യപാരം അവസാനിപ്പിച്ചിട്ടുള്ളത്.
ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 287 പോയിന്‍റിന്‍റെ ശക്തമായ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും തുടക്കം പോസിറ്റിവ് ആകുമെന്ന സൂചനയാണ് ഡെറിവേറ്റിവ് വിപണി നല്‍കുന്നത്.
ഇന്ന് ശ്രദ്ധ നേടുന്ന ഓഹരികള്‍
കമ്പ്യൂട്ടർ ഏജ് മാനേജ്‌മെന്റ് സര്‍വീസസ്(സിഎഎംഎസ്) : വാർബർഗ് പിൻകസിന്റെ അഫിലിയേറ്റ് ആയ ഗ്രേറ്റ് ടെറൈൻ ഇൻവെസ്റ്റ്‌മെന്റ്, സിഎഎംഎസിലെ ഓഹരികൾ വിൽക്കാൻ സാധ്യതയുണ്ടെന്ന് സിഎന്‍ബിസി റിപ്പോർട്ട് ചെയ്തു. പ്രതീക്ഷിക്കുന്ന അടിസ്ഥാന ഇഷ്യു വലുപ്പം 1,000 കോടി രൂപയാണ്, ഓഹരി ഒന്നിന് തറ വില 2,550 രൂപയായിരിക്കാം.
ഹിന്ദുസ്ഥാൻ യുണിലിവർ: രാജസ്ഥാനിൽ 45 മെഗാവാട്ട് ശേഷിയുള്ള സോളാർ എനർജി പാർക്ക് സ്ഥാപിക്കുന്നതിന് ബ്രൂക്ക്ഫീൽഡുമായി തന്ത്രപരമായ പങ്കാളിത്തത്തിൽ എച്ച്‍യുഎല്‍ ഒപ്പുവച്ചു. കാര്‍ബണ്‍ പുറംതള്ളല്‍ നെറ്റ് സീറോയില്‍ എത്തിക്കുന്നതിന് എഫ്എംസിജി കമ്പനിയെ ഇത് സഹായിക്കും.
സീമെൻസ് ഇന്ത്യ: സീമെൻസ് എനർജി ഹോൾഡിംഗ് ബിവിയിൽ നിന്ന് ഒരു ഓഹരിക്ക് 2,952.86 രൂപ നിരക്കിൽ സീമെൻസ് ഇന്ത്യയുടെ 18 ശതമാനം ഓഹരികൾ സീമെൻസ് എജി വാങ്ങും.
ഐഷർ മോട്ടോഴ്‌സ്: നവംബറിൽ റോയൽ എൻഫീൽഡിന്റെ വിൽപ്പന 13 ശതമാനം വർധിച്ച് 80,251 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ 70,766 യൂണിറ്റുകളാണ് വിറ്റത്. കയറ്റുമതി 2 ശതമാനം വർധിച്ച് 5,114 യൂണിറ്റിലെത്തി.
ഹീറോ മോട്ടോകോര്‍പ്പ്: നവംബറിൽ 4.91 ലക്ഷം യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 3.9 ലക്ഷം യൂണിറ്റിനെ അപേക്ഷിച്ച് 25.6 ശതമാനം വർധന.
ടാറ്റ പവർ: പവർ ഫിനാൻസ് കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ പിഎഫ്‌സി കൺസൾട്ടിംഗ് സ്ഥാപിച്ച പ്രോജക്റ്റ് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്‌പിവി) ബിക്കാനീർ-III നീമ്രാന-2 ട്രാൻസ്മിഷൻ ഏറ്റെടുക്കാനുള്ള കരാര്‍ ടാറ്റ ഗ്രൂപ്പ് കമ്പനി നേടി.
ക്രൂഡ് ഓയില്‍ വില കൂടി
പലസ്തീനില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ തിങ്കളാഴ്ച എണ്ണ ഫ്യൂച്ചറുകൾ ഉയർന്നു, പശ്ചിമേഷ്യയില്‍ നിന്നുള്ള വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചു. എന്നാൽ ഒപെക് പ്ലസ് സ്വമേധയാ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതിലെ അനിശ്ചിതത്വവും ആഗോള ഇന്ധന ആവശ്യകതയിലെ വളർച്ചയും വിലവര്‍ധന പരിമിതമാക്കി.
ഇന്ന് പുലര്‍ച്ചെ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 28 സെൻറ് അഥവാ 0.4 ശതമാനം ഉയർന്ന് ബാരലിന് 79.16 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 29 സെൻറ് അല്ലെങ്കിൽ 0.4 ശതമാനം ഉയർന്ന് 74.36 ഡോളറിലാണ്.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‍ഐഐ) 1,589.61 കോടി രൂപയുടെ അറ്റ വാങ്ങല്‍ ഓഹരികളില്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1,448.08 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയെന്ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം