13 March 2023 5:45 AM GMT
Summary
10.55 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 98.64 പോയിന്റ് നേട്ടത്തിൽ 59,233.77 ലും , നിഫ്റ്റി 29.05 പോയിന്റ് ലാഭത്തിൽ 17,441.95 ലുമാണ് വ്യാപാരം ചെയുന്നത്.
ആഴ്ചയുടെ ആരംഭത്തിൽ മികച്ച തുടക്കം കുറിച്ച് സൂചികകൾ. ആഗോള വിപണികളിലെ സമ്മിശ്രമായ പ്രവണതയും, നിക്ഷേപകരുടെ ശുഭകരമായ സമീപനവുമാണ് വിപണിയിൽ പ്രതിഫലിക്കുന്നത്.
പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 344.92 പോയിന്റ് വർധിച്ച് 59,480.05 ലും , നിഫ്റ്റി 108.05 പോയിന്റ് ഉയർന്ന് 17,520.95 ലുമെത്തി. സെൻസെക്സിൽ 20 ഓഹരികളും നേട്ടത്തിലാണ് വ്യപാരം ചെയുന്നത്.
10.55 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 98.64 പോയിന്റ് നേട്ടത്തിൽ 59,233.77 ലും , നിഫ്റ്റി 29.05 പോയിന്റ് ലാഭത്തിൽ 17,441.95 ലുമാണ് വ്യാപാരം ചെയുന്നത്.
തുടർച്ചയായി രണ്ടു ദിവസത്തെ നഷ്ടത്തിന് ശേഷമാണ് വിപണിയിൽ മുന്നേറ്റമുണ്ടാകുന്നത്.
യു എസിലെ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും, ജനുവരി മാസത്തിലുണ്ടായ വ്യാവസായിക ഉത്പാദന വളർച്ച നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്. ഒപ്പം യു എസ് ഫെഡ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട കർശന നടപടിയിൽ അല്പം മായം വരുത്തിയേക്കാമെന്ന പ്രതീക്ഷകളും നില നിൽക്കുന്നുണ്ട്.
ജനുവരിയിലെ വ്യാവസായിക ഉത്പാദനം 5.2 ശതമാനം വർധിച്ചുവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കി.
ഇന്ന്, ഭൂരിഭാഗം ഏഷ്യൻ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം ചെയുന്നത്. സിലിക്കൺ വാലി ബാങ്ക് പ്രതിസന്ധി മൂലം യു എസ്, യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്.
വെള്ളിയാഴ്ച സെൻസെക്സ് 671.15 പോയിന്റ് തകർന്ന് 59135.13 ലും നിഫ്റ്റി 176 .70 പോയിന്റ് കുറഞ്ഞ് 17412.90 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.
സിലിക്കൺ വാലി ബാങ്ക് പ്രതിസന്ധി വിപണികളിൽ ദീഘകാലത്തേക്ക് പിടിച്ചുലക്കാൻ സാധ്യതയില്ലെന്ന് ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ അഭിപ്രായപ്പെട്ടു.
എസ് വി ബി പ്രതിസന്ധിയുടെ മൂല കാരണം ഫെഡിന്റെ കർശനമായ നിരക്ക് വർധനയാണ് എന്നതിനാൽ, ഫെഡ് ഇക്കാര്യം കാര്യമായി പരിഗണിക്കുമെന്നത് ശുഭകരമായ സാധ്യതയാണെന്നു അദ്ദേഹം കൂടി ചേർത്തു.
"നാളെ വരാനിരിക്കുന്ന സി.പി.ഐ. പണപ്പെരുപ്പ കണക്കുകളിൽ പണപ്പെരുപ്പം കുറയുന്ന പ്രവണതയാണ് സൂചിപ്പിക്കുന്നതെങ്കിൽ മാർച്ച് 22 ലെ യു എസ് ഫെഡ് യോഗത്തിൽ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിക്കാൻ സാധ്യതയില്ല. അത് വിപണിക്ക് അനുകൂലമാകും," വിജയ കുമാർ പറഞ്ഞു.
വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 2,061.47 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.