image

14 Dec 2023 4:46 AM GMT

Stock Market Updates

10 മിനുറ്റില്‍ 3 ലക്ഷം കോടിയുടെ നേട്ടം; സര്‍വകാല ഉയരങ്ങള്‍ തൊട്ട് സെന്‍സെക്സും നിഫ്റ്റിയും

MyFin Desk

sensex and nifty hit all-time highs
X

Summary

  • എൻബിസിസി ഓഹരികൾ തുടക്ക വ്യാപാരത്തിൽ ഏകദേശം 6 ശതമാനം ഉയർന്നു
  • ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍ ആഗോല വിപണികളെ ആഘോഷത്തിലാക്കി
  • എല്ലാ മേഖലകളുടെ സൂചികകളും നേട്ടം പ്രകടമാക്കുന്നു


യുഎസ് ഫെഡറൽ റിസർവ് തങ്ങളുടെ കര്‍ക്കശമായ പലിശ നിരക്ക് വര്‍ധനയുടെ ചക്രം അവസാനിച്ചെന്ന് വ്യക്തമായ സൂചന നല്‍കുയും അടുത്ത വര്‍ഷം 3 നിരക്കിളവ് ഉണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തതിനെ ആഘോഷമാക്കി ഇന്ത്യന്‍ ഓഹരി വിപണികള്‍. ബിഎസ്ഇ-യിലും എന്‍എസ്ഇ-യിലും എല്ലാ മേഖലകളുടെ സൂചികകളും നേട്ടം പ്രകടമാക്കുന്നു.

രാവിലെ 9.23 എത്തിയപ്പോഴേക്കും ബിഎസ്ഇ സെൻസെക്‌സ് 641 പോയിന്റ് അഥവാ 0.92 ശതമാനം ഉയർന്ന് 70,226 എന്ന നിലയിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റി-50 181 പോയിന്റ് അഥവാ 0.87 ശതമാനം ഉയർന്ന് 21,107ലായിരുന്നു. അപ്പോഴേക്കും, ബിഎസ്ഇയിലെ എല്ലാ ലിസ്റ്റ് ചെയ്ത കമ്പനികളുടെയും മൊത്തം വിപണി മൂലധനം 3 ലക്ഷം കോടി രൂപ വർധിച്ച് 354.19 ലക്ഷം കോടി രൂപയായി.

എച്ച്സിഎൽ ടെക്, ഇൻഫോസിസ്, എംഎച്ച്പാസിസ്, കോർഗോർജ് എന്നിവയുടെ നേതൃത്വത്തിൽ നിഫ്റ്റി ഐടി 2.1% മുന്നേറി. നിഫ്റ്റി ബാങ്ക്, ഫിനാൻഷ്യൽ സർവീസസ്, റിയൽറ്റി എന്നിവയും 1% ഉയർന്നു. 1,500 കോടി രൂപയുടെ വർക്ക് ഓർഡറുകൾ നേടിയതിനെത്തുടർന്ന് എൻബിസിസി ഓഹരികൾ തുടക്ക വ്യാപാരത്തിൽ ഏകദേശം 6 ശതമാനം ഉയർന്നു. തൻല പ്ലാറ്റ്‌ഫോം ഓഹരികളും 8 ശതമാനം ഉയർന്നു.

പിന്നെയും കുതിപ്പ് തുടര്‍ന്ന സെന്‍സെക്സ് 70,539.30 എന്ന സര്‍വകാല ഉയരത്തിലും 21,189.55 എന്ന സര്‍വകാല ഉയരത്തിലും എത്തിയിട്ടുണ്ട്. രാവിലെ 10.04 നുള്ള വിവരം അനുസരിച്ച് സെന്‍സെക്സ് 905.62 പോയിന്‍റ് (1.30%) മുന്നേറി 70,490.22ലും നിഫ്റ്റി 251.10 പോയിന്‍റ് (1.20%) മുന്നേറി 21,177.45ലും ആണ് വ്യാപാരം നടത്തുന്നത്.

" ഫെഡ് റിസര്‍വില്‍ നിന്നുള്ള വ്യക്തമായ സന്ദേശം വരും ദിവസങ്ങളിൽ ഒരു സ്മാർട്ട് സാന്താക്ലോസ് റാലിക്ക് വേദിയൊരുക്കി, കൂടാതെ ഇത് ഒരു പ്രീ- ഇലക്ഷന്‍ റാലിക്ക് പോലും കാരണമായേക്കും, അതിന് വിപണികളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയും. 2024-ൽ മൂന്ന് നിരക്കിളവുകള്‍ പ്രതീക്ഷിക്കാമെന്നതാണ് ഫെഡ് പ്രഖ്യാപനങ്ങളില്‍ പ്രധാനം. വിപണിയുടെ ആഗ്രഹിക്കുന്നത് നാലെണ്ണമാണ് . ഡൗ സൂചികയിലെ റെക്കോർഡ് ബ്രേക്കിംഗ് റാലി പല സൂചികകളെയും പുതിയ റെക്കോർഡുകളിലേക്ക് എത്തിക്കും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു.

യുഎസിലെ 10 വർഷ ബോണ്ട് ആദായം 4 ശതമാനമായി കുറയുന്നത് ഇന്ത്യയിലേക്കുള്ള വലിയ മൂലധന പ്രവാഹത്തിന് കാരണമാകും. പ്രധാന ഗുണഭോക്താക്കൾ ലാർജ് ക്യാപ്സ് ആയിരിക്കും, പ്രത്യേകിച്ച് ബാങ്കിംഗിലെ ന്യായമായ മൂല്യമുള്ള ലാര്‍ജ് ക്യാപ്സ്. ഐടിയും എഫ്ഐഐകളെ ആകർഷിക്കാൻ സാധ്യതയുണ്ട്. റീട്ടെയില്‍ ഇടപാടുകള്‍ക്ക് മിഡ്, സ്മോൾ ക്യാപ്സ് ഓഹരികളെയും ഉയർത്താൻ കഴിയും; എന്നാൽ ഈ വിഭാഗങ്ങളിലെ മൂല്യനിര്‍ണയും അത്ര സുഖകരമല്ല." വിജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.