13 Dec 2023 6:31 AM GMT
Summary
- ഇഷ്യൂ വില 111 രൂപ, ലിസ്റ്റിംഗ് വില 111.50 രൂപ
- ഗ്രാഫിസാഡ്സ് ഇഷ്യൂവിന് വളരെ ചെറിയ പ്രതികരണമാണ് ലഭിച്ചത്
- ഗ്രേ മാർക്കറ്റിലും നേരിയ വ്യാപാരമായിരുന്നു ഓഹരികൾക്ക്
ചെറു കിട ഇടത്തരം സംഭരംഭമായ ഗ്രാഫിസാഡ്സ് നേരിയ പ്രീമിയത്തിൽ ലൈറ്റ് ചെയ്തു. ഇഷ്യൂ വിലയായ 111 രൂപയിൽ നിന്നും 0.45 ശതമാനം ഉയർന്ന് 111.50 രൂപയിലായിരുന്നു ലിസ്റ്റിംഗ്.
ഇപ്പോൾ 12.00 മണിക്ക് കമ്പനിയുടെ ഓഹരികൾ എൻ എസ് ഇ-യിൽ 4.55 ശതമാനം ഇടിവിൽ 105.95 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.
ഇഷ്യൂ വഴി കമ്പനി 53.41 കോടി രൂപ സമാഹരിച്ചു. തുടക്കവ്യാപാരത്തിൽ തന്നെ ഓഹരികൾ 4.98 ശതമാനം ഇടിഞ്ഞ് 105.95 രൂപയിലെത്തി.
ഗ്രേ മാർക്കറ്റിൽ നേരിയ വ്യാപാരമാണ് ഗ്രാഫിസാഡ്സ് ഓഹരികൾക്ക് വേണ്ടി നടന്നിട്ടുള്ളത്. ഇത് ലിസ്റ്റിംഗിന് ശേഷമുള്ള ഓഹരികളുടെ ഇടിവിന് കാരണമായിട്ടുണ്ട്. ഐപിഒയിലെ അലോട്ട്‌മെന്റിന് മുമ്പ് ഓഹരികൾ ട്രേഡിംഗ് ആരംഭിച്ച് ലിസ്റ്റിംഗ് ദിവസം വരെ തുടരുന്ന ഒരു അനൗദ്യോഗിക പ്ലാറ്ഫോമാണ് ഗ്രേ മാർക്കറ്റ്. ലിസ്റ്റിംഗ് വിലയെക്കുറിച്ച് ഒരു ആശയം ലഭിക്കുന്നതിന് മിക്ക നിക്ഷേപകരും ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) ട്രാക്ക് ചെയ്യാറുണ്ട്.
മറ്റ് എസ്എംഇ ഐപിഒകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഗ്രാഫിസാഡ്സ് ഇഷ്യൂവിന് വളരെ ചെറിയ പ്രതികരണമാണ് ലഭിച്ചത്. ഇഷ്യൂവിന് 3.86 ഇരട്ടി അപേക്ഷകളായിരുന്നു ലഭിച്ചത്.
ഇഷ്യൂ തുക കടം തിരിച്ചടവ്, മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ഫണ്ടിംഗ്, ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഉപയോഗിക്കും.
1987-ൽ സ്ഥാപിതമായ കമ്പനി സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും പൊതുമേഖലാ സ്ഥാപങ്ങളിലും മാർക്കറ്റിംഗ്, പരസ്യം, ആശയവിനിമയ സേവനങ്ങൾ നൽകുന്നു. ബ്രാൻഡ് സ്ട്രാറ്റജി, കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി, ക്രിയേറ്റീവ് സർവീസസ്, മീഡിയ പ്ലാനിംഗ്, മീഡിയ ബയിംഗ്, മീഡിയ റിലീസ് സേവനങ്ങൾ എന്നിവ അടങ്ങുന്ന പരസ്യ മാധ്യമ സേവനങ്ങൾക്കായി ഹൈ-എൻഡ് ഇക്കോസിസ്റ്റവും എൻഡ്-ടു-എൻഡ് ആഡ്-ടെക് കമ്മ്യൂണിക്കേഷൻ സൊല്യൂഷൻ പ്ലാറ്റ്‌ഫോമും കമ്പനി നൽകി വരുന്നു. പത്രങ്ങൾ, മാഗസിനുകൾ, റേഡിയോ, ടിവി, ഇവന്റുകള്‍, പ്രദർശനങ്ങൾ, ഡിജിറ്റൽ മീഡിയ, ബ്രോഷറുകൾ പ്രിന്റിംഗ്, ഔട്ട്ഡോർ ഹോർഡിംഗുകൾ, ഡിജിറ്റൽ സ്ക്രീനുകൾ എന്നിവ വിനിമയങ്ങൾ വഴിയാണ് കമ്പനിയുടെ പ്രവർത്തനം നടക്കുക.
ഫസ്റ്റ് ഓവർസീസാണ് ഐപിഒയുടെ ലീഡ് മാനേജർ, ഇഷ്യുവിന്റെ രജിസ്ട്രാർ കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ്.