ഡെല്‍ഹി : കേന്ദ്ര ബജറ്റിലെ പ്രഖ്യാപനമനുസരിച്ച് ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി...
ഡെല്‍ഹി : കേന്ദ്ര ബജറ്റിലെ പ്രഖ്യാപനമനുസരിച്ച് ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഈടാക്കാനുള്ള തീരുമാനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നിരിക്കേ, വിഷയത്തില്‍ നിക്ഷേപകര്‍ക്കും ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ക്കും ഇടയിലുള്ള ആശയക്കുഴപ്പം അവസാനിക്കുന്നില്ല. ആഗോള തലത്തില്‍ ശ്രദ്ധ നേടിയ ക്രിപ്‌റ്റോ കറന്‍സിയ്ക്ക് മേല്‍ എപ്രകാരമായിരിക്കും നികുതി ബാധകമാവുക എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരം നല്‍കുവാന്‍ ക്രിപ്‌റ്റോ നിക്ഷേപ വിദഗ്ധര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. ഇതിനു പുറമേയാണ് ജിഎസ്ടി കൂടി ഏര്‍പ്പെടുത്താനുള്ള നീക്കവും ആശയക്കുഴപ്പത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നത്.
നികുതി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കുകളില്‍ നിന്നും ക്രിപ്റ്റോ ഏക്സ്ചേഞ്ചുകളില്‍ നിന്നും ഇടപാടുകള്‍ സംബന്ധിച്ച വാര്‍ഷിക ഇന്‍ഫർമേഷന്‍ സ്റ്റേറ്റ്മെന്റ് (എഐഎസ്) കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും എന്ന സൂചനയും ഏതാനും ദിവസം മുന്‍പ് പുറത്ത് വന്നിരുന്നു. ഇതിന് പുറമേയാണ് ശമ്പളം ക്രിപ്റ്റോ കറന്‍സിയായി വാങ്ങുന്നവര്‍ക്കിടയിലും ആശങ്ക പെരുകുന്നത്.
വിദേശരാജ്യങ്ങള്‍ക്കായി കരാര്‍ ജോലി ചെയ്യുന്ന ആളുകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ക്രിപ്റ്റോ കറന്‍സിയില്‍ പ്രതിഫലം നല്‍കുന്നുവെന്ന റിപ്പോര്‍ട്ട് അടത്തിടെ വന്നിരുന്നു. അതായത് ഒരാള്‍ക്ക് 75 ലക്ഷം രൂപയാണ് പ്രതിഫലമെങ്കില്‍ അത് അതേ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സിയായി നല്‍കുന്ന കമ്പനികളുമുണ്ട്. ഇത്തരത്തില്‍ നടക്കുന്ന ഇടപാടുകള്‍ക്ക് മേല്‍ ജിഎസ്ടി ഈടാക്കുന്നത് 'സേവനം' എന്ന നിലയിലാണോ 'ചരക്ക് കൈമാറ്റം' എന്ന നിലയിലാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. അഥവാ നികുതി ഈടാക്കിയാല്‍ അത് ഇടപാട് മൂല്യത്തിന്റെ എത്രത്തോളം വരും എന്നതിലും അവ്യക്തത തുടരുകയാണ്.
ചരക്ക് സേവന നികുതി (ജിഎസ്ടി) വെട്ടിപ്പ് നടത്തിയതിന് രാജ്യത്തെ 11 ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് 95.86 കോടി രൂപ കണ്ടുകെട്ടിയെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ അറിയിപ്പിന് പിന്നാലെ ഇനിയും പല ക്രിപ്റ്റോ എക്സ്ചേഞ്ചുകള്‍ക്കും പിടി വീഴുമെന്ന് സൂചന കഴിഞ്ഞ ദിവസം വന്നിരുന്നു. 81.54 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തുകയും 95.86 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു.