image

4 Dec 2023 10:13 AM GMT

Stock Market Updates

പുതിയ ദൂരങ്ങളിലേക്ക് കുതിച്ച് കാളകള്‍; 2%നു മുകളില്‍ നേട്ടവുമായി സെന്‍സെക്സും നിഫ്റ്റിയും

MyFin Desk

bulls leaping to new distances, sensex and nifty gain over 2%
X

Summary

  • നിക്ഷേപകര്‍ക്ക് 6 ലക്ഷം കോടി രൂപയുടെ മൊത്തം നേട്ടം
  • വന്‍നേട്ടം നല്‍കി അദാനി ഗ്രൂപ്പ് ഓഹരികള്‍


ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ ഇന്ന് പ്രകടമായത് അനിതര സാധാരണമായ കുതിപ്പ്. ശക്തമായ മാക്രോ ഇക്കണോമിക് ഡാറ്റകളുടെയും അനുകൂല ആഗോള സൂചനകളുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ നാലുദിവസങ്ങളിലും മുന്നേറുകയായിരുന്ന സെന്‍സെക്സും നിഫ്റ്റിയും ഇന്ന് 2 ശതമാനത്തിനു മുകളിലുള്ള നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തും കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ലഭിച്ചത് കൂടുതല്‍ സാമ്പത്തിക പരിഷ്കരണങ്ങളെ കുറിച്ചും വിപണി സൗഹൃദ നടപടികളെ കുറിച്ചും നിക്ഷേപകരില്‍ പ്രതീക്ഷ ഉണ‍ര്‍ത്തി.

ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴെയായതും യുഎസ് ബോണ്ട് ആദായത്തിലെ ഇടിവിന്‍റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തിയതും റാലിക്ക് കരുത്തായി.

സെൻസെക്‌സ് 1,383.93 പോയിന്റ് അഥവാ 2.05 ശതമാനം ഉയർന്ന് 68,865.12 എന്ന റെക്കോഡ് ക്ലോസിംഗിലും. നിഫ്റ്റി 418.90 പോയിന്റ് അഥവാ 2.07 ശതമാനം ഉയർന്ന് 20,686.80 എന്ന റെക്കോഡ് ക്ലോസിംഗിലും വ്യാപാരം അവസാനിപ്പിച്ചു. ഇടവ്യാപാരത്തിനിടെ സെന്‍സെക്സ് 68,918.22 എന്ന സര്‍വകാല ഉയരത്തിലും നിഫ്റ്റി 20,702.65 എന്ന സര്‍വകാല ഉയരത്തിലും എത്തി.

നേട്ടം കൊയ്തത് ഈ ഓഹരികള്‍

അദാനി ഗ്രൂപ്പ് ഓഹരികൾ 3 ശതമാനം മുതൽ 9 ശതമാനം വരെ നേട്ടമുണ്ടാക്കി, നിരവധി മേഖലാ സൂചികകളിലെ ഏറ്റവും മികച്ച നേട്ടം അദാനി കമ്പനികള്‍ക്കായിരുന്നു. ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയും മികച്ച നേട്ടം സ്വന്തമാക്കി. വിപ്രൊ ആണ് നഷ്ടം നേരിട്ട പ്രധാന ഓഹരി.

നിക്ഷേപകര്‍ക്ക് 6 ലക്ഷം കോടി രൂപയുടെ മൊത്തം നേട്ടമാണ് ഇന്നത്തെ വ്യാപാര സെഷനില്‍ ഉണ്ടായത്. ധനകാര്യ സേവനം, ഊര്‍ജ്ജം എന്നീ മേഖലകളിലെ സൂചികകള്‍ ഏകദേശം 2 ശതമാനത്തോളം ഉയര്‍ന്നു.

" സാമ്പത്തിക പരിഷ്‌ക്കരണങ്ങളെ പിന്തുണയ്ക്കുന്നതും വിപണി സൗഹൃദപരവുമായവിപണി വീക്ഷണത്തിൽ, പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങൾ ലഭിച്ചു. 10 വർഷ യുഎസ് ബോണ്ട് വരുമാനം 4.23 ശതമാനമായി കുറഞ്ഞതോടെ ആഗോള പശ്ചാത്തലവും അനുകൂലമാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. ഹ്രസ്വകാലം വിപണി അടിസ്ഥാന ഘടകങ്ങളെ അവഗണിച്ച് ഉയരുമെങ്കിലും തുടര്‍ന്ന് ഉയര്‍ന്ന മൂല്യ നിര്‍ണയം ചില വിൽപ്പനയ്ക്ക് കാരണമാകുമെന്ന് വിജയകുമാർ കൂട്ടിച്ചേർത്തു.

ഏഷ്യൻ വിപണികളിൽ ഷാങ്ഹായ് കോമ്പോസിറ്റ്, ഹാങ് സെങ് എന്നിവ താഴ്ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്, ഓസ്ട്രേലിയന്‍ വിപണി നേട്ടത്തിലായിരുന്നു. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് അവസാനിച്ചത്.