13 Nov 2023 10:10 AM GMT
Summary
- ഐടി, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ ഇടിവ്
- യുഎസ് ട്രഷറി ആദായത്തിലും ഡോളര്‍ സൂചികയിലും ഉയര്‍ച്ച
- ഏഷ്യന്‍ ഓഹരി വിപണികളുടെ ക്ലോസിംഗ് പൊതുവേ ഇടിവില്‍
ഏഷ്യൻ വിപണികളിലെ ദുർബലമായ പ്രവണതകൾക്കും വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്കിനും ഇടയിൽ തിങ്കളാഴ്ച ആഭ്യന്തര വിപണി സൂചികകൾ ഇടിഞ്ഞു. ഐടി, ധനകാര്യം എന്നീ മേഖലകളില്‍ കാര്യമായ വില്‍പ്പന പ്രകടമായപ്പോള്‍, പൊതുമേഖലാ ബാങ്കുകളുടെ വിഭാഗത്തിലെ ഓഹരികള്‍ മുന്നേറ്റമാണ് പ്രകടമാക്കിയത്.
നിഫ്റ്റി ഇന്ന് 82 പോയിന്‍റ് (0.42 ശതമാനം) ഇടിഞ്ഞ് 19,443.45ലും സെൻസെക്സ് 326 പോയിന്‍റ് ( 0.50 ശതമാനം) നഷ്ടത്തിൽ 64,933.87ലും ക്ലോസ് ചെയ്തു.
എൻ ടി പി സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികള്‍. ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, റിലയന്‍സ് ഇന്‍റസ്ട്രീസ്, നെസ്‌ലെ ഇന്ത്യ തുടങ്ങിയവയാണ് ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ച പ്രധാന ഓഹരികള്‍
യുഎസ് ട്രഷറി ആദായം ഉയര്‍ന്നതും ഡോളര്‍ സൂചിക മുകളിലേക്ക് പോയതുമാണ് വിപണികളെ ബാധിച്ച പ്രധാന ഘടകം. യുഎസിലെ ഉപഭോക്തൃ ആത്മവിശ്വാസം തുടര്‍ച്ചയായ നാലാം മാസവും ഇടിവിലാണെന്ന റിപ്പോര്‍ട്ടും, യുഎസ് ക്രെഡിറ്റ് റേറ്റിംഗ് സംബന്ധിച്ച വീക്ഷണം നെഗറ്റിവ് എന്നതിലേക്ക് മൂഡിസ് താഴ്ത്തിയതും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇന്ന് ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
നവംബർ 12 ന് ദീപാവലി പ്രമാണിച്ച് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഒരു മണിക്കൂർ പ്രത്യേക മുഹൂർത്ത ട്രേഡിംഗ് സെഷൻ നടത്തി. സംവത് 2080-ന്റെ ആദ്യ ട്രേഡിംഗ് സെഷനിൽ ബിഎസ്ഇ ബെഞ്ച്മാർക്ക് 354.77 പോയിന്റ് അല്ലെങ്കിൽ 0.55 ശതമാനം ഉയർന്ന് 65,259.45 ൽ എത്തി. വിശാലമായ നിഫ്റ്റി 100.20 പോയിന്റ് അഥവാ 0.52 ശതമാനം ഉയർന്ന് 19,525.55 ലെത്തി.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) ഞായറാഴ്ച വ്യാപാരത്തില്‍ 190.06 കോടി രൂപയുടെ അറ്റ വില്‍പ്പന ഓഹരികളില്‍ നടത്തിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.