19 Dec 2023 10:18 AM GMT
Summary
- നിഫ്റ്റ് മിഡ്ക്യാപ്, സ്‍മാള്‍ ക്യാപ് സൂചികകള്‍ ഇടിവില്‍
- ഏഷ്യൻ വിപണികള്‍ പൊതുവില്‍ ഇന്ന് നേട്ടത്തിലാണ്
- നിഫ്റ്റി ഐടി ഇടിവ് രേഖപ്പെടുത്തി
ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ ഇന്ന് നിഴലിച്ചത് അനിശ്ചിതത്വം. പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ച മുന്നേറ്റത്തിന് ശേഷം ഇന്നലെ സൂചികകള്‍ ഇടിവിലേക്ക് നീങ്ങിയിരുന്നു. ഇന്ന് വ്യാപാരത്തിന്‍റെ തുടക്കം നേട്ടത്തിലായിരുന്നു എങ്കിലും സെന്‍സെക്സും നിഫ്റ്റിയും സെഷന്‍റെ ഏറിയ സമയവും ചുമപ്പിലായിരുന്നു. എന്നാല്‍ വ്യാപാരത്തിന്‍റെ അവസാന മണിക്കൂറുകളില്‍ പച്ചയിലേക്ക് എത്തി.
നിഫ്റ്റിയില്‍ ബാങ്ക്, എഫ്എംസിജി, ഫാര്‍മ, ആരോഗ്യ സേവനങ്ങള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഓയില്‍-ഗ്യാസ് തുടങ്ങിയ മേഖലകള്‍ നേട്ടം കൊയ്തു. അതേസമയം ഐടി, ഓട്ടൊമൊബൈല്‍, ധനകാര്യ സേവനങ്ങള്‍, മീഡിയ, മെറ്റല്‍, സ്വകാര്യ ബാങ്ക്, റിയല്‍റ്റി തുടങ്ങിയ മേഖലകളുടെ സൂചികകള്‍ നഷ്ടം രേഖപ്പെടുത്തി..
ബിഎസ്ഇ സെന്‍സെക്സ് 122.10 പോയിന്‍റ് അഥവാ 0.17 ശതമാനം നേട്ടത്തോടെ 71,437.19ലും നിഫ്റ്റി-50 34.45 പോയിന്‍റ് അഥവാ 0.16 ശതമാനം നേട്ടത്തോടെ 21,453.10ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
നേട്ടങ്ങളും കോട്ടങ്ങളും
കോള്‍ ഇന്ത്യ, നെസ്‍ലെ ഇന്ത്യ, എന്‍ടിപിസി, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ്, സിപ്ല, റിലയന്‍സ്, എസ്‍ബിഐ, ഐടിസി തുടങ്ങിയയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. അദാനി പോര്‍ട്‍സ്, വിപ്രൊ, അദാനി എന്‍റര്‍പ്രൈസസ്, യുപിഎല്‍, ടിസിഎസ്, ഹീറോ മോട്ടോര്‍സ്, എസ്ബിഐ ലൈഫ്, എച്ച്സിഎല്‍ ടെക്, എഷര്‍ മോട്ടോര്‍സ് തുടങ്ങിയവയാണ് വലിയ ഇടിവ് നേരിട്ടത്. നെസ്‌ലെ ഓഹരി ഇന്ന് എൻഎസ്ഇ-യിൽ 1135.45 രൂപ അഥവാ 4.66 ശതമാനം ഉയർന്ന് 25489.70 ലാണ് അവസാനിച്ചത്.
നെസ്‍ലെ ഇന്ത്യ, എന്‍ടിപിസി, റിലയൻസ്, ഐടിപിസി, എസ്‍ബിഐ, എച്ച്‍യുഎല്‍ തുടങ്ങിയവയാണ് സെന്‍സെക്സില്‍ വലിയ നേട്ടമുണ്ടാക്കിയത്. വിപ്രൊ, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ടാറ്റ സ്‍റ്റീല്‍, മാരുതി, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് വലിയ നഷ്ടം നേരിട്ടത്.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക -0.38 ശതമാനവും നിഫ്റ്റി സ്‍മാള്‍ക്യാപ് 100 സൂചിക -0.12 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.31 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.10% ശതമാനം മുന്നേറി.
ഏഷ്യന്‍ വിപണികള്‍ നേട്ടത്തില്‍
ഏഷ്യൻ വിപണികള്‍ പൊതുവില്‍ ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടോക്കിയോ, ഷാങ്ഹായ്, ഓസ്ട്രേലിയ എന്നിവ നേട്ടത്തിലായിരുന്നു, ഹോങ്കോങ് വിപണി താഴ്ന്നു. തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ യുഎസ് വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.