ടോപ്പിംഗില്‍ ചീസ് കുറച്ചു കൂടിയുണ്ടാരുന്നേല്‍ പിസ അടിപൊളിയായേനെ എന്നു പറയുന്നതിനു മുമ്പേ, 'ടോപ്പിംഗിന'നുസരിച്ച് പോക്കറ്റ് കാലിയാകും എന്നു കൂടി...
ടോപ്പിംഗില്‍ ചീസ് കുറച്ചു കൂടിയുണ്ടാരുന്നേല്‍ പിസ അടിപൊളിയായേനെ എന്നു പറയുന്നതിനു മുമ്പേ, 'ടോപ്പിംഗിന'നുസരിച്ച് പോക്കറ്റ് കാലിയാകും എന്നു കൂടി ഓര്‍ത്താല്‍ നല്ലത്. ടോപ്പിംഗുകള്‍ തയ്യാറാക്കുന്നത് വ്യത്യസ്തമായാണെന്നും അതിനാല്‍ ടോപ്പിംഗുകള്‍ക്ക് 18 ശതമാനം വരെ ജിഎസ്ടി ഈടാക്കണമെന്നുമാണ് പുതിയ പുതിയ ഉത്തരവ്. സണ്ണി സൈഡ് അപ് പിസ, ചീസ് കാല്‍സോണ്‍ പിസ, ചിക്കാഗോ സ്റ്റൈല്‍ പിസ, പെസ്റ്റോ പിസ, മെക്സിക്കന്‍ പിസ തുടങ്ങിയവാണ് ടോപ്പിംഗുകളിൽ മുൻനിരയിലുള്ളവ.
ആദായ വകുപ്പിന്റെ കീഴില്‍ വരുന്ന ഹരിയാന അപ്പലേറ്റ് അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിംഗ് (എഎഎആര്‍) ആണ് ഉത്തരവ് പുറപ്പെടുവിച്ചത്്. പൊതുവെ പിസ ടോപ്പിംഗുകളെ ചീസ് ടോപ്പിംഗുകള്‍ എന്നാണ് പറയാറ്. പിസയെ വ്യത്യസ്തമാക്കുന്നത് അതിന്റെ ടോപ്പിംഗുകളാണ്. ഓരോ ടോപ്പിംഗും തയ്യാറാക്കുന്നത് വ്യത്യസ്ത രീതിയിലാണെന്നും മാര്‍ച്ച് 10 ലെ വിധിയില്‍ എഎഎആര്‍ വ്യക്തമാക്കുന്നു. ടോപ്പിംഗുകളിലെ പ്രധാനപ്പെട്ട ഭാഗം കയ്യടക്കുന്നത് വെജിറ്റബള്‍ ഫാറ്റാണ്. അത് ടോപ്പിംഗ് ചേരുവകളുടെ 22 ശതമാനത്തോളം വരും. ഇതിനെ സംസ്‌കരിച്ച് ചീസ് (പ്രോസസ്ഡ് ചീസ്) എന്നോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ചീസെന്നോ പറയാന്‍ പറ്റില്ല. പിസ ടോപ്പിംഗുകള്‍ 'ഭക്ഷണം തയ്യാറാക്കല്‍' എന്ന പ്രക്രിയയില്‍പെടുന്നതാണെന്നും ഉത്തരവില്‍ പറഞ്ഞു.
എന്തായാലും ഈ വിധി പിസ വില്‍പ്പനക്കാരെ ആകെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. നിലവില്‍ മൂന്ന് തരം ജിഎസ്ടിയുണ്ട് പിസയ്ക്ക്. റെസ്റ്റൊറന്റുകളില്‍ ഇരുന്ന് കഴിക്കുന്ന പിസയ്ക്ക് അഞ്ച് ശതമാനമാണ് ജിഎസ്ടി. വാങ്ങിക്കൊണ്ടു പോകുകയാണെങ്കില്‍ അതിന് 12 ശതമാനം നല്‍കണം. ഇനി, വീടുകളില്‍ എത്തിച്ചു നല്‍കുന്നതാണെങ്കില്‍ ജിഎസ്ടി 18 ശതമാനമാകും. അതിനൊപ്പമാണ് ടോപ്പിംഗുകള്‍ക്കുള്ള ജിഎസ്ടി. എന്തായാലും പിസ പ്രേമികളുടെ പോക്കറ്റിനെയും ഈ തീരുമാനം കാര്യമായി തന്നെ ബാധിക്കാനാണ് സാധ്യത.