image

3 Dec 2023 6:39 AM GMT

Stock Market Updates

തെരഞ്ഞെടുപ്പ് ഫലം, ആര്‍ബിഐ നയം, സേവന പിഎംഐ; ഈ വാരത്തില്‍ വിപണിയെ കാത്തിരിക്കുന്നത്

MyFin Desk

looking forward to the market this week
X

Summary

  • റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്താനിടയില്ല
  • സേവന മേഖലയിലും മികച്ച പിഎംഐ പ്രതീക്ഷിക്കുന്നു
  • ശക്തമായ വാങ്ങലുകാരായി എഫ്‍ഐഐകള്‍


ഡിസംബർ 1ന് അവസാനിച്ച ആഴ്ചയിൽ നിഫ്റ്റി 473 പോയിന്റ് അഥവാ 2.4 ശതമാനം ഉയർന്ന് 20,268 ലും ബിഎസ്ഇ സെൻസെക്സ് 1,511 പോയിന്റ് അഥവാ 2.3 ശതമാനം ഉയർന്ന് 67,481ലും എത്തി. യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധനയുടെ ചക്രം അവസാനിപ്പിച്ചുവെന്നും, അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തന്നെ നിരക്കിളവിലേക്ക് നീങ്ങുമെന്നുമുള്ള പ്രതീക്ഷ ശക്തമായതാണ് പോയവാരത്തില്‍ വിപണികളെ ചലിപ്പിച്ച പ്രധാന ഘടകം.

യുഎസ് ട്രഷറി വരുമാനം താഴ്ന്നതോടെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‍ഐഐ) ഇന്ത്യന്‍ ഓഹരികളിലേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. ഇതിനൊപ്പം മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളിലെ സുസ്ഥിരമായ വിപുലീകരണം, കുറഞ്ഞ എണ്ണവില, പ്രതീക്ഷിച്ചതിലും മികച്ച ത്രൈമാസ ജിഡിപി വളർച്ച എന്നിവ ഇന്ത്യൻ വിപണികളിൽ ബുൾ റൺ നിലനിർത്താനും ത്വരിതപ്പെടുത്താനും സഹായിച്ചു.

ബെഞ്ച്മാർക്ക് സൂചികകൾ തുടർച്ചയായ അഞ്ചാം ആഴ്ചയും റാലി നിലനിർത്തിയപ്പോള്‍ നിഫ്റ്റി മിഡ്‌ക്യാപ് 100, സ്‌മോൾക്യാപ് 100 എന്നിവ 3 ശതമാനം വീതം നേട്ടമുണ്ടാക്കി.

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം, ആര്‍ബിഐ ധനനയ സമിതി യോഗത്തിന്‍റെ പ്രഖ്യാപനങ്ങളും വിലയിരുത്തലുകളും നവംബറിലെ സേവന മേഖലയുടെ പിഎംഐ , വിദേശ നിക്ഷേപങ്ങളുടെ ഗതി എന്നിവയാകും ഈ വാരത്തില്‍ വിപണിയിലെ ചലനങ്ങളെ പ്രധാനമായും സ്വാധീനിക്കുക.

അഞ്ചു സംസ്ഥാനങ്ങളിലെ ഫലം

അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഒരുമിച്ച് പുറത്തുവരുന്നത് നിക്ഷേപകര്‍ വിലയിരുത്തും. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്‍ഗഡിലും ബിജെപിയും തെലങ്കാനയിൽ കോണ്‍ഗ്രസുമാണ് മുന്‍തൂക്കം നേടുന്നത്. മിസോറാമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ചയാണ് നടക്കുന്നത്. അവിടെ പ്രാദേശിക കക്ഷിക്കാണ് സാധ്യത.

കേന്ദ്രത്തിലെ ഭരണപരമായ അസ്ഥിരാവസ്ഥയ്ക്കുള്ള സൂചനകള്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കാത്തതിനൊപ്പം ശക്തമായ മത്സരം കോണ്‍ഗ്രസ് കാഴ്ചവെച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂലധന ചെലവിടല്‍ ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചേക്കും.

ആര്‍ബിഐ നയം

ഈ കലണ്ടർ വർഷത്തിലെ അവസാന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) കഴിഞ്ഞുള്ള പ്രഖ്യാപനം ഡിസംബര്‍ ൮ന് നടക്കും. വിലക്കയറ്റം സുസ്ഥിരമായി താഴോട്ടുവരുന്നത് കണക്കിലെടുത്ത് പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നില്‍നിര്‍ത്താന്‍ ഇത്തവണയും തീരുമാനിക്കുമെന്നാണ് കരുതപ്പെടുന്നത്. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങള്‍ , വളർച്ചാ വീക്ഷണം, വരും വർഷത്തില്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യത എന്നിവയെ കുറിച്ചുള്ള സൂചനകൾക്കായും നിരീക്ഷകര്‍ എംപിസിയെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.

നടപ്പുസാമ്പത്തിക വര്‍ഷത്തെ മൊത്തം ജിഡിപി വളര്‍ച്ച സംബന്ധിച്ച പ്രവചനം ആര്‍ബിഐ ഉയര്‍ത്തിയേക്കും. എന്നാൽ ആഭ്യന്തര തലത്തില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയിലും അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിലയിലും ഉണ്ടാകാവുന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് പണപ്പെരുപ്പ നിഗമനം മാറ്റാതെ നിലനിര്‍ത്താനാണ് സാധ്യതയെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

സേവന മേഖലയുടെ പിഎംഐ

മാനുഫാക്ചറിംഗ് വളര്‍ച്ച നവംബറില്‍ വീണ്ടെടുപ്പ് നടത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ സേവന മേഖലയുടെ പിഎംഐ കണക്കുകളില്‍ ദലാല്‍ തെരുവ് ശ്രദ്ധവെക്കും. നവംബറിലെ എസ് & പി ഗ്ലോബൽ സർവീസസ് പിഎംഐയും കോമ്പോസിറ്റ് പിഎംഐയും ഡിസംബർ 5ന് പുറത്തിറങ്ങും.

ഒക്ടോബറിൽ സർവീസസ് പിഎംഐ 58.4 ആയിരുന്നു. നവംബറിലെ പിഎംഐ കൂടുതല്‍ മികച്ച വിപുലീകരണം പ്രകടമാക്കുന്നതിന് സാധ്യതയുണ്ട്. ഡിസംബർ ഒന്നിന് അവസാനിച്ച ആഴ്ചയിലെ വിദേശനാണ്യ കരുതൽ ശേഖരം അടുത്ത ആഴ്ച ഡിസംബർ 8 ന് പുറത്തുവിടും.

ആഗോള ഡാറ്റകള്‍

ലോകമെമ്പാടുമുള്ള നിക്ഷേപകർ യുഎസില്‍ നിന്നുള്ള ചില പ്രധാന ഡാറ്റകളില്‍ വരുന്ന വാരം ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴിലില്ലായ്മ നിരക്ക്, നവംബറിലെ ഫാം ഇതര ശമ്പളപ്പട്ടിക, തൊഴിലില്ലായ്മ ക്ലെയിമുകൾ എന്നിവയാണ് ഇത്. യുഎസ് ഉള്‍പ്പെടെയുള്ള സമ്പദ് വ്യവസ്ഥകളിലെ ഫാക്റ്ററി ഓര്‍ഡറുകളുടെ കണക്കുകളും പിഎംഐ കണക്കുകളും അടുത്ത വാരത്തില്‍ വരും

നവംബറിൽ തൊഴിലില്ലായ്മ നിരക്ക് 3.9 ശതമാനമായി തുടരുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും കരുതുന്നു. ഒക്ടോബറിൽ, യുഎസിലെ നോൺ-ഫാം പേറോളുകൾ 1.5 ലക്ഷം വർദ്ധിച്ചു, ഇത് വിപണി പ്രതീക്ഷകളായ 1.8 ലക്ഷത്തേക്കാൾ താഴെയായിരുന്നു, അതേസമയം തൊഴിലില്ലായ്മ ക്ലെയിമുകൾ തുടർച്ചയായി വർദ്ധിച്ചു, നവംബർ 18 ന് അവസാനിച്ച ആഴ്ചയിൽ ഇത് 19.27 ലക്ഷമായി, ഇത് ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

വിദേശ നിക്ഷേപങ്ങളുടെ ഗതി

കഴിഞ്ഞ ആഴ്‌ചയിൽ എഫ്‌ഐഐകൾ പണ വിഭാഗത്തില്‍ 10,593 കോടി രൂപയുടെ അറ്റ വാങ്ങല്‍ ഓഹരികളില്‍ നടത്തി, നവംബറിലെ അവരുടെ അറ്റ ​​വാങ്ങൽ 5,795 കോടി രൂപയാണ്. അതേസമയം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ആഴ്ചയിൽ 4,354 കോടി രൂപയുടെ അറ്റ ​​വാങ്ങള്‍ നടത്തി, നവംബറില്‍ മൊത്തമായി 12,762 കോടി രൂപയുടെ അറ്റവാങ്ങല്‍.