4 March 2024 11:27 AM GMT
Summary
- യൂറോപ്യൻ വിപണികളിൽ സമ്മിശ്ര വ്യാപാരം
- കുതിച്ചുയർന്ന് പിഎസ്ഇ സൂചികൽ; ഭേൽ ഉയർന്നത് 12.38%
- ബ്രെൻ്റ് ക്രൂഡ് 0.30 ശതമാനം ഉയർന്ന് ബാരലിന് 83.80 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് റെക്കോർഡിൽ. തുടർച്ചയായി നാലാം ദിവസമാണ് നിഫ്റ്റിയും സെൻസെക്‌സും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിക്കുന്നത്. സെൻസെക്സ് 66.14 പോയിൻ്റ് അഥവാ 0.09 ശതമാനം ഉയർന്ന് 73,872.29 എന്ന എക്കാലത്തെയും ഉയർന്ന ലെവലിലും നിഫ്റ്റി 27.20 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 22,405.60 പോയിൻ്റിലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയിൽ എൻടിപിസി (3.69%), എച്ച്ഡിഎസ്സി ലൈഫ് (2.81%), ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് (2.68%), പവർ ഗ്രിഡ് (2.68%), ഭാരത് പെട്രോളിയം (2.61%) എന്നിവ നേട്ടം നൽകിയപ്പോൾ ഐഷർ മോട്ടോർസ് (-2.81%), ജെഎസ്ഡബ്ല്യു സ്റ്റീൽ (-2.24%), എസ്ബിഐ ലൈഫ് ഇൻഷുറൻസ് (-2.06%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (-1.74%), ബ്രിട്ടാനിയ ഇൻഡസ്ട്രീസ് (-1.68%) എന്നിവ ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചികയിൽ നിഫ്റ്റി പിഎസ്ഇ 2.38 ശതമാനം ഉയർന്നു. സൂചികയിൽ ഭാരത് ഹെവി ഇലക്ട്രിക്കൽസ് 12.38 ശതമാനം ഉയർന്നു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യപാരം തുടരുന്നു. വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്. എൻഎച്ച്പിസി, എൽഐസി എന്നീ ഓഹരികൾ ഒഴികെ സൂചികയിൽ ബാക്കിയെല്ലാം നേട്ടത്തിലാണ്.
ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് 2024 ലെ ഇന്ത്യയുടെ വളർച്ചാ അനുമാനം 6.8 ശതമാനമായി ഉയർത്തി, നേരത്തെ കണക്കാക്കിയിരുന്നത് 6.1 ശതമാനമായിരുന്നു. പ്രതീക്ഷിച്ചതിലും ശക്തമായ സാമ്പത്തിക ഡാറ്റയും കുറഞ്ഞു വരുന്ന ആഗോള സാമ്പത്തിക അസ്ഥിരതയും ഇതിനു കാരണമായി.
ശനിയാഴ്ചത്തെ പ്രത്യേക ട്രേഡിംഗ് സെഷനിൽ, സെൻസെക്സ് 60.80 പോയിൻ്റ് അഥവാ 0.08 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന ലെവലായ 73,806.15 ലെത്തി. നിഫ്റ്റി 39.65 പോയിൻ്റ് അഥവാ 0.18 ശതമാനം ഉയർന്ന് 22,378.40 എന്ന പുതിയ ലെവലിൽ എത്തിയിരുന്നു.
ബ്രെൻ്റ് ക്രൂഡ് 0.30 ശതമാനം ഉയർന്ന് ബാരലിന് 83.80 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.16 ശതമാനം താഴ്ന്ന് 2092.25 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 2 പൈസ ഉയർന്ന് 82.89 ലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ശനിയാഴ്ച 81.87 കോടി രൂപയുടെ അറ്റ വില്പനകരായി.