7 Dec 2023 10:11 AM GMT
തുടര്‍ച്ചയായ ഏഴു ദിവസങ്ങളിലെ റാലിക്ക് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ വിൽപ്പന സൃഷ്ടിച്ച സമ്മർദത്തിന്‍റെയും ഏഷ്യൻ വിപണികളിൽ നിന്നുള്ള നെഗറ്റിവ് സൂചനകളുടെയും പശ്ചാത്തലത്തില്‍ സെൻസെക്സും നിഫ്റ്റിയും വ്യാഴാഴ്ച തുടക്ക വ്യാപാരം മുതല്‍ ഇടിവിലായിരുന്നു.
നിഫ്റ്റി 36.50 പോയിന്റ് അഥവാ 0.17 ശതമാനം ഇടിഞ്ഞ് 20,901.20ലും സെൻസെക്സ് 132.04 പോയിൻറ് അഥവാ 0.19 ശതമാനം താഴ്ന്ന് 69,521.69ലും ക്ലോസ് ചെയ്തു. ബാങ്കിംഗ് , ഐടി ഓഹരികളിലാണ് ഏറ്റവുമധികം വില്‍പ്പന സമ്മര്‍ദം പ്രകടമായത്.
സെൻസെക്‌സ് ഓഹരികളില്‍, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, എൻടിപിസി, അൾട്രാടെക് സിമന്റ്, ടൈറ്റൻ കമ്പനി, മാരുതി സുസുക്കി ഇന്ത്യ എന്നിവ നേട്ടം കൊയ്തു. എന്നാല്‍ ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യൂണിലിവർ, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ സ്റ്റീൽ, ഐടിസി എന്നിവ നഷ്ടത്തിലായിരുന്നു.
ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച യുഎസ് വിപണികൾ സമ്മിശ്രമായിരുന്നു.
ബുധനാഴ്ച സെൻസെക്‌സ് 357.59 പോയിന്റ് അഥവാ 0.52 ശതമാനം ഉയർന്ന് 69,653.73 എന്ന പുതിയ റെക്കോർഡിൽ എത്തി. നിഫ്റ്റി 82.60 പോയിന്റ് അഥവാ 0.40 ശതമാനം ഉയർന്ന് 20,937.70 എന്ന പുതിയ ഉയരത്തിലെത്തി.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ബുധനാഴ്ച 79.88 കോടി രൂപയുടെ അറ്റ വില്‍പ്പന ഓഹരികളില്‍ നടത്തിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു