13 Dec 2023 10:21 AM GMT
Summary
- മികച്ച നേട്ടം രേഖപ്പെടുത്തി എന്‍ടിപിസി ഓഹരികള്‍
- ഓട്ടൊമൊബൈല്‍, ഫാര്‍മ, പവര്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി
- ഏഷ്യന്‍ വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചത് സമ്മിശ്ര തലത്തില്‍
ആഭ്യന്തര ബെഞ്ച് മാര്‍ക്ക് സൂചികകളില്‍ ഇന്ന് നിഴലിച്ചത് അനിശ്ചിതത്വം. സെന്‍സെക്സും നിഫ്റ്റിയും സെഷന്‍റെ ഏറെ സമയവും നഷ്ടത്തിലായിരുന്നു എങ്കിലും അവസാന മണിക്കൂറില്‍ നേട്ടത്തിലേക്ക് കയറി. റെക്കോഡുകള്‍ തകര്‍ത്ത് മുന്നോട്ടുപോയ റാലിക്ക് ശേഷം ഒരു വിഭാഗം ട്രേഡര്‍മാര്‍ ലാഭമെടുക്കലിലേക്ക് നീങ്ങിയതും യുഎസ് ഫെഡ് റിസര്‍വ് പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ജാഗ്രതയും വിപണിയില്‍ പ്രതിഫലിച്ചു.
നവംബറിലെ ഇന്ത്യയുടെ വിലക്കയറ്റം ഉയര്‍ന്നതും വിപണി പങ്കാളികള്‍ വിലയിരുത്തി. യുഎസ് പണപ്പെരുപ്പം തുടര്‍ച്ചയായ ഇടിവ് പ്രകടമാക്കുന്നത് ഫെഡ് റിസര്‍വ് അടുത്ത വര്‍ഷം മാര്‍ച്ചോടെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ശക്തമാക്കി.
നിഫ്റ്റി 19.95 പോയിന്‍റ് (0.10%) നേട്ടത്തോടെ 20,926.35ലും സെന്‍സെക്സ് 33.57 പോയിന്‍റ് (0.05%) നേട്ടത്തോടെ 69,584.60ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി കമ്പനികളാണ് ഏറ്റവും വലിയ തിരിച്ചടി ഇന്ന് വിപണിയില്‍ നേരിട്ടിട്ടുള്ളത്. ഓട്ടൊമൊബൈല്‍, ഫാര്‍മ, പവര്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി.
എൻടിപിസി, പവർ ഗ്രിഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ, സൺ ഫാർമ. എന്നിവയാണ് സെന്‍സെക്സില്‍ മികച്ച നേട്ടമുണ്ടാക്കുന്ന പ്രധാന ഓഹരികള്‍. ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, അൾട്രാടെക് സിമന്റ്, ബജാജ് ഫിൻസെർവ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഒഹരികള്‍.
ഏഷ്യന്‍ വിപണികള്‍ ഇന്ന് സമ്മിശ്രമായ തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാനിന്‍റെ നിക്കി എന്നിവ നേട്ടത്തിലായിരുന്നു. അതേസമയം ചൈനയുടെ ഷാങ്ഹായ്, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് എന്നിവ ഇടിവിലായിരുന്നു.
"ഉയർന്ന മൂല്യനിർണ്ണയങ്ങൾക്കിടയിലും വിപണിയുടെ ഹ്രസ്വകാല അടിയൊഴുക്ക് ബുള്ളിഷ് ആണ്. സമ്പദ്‌വ്യവസ്ഥയിലെ വളർച്ചയുടെ ആക്കം, ഡിഐഐകളുടെയും റീട്ടെയിൽ നിക്ഷേപകരുടെയും സുസ്ഥിരമായ വാങ്ങൽ, എഫ്‌പിഐ-കള്‍ വിൽപ്പനയിൽ നിന്ന് വാങ്ങലിലേക്ക് തിരിച്ചെത്തിയത്, അനുകൂലമായ ആഗോള സൂചനകൾ എന്നിവ വിപണിയെ പ്രതിരോധിക്കു ," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
"ആഗോള വീക്ഷണകോണിൽ, ഇന്ന് രാത്രിയിലെ ഫെഡ് സന്ദേശം ആഗോള വിപണി പ്രവണത സജ്ജീകരിക്കുന്നതിൽ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.