image

19 Dec 2023 6:08 AM GMT

Stock Market Updates

2024ല്‍ നിഫ്റ്റിയില്‍ പ്രതീക്ഷിക്കുന്നത് വെറും 2% വളര്‍ച്ച: കൊട്ടക് സെക്യൂരിറ്റീസ്

MyFin Desk

nifty to see just 2% growth in 2024, kotak securities
X

Summary

  • 2023ൽ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 13 ശതമാനത്തിലധികം നേട്ടമുണ്ടാക്കി
  • തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപണിയില്‍ അനിശ്ചിതാവവസ്ഥ പ്രകടമാകാം
  • ബുൾ കേസിൽ, നിഫ്റ്റി 2024 അവസാനത്തോടെ നിഫ്റ്റി 24,000 മറികടക്കും


ബെഞ്ച്മാർക്ക് സൂചികകളുടെ വളർച്ച 2024-ൽ കുറയുമെന്ന് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് സെക്യൂരിറ്റീസിന്‍റെ നിരീക്ഷണം. 50 ഓഹരികളുടെ സൂചികയായ നിഫ്റ്റി അടുത്ത വർഷം മൊത്തത്തിലുള്ള കണക്കില്‍ ഏകദേശം 2 ശതമാനം നേട്ടം മാത്രമേ കൈവരിക്കൂവെന്നാണ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

അടിസ്ഥാന സാഹചര്യത്തിൽ (ബെയ്സ് കേസ്), 2024 അവസാനത്തോടെ പ്രധാന സൂചികയായ നിഫ്റ്റി 21,834 പോയിന്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കൊട്ടക് സെക്യൂരിറ്റീസ് പറഞ്ഞു. തിങ്കളാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 21,418 പോയിന്റിലാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

2023ൽ 13 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയതോടെ ഇന്ത്യൻ വിപണികൾ ചരിത്രം സൃഷ്ടിച്ചതായും കൊട്ടക് സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടി. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളിലെ വളർച്ച യഥാക്രമം 39 ശതമാനവും 48 ശതമാനവുമാണ്. റഷ്യ-ഉക്രെയ്ൻ യുദ്ധം, ഇസ്രായേൽ-ഹമാസ് യുദ്ധം, ഉയർന്ന ആഗോള പണപ്പെരുപ്പം, ക്രൂഡ് വില വർധന, യുഎസിലെ 10 വർഷ ബോണ്ടുകളിലെ ആദായം വലിയ തോതില്‍ ഉയര്‍ന്നത്, ഉപഭോഗ മാന്ദ്യം തുടങ്ങിയ സാഹചര്യങ്ങള്‍ക്കിടയിലാണ് ഈ വളര്‍ച്ച നേടാനായത് എന്നത് ശ്രദ്ധേയമാണ്.

ആഗോള തലത്തിലെ പലിശ നിരക്കുകൾ, ഇന്ത്യൻ ഉപഭോഗ അന്തരീക്ഷം, ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ എന്നിങ്ങനെ പുതുവർഷത്തിന്റെ ആദ്യ പകുതിയിൽ ശ്രദ്ധിക്കേണ്ട നിരവധി ഘടകങ്ങളുണ്ടെന്ന് കൊട്ടക് സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു. ഇന്ത്യ ദേശീയ തെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോൾ വിപണിയിലെ അസ്ഥിരത വർധിക്കാനിടയുണ്ട്.യുഎസും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് എന്നതും അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണികളെ സ്വാധീനിക്കും.

വിലക്കയറ്റം 4 ശതമാനത്തില്‍ എത്തിക്കുന്നതിനുള്ള ലക്ഷ്യത്തില്‍ റിസര്‍വ് ബാങ്ക് ഉറച്ചുനിന്നാല്‍ പുതിയ വർഷം ആദ്യ പകുതിയില്‍ അടിസ്ഥാന പലിശ നിരക്കുകള്‍ കുറയ്ക്കാനിടയില്ലെന്ന് കൊട്ടക് സെക്യൂരിറ്റീസ് നിരീക്ഷിക്കുന്നു.

ബുൾ കേസിൽ, 2024 അവസാനത്തോടെ നിഫ്റ്റി 24,260 പോയിന്റിൽ ആയിരിക്കുമെന്ന് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു, അതേസമയം ബെയര്‍ കേസിൽ ഇത് 19,048 പോയിന്‍റ് വരെ താഴാം.