image

20 Dec 2022 6:49 AM GMT

Telecom

ലോകകപ്പ് ആപ്പിലാക്കി വിറ്റ് ജിയോ, ഫുട്‌ബോള്‍ കച്ചവടം അംബാനി പൊടിപൊടിച്ചു

MyFin Desk

jio cinema and football world cup
X

Summary

  • ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാതിരുന്നിട്ടും ഇത്രയധികം വ്യൂവര്‍ഷിപ്പ് ലഭിച്ചത് ശ്രദ്ധേയമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.


മുംബൈ: ആഗോള ഫുട്‌ബോള്‍ ചരിത്രത്തില്‍ നാഴികകല്ലായി മാറിയ 2022 ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങുമ്പോള്‍ റെക്കോര്‍ഡുകളുടെ ഒഴുക്ക് തന്നെയാണ് നടക്കുന്നത്. കായിക ലോകത്ത് മാത്രമല്ല ടെലിവിഷന്‍ ചരിത്രത്തിലും തങ്കലിപികളില്‍ എഴുതാവുന്ന നേട്ടം സ്വന്തമാക്കിയെന്ന് വ്യക്തമാക്കുകയാണ് റിയലന്‍സ് ജിയോ. ജിയോയുടെ ജിയോ സിനിമാ പ്ലാറ്റ്‌ഫോം വഴി സൗജന്യമായി ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിന് അവസരം ഒരുക്കിയിരുന്നു.

ഇതോടെ ജിയോ സിനിമാ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണം വര്‍ധിച്ചതിനൊപ്പം രാജ്യത്തെ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് കണക്കുകളേയും ജിയോ കടത്തിവെട്ടിയിരിക്കുകയാണ്. ഡിസംബര്‍ 18ന് അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ നടന്ന മത്സരം കാണാന്‍ മാത്രം 1.1 കോടി സ്ഥിര ഉപഭോക്താക്കള്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയെന്ന് ജിയോ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാതിരുന്നിട്ടും ഇത്രയധികം വ്യൂവര്‍ഷിപ്പ് ലഭിച്ചത് ശ്രദ്ധേയമാണെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. മത്സരം ആരംഭിച്ച നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഏകദേശം 10 കോടി ആളുകള്‍ ജിയോ സിനിമാ പ്ലാറ്റ്‌ഫോം സന്ദര്‍ശിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതുവരെയുള്ള കണക്കുകള്‍ നോക്കിയാല്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലുമായി ജിയോ സിനിമ ആപ്പിന് 110 കോടി ഡൗണ്‍ലോഡുകളാണ് ലഭിച്ചത്.

ഓരോ മത്സരത്തിനും കുറഞ്ഞ വാച്ച് ടൈം (ആളുകള്‍ മത്സരം കണ്ട ശരാശരി സമയദൈര്‍ഘ്യം) 30 മിനിട്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആകെ കണക്കുകള്‍ നോക്കിയാല്‍ ഫൈനല്‍ മത്സരം കാണാന്‍ 3.2 കോടി ആളുകള്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയെന്നും കമ്പനി ഇറക്കിയ ഡിജിറ്റല്‍ ഡാറ്റ കണക്കുകളിലുണ്ട്.

കമ്പനിയുടെ പരസ്യ വരുമാനവും ഇക്കാലയളവില്‍ വന്‍ തോതില്‍ വര്‍ധിച്ചിരുന്നു. ഇ-കൊമേഴ്‌സ്, ബാങ്കിംഗ്, ഓട്ടോമൊബൈല്‍, ഫാഷന്‍, ഫിന്‍ടെക്ക് തുടങ്ങി 50ല്‍ അധികം ബ്രാന്‍ഡുകളുടെ പരസ്യമാണ് ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് വിവിധ പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിച്ചത്.

കഴിഞ്ഞ 25 വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഏറ്റവുമധികം സെര്‍ച്ച് വന്ന വര്‍ഷം ഇതായിരുന്നുവെന്നും, 'ഫിഫ വേള്‍ഡ് കപ്പ്' എന്നാണ് നല്ലൊരു വിഭാഗം ആളുകളും ഗൂഗിളില്‍ തിരഞ്ഞതെന്നും സുന്ദര്‍ പിച്ചൈ ട്വിറ്റര്‍ വഴി അറിയിച്ചു. ഫ്രാന്‍സ് ഗോള്‍ അടിച്ച സമയത്ത് സെക്ക്ന്റില്‍ 24,400 ട്വീറ്റാണ് വന്നതെന്ന് ട്വിറ്റര്‍ മേധാവി എലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.