15 Nov 2023 5:19 AM GMT
ആഗോള തലത്തിലെ ശുഭകരമായ സൂചനകളുടെയും ആശ്വാസകരമായ വിലക്കയറ്റ കണക്കുകയുടെയും പശ്ചാത്തലത്തില്‍ ആഭ്യന്തര ഓഹരി വിപണികളുടെ ഇന്നത്തെ വ്യാപാര സെഷന്‍ ശക്തമായ നിലയില്‍ തുടങ്ങി. സെൻസെക്സ് 645 പോയിന്റ് ഉയർന്ന് 65,578.95ല്‍ എത്തി, നിഫ്റ്റി 209.8 പോയിന്‍റ് ഉയർന്ന് 19,653.3 ല്‍ എത്തി. . എല്ലാ മേഖലകളിലെയും ഓഹരികള്‍ മുന്നേറ്റം പ്രകടമാക്കുന്നുണ്ട്. ഐടി, മെറ്റൽ ഓഹരികളാണ് ഏറ്റവുമധികം നേട്ടം കൊയ്യുന്നത്.
സെൻസെക്‌സില്‍ ജെഎസ്ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, വിപ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർ ഗ്രിഡ്, നെസ്‌ലെ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്‌സ് എന്നിവയാണ് ഇടിവ് നേരിട്ടത്
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസിറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ കാര്യമായ നേട്ടത്തോടെയാണ് അവസാനിച്ചത്.
"ഒക്ടോബറിലെ യുഎസ് വിലക്കയറ്റ കണക്കുകൾ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമാണ്. പ്രതീക്ഷിച്ചതിലും താഴെ 3.2 ശതമാനം വാര്‍ഷിക വിലക്കയറ്റമാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. അതിലും പ്രധാനമായി, മുഖ്യ പണപ്പെരുപ്പം മുന്‍മാസത്തെ അപേക്ഷിച്ച് വെറും 0.2 ശതമാനം മാത്രമാണ് വളര്‍ന്നത് എന്നത് വളരേ പൊസിറ്റിവ് ആണ്. യുഎസ് ഫെഡ് റിസര്‍വ് പലിശനിരക്കുകള്‍ കുറയ്ക്കുന്നത് വേഗത്തിലാകും എന്ന പ്രതീക്ഷയാണ് ഇത് നല്‍കുന്നത്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ഇന്ത്യയിലെ സിപിഐ പണപ്പെരുപ്പത്തിലുണ്ടായ ഇടിവും അനുകൂല ഘടകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.33 ശതമാനം ഉയർന്ന് ബാരലിന് 82.74 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) ചൊവ്വാഴ്ച 1,244.44 കോടി രൂപയുടെ അറ്റവില്‍പ്പന ഇക്വിറ്റികളില്‍ നടത്തി. ദീപാവലി ബലിപ്രതിപാദയായതിനാൽ ചൊവ്വാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 325.58 പോയിന്റ് അല്ലെങ്കിൽ 0.50 ശതമാനം ഇടിഞ്ഞ് 64,933.87 എന്ന നിലയിലെത്തി. നിഫ്റ്റി 82 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 19,443.55 ലെത്തി.