12 Oct 2023 5:01 AM GMT
Summary
- ഐടി ഓഹരികളില്‍ വലിയ വിറ്റഴിക്കല്‍
- ഏഷ്യന്‍ വിപണികള്‍ പൊതുവേ നേട്ടത്തില്‍
ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്സും നിഫ്റ്റിയും വ്യാഴാഴ്ച തുടക്ക വ്യാപാരത്തില്‍ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് ഇടിവിലേക്ക് നീങ്ങി . മന്ദഗതിയിലായ ആഗോള സാമ്പത്തിക സാഹചര്യങ്ങളില്‍ ഐടി മേഖല വെല്ലുവിളി നേരിടുന്നത് തുടരുന്നുവെന്ന് ടിസിഎസിന്‍റെ രണ്ടാംപാദ ഫലം സൂചിപ്പിച്ചത് ഐടി ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദം സൃഷ്ടിച്ചിട്ടുണ്ട്.
പോസിറ്റീവ് ആഗോള വിപണികൾക്ക് അനുസൃതമായി ബാങ്കിംഗ്, ഓട്ടോ, മെറ്റൽ ഓഹരികൾ മുന്നേറിയതിനാൽ സെൻസെക്‌സ് തുടക്കത്തില്‍ 104 പോയിന്റ് ഉയർന്ന് 66,577.60 എന്ന നിലയിലെത്തി. എന്നാല്‍ പിന്നീട് ഐടി ഓഹരികളിലെ ശക്തമായ വില്‍പ്പന സൂചികയെ നഷ്ടത്തിലേക്ക് നയിച്ചു. രാവിലെ 10.19നുള്ള വിവരം അനുസരിച്ച് 60.29 പോയിന്‍റ് (0.091%) ഇടിവോടെ 66,410.32 ലാണ് സെന്‍സെക്സ്.
നിഫ്റ്റിയും തുടക്കത്തില്‍ 23.85 പോയിന്‍റ് മുന്നേറി 19,835.20ല്‍ എത്തിയെങ്കിലും പിന്നീട് നേട്ടം കൈവിട്ട് ഇടിവിലേക്ക് നീങ്ങി. രാവിലെ 10.22നുള്ള വിവരം അനുസരിച്ച 20.90 പോയിന്‍റ് (0.11%) ഇടിവില്‍ 19,790.45 ലാണ് നിഫ്റ്റി.
യുഎസ് ഫെഡറൽ റിസർവിന്റെ മീറ്റിംഗ് മിനുറ്റ്സ് പുറത്തിറങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ റേറ്റ് സെൻസിറ്റീവ് ഓഹരികള്‍ നേട്ടമുണ്ടാക്കി. അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങൾക്കിടയിൽ യുഎസ് കേന്ദ്ര ബാങ്ക് സമീപഭാവിയിൽ പലിശ നിരക്ക് ഉയർത്തില്ലെന്ന വീക്ഷണമാണ് ഇതിന് കാരണം.
സെൻസെക്‌സ് ഓഹരികളിൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എസ്‌ബിഐ, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, മാരുതി, ടാറ്റ സ്റ്റീൽ, എം ആൻഡ് എം എന്നിവ ആദ്യ വ്യാപാരത്തിൽ മുന്നേറി. എന്നിരുന്നാലും, ഐടി പ്രമുഖരായ ടിസിഎസിൽ 1 ശതമാനത്തിലധികം ഇടിവുണ്ടായി. ടെക് മഹീന്ദ്ര, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ മറ്റ് ഐടി ഓഹരികളും നഷ്ടത്തിലായി. റിലയൻസ്, എച്ച്‌യുഎൽ, എൽ ആൻഡ് ടി, ഭാരതി എയർടെൽ എന്നിവയുടെ നഷ്ടവും ബെഞ്ച്മാർക്ക് സൂചികയെ ബാധിച്ചു.
വിപണിയിലെ റാലിയെ ശക്തിപ്പെടുത്താൻ പോസിറ്റീവ് സംഭവവികാസങ്ങളുണ്ടെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. "ഡോളർ സൂചികയും യുഎസ് ബോണ്ട് യീൽഡും ക്രമാനുഗതമായി കുറയുന്ന പ്രവണതയും, ക്രൂഡോയിൽ വില കുറയുന്നതും, പണ വിപണിയിലെ എഫ്ഐഐ വിൽപ്പന കുത്തനേ ഇടിയുന്നതും വിപണിക്ക് വലിയ പോസിറ്റീവ് ആണ്. യുഎസ് ഉപഭോക്തൃ പണപ്പെരുപ്പം പ്രതീക്ഷിക്കുന്ന പോലെ 3.6 ശതമാനത്തിൽ താഴെയാണെങ്കിൽ അതും ബുള്ളുകളെ ചലിപ്പിക്കും."
യുഎസ് വിപണികളിലെ മുന്നേറ്റത്തെ തുടർന്ന് ജപ്പാൻ, ചൈന, ഹോങ്കോംഗ് എന്നിവയുൾപ്പെടെയുള്ള ഏഷ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
ഇന്നലെ സെൻസെക്‌സ് 393.69 പോയിന്റ് അഥവാ 0.6 ശതമാനം ഉയർന്ന് 66,473.05ലും നിഫ്റ്റി 121.50 പോയിന്റ് അഥവാ 0.62 ശതമാനം ഉയർന്ന് 19,811.35ലും എത്തി. ബിഎസ്‌ഇയിൽ ലഭ്യമായ കണക്കുകൾ പ്രകാരം ബുധനാഴ്ച 421.77 കോടി രൂപയുടെ ഓഹരികൾ ഓഫ്‌ലോഡ് ചെയ്ത് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) അറ്റ വിൽപ്പനക്കാരായി തുടർന്നു.