image

20 March 2024 4:57 AM GMT

Stock Market Updates

ആഗോള വിപണികൾ നേട്ടത്തിൽ; ആഭ്യന്തര സൂചികകളും കരകയറി

MyFin Desk

domestic indexes bounced back
X

Summary

  • സെക്ടറൽ സൂചികയിൽ നിഫ്റ്റി എനർജി, എഫ്എംസിജി സൂചികകൾ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ്
  • വിപണിക്ക് തുണയായി ഓട്ടോ, മെറ്റൽ ഓഹരികൾ
  • യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെ


ഓട്ടോ, മെറ്റൽ ഓഹരികളുടെ കരുത്തിൽ ബെഞ്ച്മാർക്ക് സൂചികകളായ നിഫ്റ്റിയും സെൻസെക്സും വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. യുഎസ് ഫെഡ് മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പാലിക്കുന്നതിനാൽ വിപണിയിൽ ഉയർന്ന ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകി. വാൾസ്ട്രീറ്റിലെ പ്രധാന മൂന്നു സൂചികകളും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് പച്ചയിലാണ്. എസ് ആൻ്റ് പി 500 പുതിയ റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ബാങ്ക് ഓഫ് ജപ്പാൻ്റെ പണനയത്തിലെ മാറ്റം നിക്ഷേപകർക്ക് ഊർജം പകർന്നു. ഇതോടെ ഏഷ്യൻ വിപണികളും ഉയർന്ന നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വിദേശ നിക്ഷേപകരുടെ ഉയർന്ന വാങ്ങലും വിപണിക്ക് തുണയായി.

സെൻസെക്‌സ് 237.36 പോയിൻ്റ് ഉയർന്ന് 72,249.41 ലും നിഫ്റ്റി 74.25 പോയിൻ്റ് ഉയർന്ന് 21,891.70 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ ഐഷർ മോട്ടോർസ്, മാരുതി സുസുക്കി, ഭാരത് പെട്രോളിയം, നെസ്റ്റിലെ ഇന്ത്യ, ബജാജ് ഓട്ടോ എന്നിവ നെറ്റിൽ വ്യാപാരം ആരംഭിച്ചപ്പോൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, യുപിഎൽ, ടാറ്റ മോട്ടോർസ്, ടാറ്റ കൺസ്യുമർ പ്രോഡക്ട് ഇടവിലാണ്.

സെക്ടറൽ സൂചികയിൽ നിഫ്റ്റി എനർജി, എഫ്എംസിജി സൂചികകൾ ഒഴികെ ബാക്കി എല്ലാം ഇടിവിലാണ്.

ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെയാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,421.48 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

"വിദേശ നിക്ഷേപകരുടെ വാങ്ങലും അനുകൂലമായ വാൾസ്ട്രീറ്റ് പ്രകടനവും നിക്ഷേപകരിൽ ശുഭാപ്തിവിശ്വാസം കൊണ്ടുവരുമെന്ന്", മേത്ത ഇക്വിറ്റീസ് ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റ് (റിസർച്ച്) പ്രശാന്ത് തപ്‌സെ പറഞ്ഞു.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.17 ശതമാനം ഇടിഞ്ഞ് ബാരലിന് 87.23 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.02 ലെത്തി. സ്വർണം നേരിയ നേട്ടത്തോടെ ട്രോയ് ഔൺസിന് 2160.80 ഡോളറിലെത്തി.

"ഫെഡിൻ്റെ നിരക്ക് തീരുമാനം, അതിലും പ്രധാനമായി, ഇന്ന് രാത്രിയുള്ള ഫെഡ് കമൻ്ററി യുഎസിലെ ട്രെൻഡ് തീരുമാനിക്കും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

സെൻസെക്സ് 736.37 പോയിൻ്റ് അഥവാ 1.01 ശതമാനം ഇടിഞ്ഞ് 72,012.05 ലും നിഫ്റ്റി 238.25 പോയിൻ്റ് അഥവാ 1.08 ശതമാനം ഇടിഞ്ഞ് 21,817.45 ലുമാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.