20 Aug 2022 8:41 AM GMT
Summary
ഡോളർ സൂചികയിൽ പൊടുന്നനെയുണ്ടായ ഉയർച്ച വെള്ളിയാഴ്ച ഓഹരി വിപണിയിൽ വൻ തോതിലുള്ള ലാഭമെടുപ്പിന് കാരണമായി. ആഴ്ചയുടെ അവസാന ദിവസത്തെ ഇടിവ് ആഴ്ചയിലുടനീളം ഉണ്ടാക്കിയ നേട്ടത്തെ ഇല്ലാതാക്കി. കഴിഞ്ഞയാഴ്ച സെൻസെക്സ് 0.31 ശതമാനവും, നിഫ്റ്റി 0.34 ശതമാനവും മാത്രമാണ് നേട്ടമുണ്ടാക്കിയത്. എന്നാലും, ഇത് തുടർച്ചയായ നേട്ടത്തിന്റെ അഞ്ചാമത്തെ ആഴ്ചയാണ്. ആറു പ്രധാന വിദേശ കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ മൂല്യമളക്കുന്ന സൂചിക 2.34 ശതമാനം ഉയർന്നു. ഇത് ഒരു മാസത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ വർധനവാണെന്നും വരും ദിവസങ്ങളിൽ ഇനിയും […]
ഡോളർ സൂചികയിൽ പൊടുന്നനെയുണ്ടായ ഉയർച്ച വെള്ളിയാഴ്ച ഓഹരി വിപണിയിൽ വൻ തോതിലുള്ള ലാഭമെടുപ്പിന് കാരണമായി. ആഴ്ചയുടെ അവസാന ദിവസത്തെ ഇടിവ് ആഴ്ചയിലുടനീളം ഉണ്ടാക്കിയ നേട്ടത്തെ ഇല്ലാതാക്കി.
കഴിഞ്ഞയാഴ്ച സെൻസെക്സ് 0.31 ശതമാനവും, നിഫ്റ്റി 0.34 ശതമാനവും മാത്രമാണ് നേട്ടമുണ്ടാക്കിയത്. എന്നാലും, ഇത് തുടർച്ചയായ നേട്ടത്തിന്റെ അഞ്ചാമത്തെ ആഴ്ചയാണ്.
ആറു പ്രധാന വിദേശ കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ മൂല്യമളക്കുന്ന സൂചിക 2.34 ശതമാനം ഉയർന്നു. ഇത് ഒരു മാസത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ വർധനവാണെന്നും വരും ദിവസങ്ങളിൽ ഇനിയും ഇത് തുടരുമെന്നും ഫോറെക്സ് വിദഗ്ദർ പ്രവചിച്ചു. യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗിന്റെ പുറത്തുവന്ന മിനിട്സിൽ, ഭാവിയിൽ ഉയർന്ന തോതിലുള്ള നിരക്ക് വർദ്ധനവ് നിർദേശിച്ചതിനു പിന്നാലെയാണ് ഡോളറിന്റെ മൂല്യമുയർന്നത്.
ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് വിദേശ നിക്ഷേപകരുടെ ഓഹരി വാങ്ങലിനെ സാരമായി ബാധിച്ചു. രൂപയുടെ മൂല്യത്തകർച്ച അവർ ഇന്ത്യൻ വിപണിയിൽ നിന്നുണ്ടാക്കുന്ന ലാഭം കുറയ്ക്കുമെന്നതാണ് ഇതിനു കാരണം.
എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസിലെ അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഇന്ത്യൻ രൂപ, തായ് ബഹ്‌റ്റ്, ചൈനീസ് യുവൻ, സൗത്ത് കൊറിയൻ വൺ എന്നീ വളരുന്ന വിപണികളിലെ കറൻസികൾ ഡോളറിനെതിരെ ഈ വർഷം ആദ്യം മുതൽ 5 തൊട്ട് 9 ശതമാനം വരെ ഇടിഞ്ഞു. ഇതേ കാലയളവിൽ ഈസ്റ്റേൺ യൂറോപ്യൻ മേഖലയിലെ തുർക്കി, അർജന്റീന, ഈജിപ്ത് എന്നീ വിപണികളിലെ കറൻസികൾ 15-25 ശതമാനം വരെ ഇടിഞ്ഞു.
വെള്ളിയാഴ്ച ഇന്ത്യൻ രൂപ വീണ്ടുമിടിഞ്ഞ് നിർണായക നിലയായ 80 നോടടുത്തെത്തി. ഓഹരി വിപണി ജൂണിലെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്നും 18 ശതമാനം ഉയർന്നെങ്കിലും, ഏതെങ്കിലും തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ ഉയർച്ചയുടെ ഘട്ടത്തിൽ ലാഭമെടുപ്പിനു കാരണമാകുമെന്ന് വിദഗ്ധർ പറഞ്ഞു. പല ഓഹരികളുടേയും വില ഇപ്പോൾ സാധാരണയിലധികം ഉയർന്നു നിൽക്കുകയാണ്.
ഭൂരിഭാഗം മേഖലകളും മികച്ച മുന്നേറ്റമാണ് കഴിഞ്ഞ ആഴ്ചയിൽ ഉണ്ടാക്കിയത്. നിഫ്റ്റി റിയൽറ്റി ഇൻഡക്സ് 3.58 ശതമാനം വർധിച്ചു. നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾ, നിഫ്റ്റി മെറ്റൽ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് എന്നീ സൂചികകൾ യഥാക്രമം 2.53 ശതമാനം, 2.14 ശതമാനം, 2.32 ശതമാനം വർധിച്ചു. നിഫ്റ്റി ഓട്ടോ സൂചിക മാറ്റമില്ലാതെ അവസാനിച്ചപ്പോൾ, നിഫ്റ്റി ഫാർമ ഒരു ശതമാനത്തോളം നഷ്ടം നേരിട്ടു.
സെൻസെക്സിൽ, എൽആൻഡ് ടി 4.98 ശതമാനം ഉയർന്നപ്പോൾ, ടെക് മഹീന്ദ്ര, ബജാജ് ഫിൻസേർവ്, ഭാരതി എയർടെൽ എന്നിവ 3 ശതമാനം വീതം വർധിച്ചു.