29 Nov 2022 5:01 AM GMT
ഡെല്‍ഹി:നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ പലിശ നിരക്ക് 190 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചതിന്റെ ആഘാതം ഇന്ത്യയെ ബാധിച്ചു തുടങ്ങിയിട്ടുണ്ടെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). വരാനിരിക്കുന്ന പണനയ അവലോകനത്തില്‍ ആര്‍ബിഐ കര്‍ശന പണനയ നിലപാട് മയപ്പെടുത്താണമെന്നാണ് ആവശ്യമെന്നും സിഐഐ വ്യക്തമാക്കുന്നു.
2023 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ 2000 ഓളം കമ്പനികളുടെ ഫലങ്ങളെക്കുറിച്ച് സിഐഐ നടത്തിയ വിശകലനത്തില്‍, മുന്‍ നിരയിലും, താഴ്ന്ന നിരയിലുമുള്ള കമ്പനികളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. അതിനാല്‍, കര്‍ശന പണനയ നിലപാടുകളില്‍ അയവു വരുത്തേണ്ടതുണ്ട്. ആഭ്യന്തര ഡിമാന്‍ഡ് തിരിച്ചുവരവിൻറെ പാതയിലാണ്. എന്നാല്‍, ആഗോള തലത്തിലുള്ള പ്രതിസന്ധികള്‍ ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളെ ബാധിക്കാന്‍ ഇടയുണ്ട്. അതിനാല്‍, മുന്‍പത്തെ പണനയ അവലോകനങ്ങളില്‍ നടപ്പിലാക്കിയ 50 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തലില്‍ നിന്നും അല്‍പ്പം കുറവ് വരുന്ന അവലോകന യോഗത്തിൽ വരുത്താമെന്നും സിഐഐ അഭിപ്രായപ്പെടുന്നു.
ഇതുവരെ നടത്തിയ 190 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തല്‍ കോര്‍പറേറ്റ് മേഖലയെ മോശമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ആര്‍ബിഐയുടെ പണപ്പെരുപ്പ സഹന പരിധി ആറ് ശതമാനമാണ്. ഒക്ടോബറിലും പണപ്പെരുപ്പം ആറ് ശതമാനത്തിനു മുകളില്‍ തന്നെ തുടരുകയാണ്. അതിനാല്‍, പലിശ നിരക്കുയര്‍ത്തല്‍ 25-35 ബേസിസ് പോയിന്റായി പരിഗണിക്കാം. വായ്പയും-നിക്ഷേപവും തമ്മില്‍ വലിയ അന്തരമാണ് രാജ്യത്തുള്ളത്. നിരക്ക് വര്‍ധന നിക്ഷേപകര്‍ക്ക് പ്രോത്സാഹനം നല്‍കുകയും, അത് ഈ അന്തരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ), എന്‍ആര്‍ഐ വരുമാനത്തിന്റെ വരവ്, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം എന്നിവയെല്ലാം ഇന്ത്യയെ സംബന്ധിച്ച് പ്രധാന്യമുള്ളതാണെന്നും സിഐഐ അഭിപ്രായപ്പെട്ടു.