image

9 Jun 2023 11:53 AM GMT

Industries

കേരള തുറമുഖങ്ങള്‍ വഴിയുള്ള പാമോയില്‍ ഇറക്കുമതി അനിശ്ചിതത്വത്തില്‍

MyFin Desk

palm oil imports through kerala ports uncertain
X

Summary

  • നിരോധനം വന്ന് 16 വര്‍ഷമായിട്ടും നാളികേര വില കൂടിയില്ല
  • 2007 ലെ നിരോധനം പാമോയിൽ വില വർദ്ധനവിന് ഇടയാക്കി
  • നിരോധനം വന്നതോടെ നേട്ടമുണ്ടാക്കുന്നത് മംഗലാപുരം


സംസ്ഥാനത്തെ തുറമുഖങ്ങള്‍ വഴി പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുന്നത് അനിശ്ചിതത്വത്തില്‍. നാളികേര കര്‍ഷകരെ രക്ഷിക്കാനെന്ന പേരിലായിരുന്നു 2007ല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് പാമോയിലിന്റെ വിലവര്‍ധനവിന് ഇടയാക്കുകയാണുണ്ടായത്.

നാളികേര വില അതിനു ശേഷവും തകര്‍ച്ച നേരിടുകയാണ്. നിരോധനം സംസ്ഥാനത്തെ തുറമുഖങ്ങളുടെ വരുമാനം കുറയ്ക്കുകയാണ് ചെയ്തതെന്നു ചൂണ്ടിക്കാട്ടി കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ സംസ്ഥാന സര്‍ക്കാരിനും കൃഷി-വ്യവസായ വകുപ്പിനും നിവേദനം നല്‍കിയിരുന്നു. ഈ ഫയല്‍ വിവിധ വകുപ്പുകളില്‍ കയറിയിറങ്ങി നിലവില്‍ കൃഷി ഡയരക്ടറുടെ മേശയിലാണ്. നാളികേര കര്‍ഷകരുടെ പ്രതിഷേധത്തിനിടയാക്കുന്നതിനാല്‍ ഇടതുമുന്നണിയുടെ അംഗീകാരം ലഭിച്ച ശേഷം കേന്ദ്രത്തെ സമീപിച്ചാലേ നിരോധനം നീങ്ങൂ.

നിലവില്‍ മംഗലാപുരം, തൂത്തുക്കുടി തുറമുഖങ്ങളില്‍ ഇറക്കി റോഡ് മാര്‍ഗമാണ് പാമോയില്‍ സംസ്ഥാനത്തെത്തിക്കുന്നത്. ഇത് കേരളത്തിലെ തുറമുഖങ്ങളില്‍ നിന്നായിരുന്നെങ്കില്‍ ലിറ്ററിന് 25 രൂപയെങ്കിലും വില കുറയും. വെളിച്ചെണ്ണ ലിറ്ററിന് 135 രൂപയും പാമോയിലിന് 110 രൂപയുമാണ് വിപണി വില.

വിദേശത്തുനിന്നു വരുന്ന പാമോയില്‍ ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ നേരിട്ട് ഇറക്കിയാല്‍ കേരളത്തിലെ തുറമുഖങ്ങള്‍ സജീവമാവുകയും സംസ്ഥാന സര്‍ക്കാരിന് ഈ വകയില്‍ വരുമാനവും കസ്റ്റംസിന് ഇറക്കുമതി തീരുവയും ലഭിക്കും. കൂടുതല്‍ തൊഴില്‍ സാധ്യതയുമുണ്ടാകും. ടാങ്കര്‍ ലോറികള്‍ മൂലമുണ്ടാകുന്ന റോഡുകളിലെ ഗതാഗത തടസം, മലിനീകരണം എന്നിവ കുറയുന്നതിനാല്‍ കേരളത്തിലെ പോര്‍ട്ടുകളില്‍ പാം ഓയില്‍ ഇറക്കാനുള്ള തടസം നീക്കാന്‍ കേന്ദ്രത്തിന് മേല്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്ന് കേരള എക്സ്പോര്‍ട്ടേഴ്സ് ഫോറം സെക്രട്ടറി മുന്‍ഷീദ് അലി പറയുന്നു. കേരള തുറമുഖങ്ങളില്‍ പാമോയില്‍ ഇറക്കുന്നതിനു നിരോധനം വന്നതോടെ ഇതു മുതലെടുത്ത് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് മംഗലാപുരമാണ്.

ഡയരക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്സ്(ഡി.ജി.എഫ്.ടി) ആണ് സംസ്ഥാനത്തെ തുറമുഖങ്ങള്‍ വഴിയുള്ള പാമോയില്‍ ഇറക്കുമതിക്കുള്ള നിരോധനം നീട്ടാന്‍ തീരുമാനിച്ചത്. 2007ല്‍ ഏര്‍പ്പെടുത്തിയ നിരോധനം കഴിഞ്ഞ ഡിസംബര്‍ 31ഓടെ അവസാനിക്കേണ്ടതായിരുന്നു. നാളികേര വികസന ബോര്‍ഡിന്റെയും കര്‍ഷക സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ചാണ് ഇത് വീണ്ടും നീട്ടിയത്. ഇന്തോനേഷ്യയില്‍ നിന്നാണ് പ്രധാനമായും സംസ്ഥാനത്തേക്ക് പാമോയില്‍ വരുന്നത്.

ഏതാനും വര്‍ഷമായി സംസ്ഥാനത്തെ ആഭ്യന്തര വെളിച്ചെണ്ണ ഉപഭോഗം മൂന്നുലക്ഷം ടണ്ണായിരുന്നു. 2021-22ല്‍ നാളികേര ഉല്‍പ്പാദനം 5.56 ലക്ഷം ടണ്ണായെങ്കിലും ഉപഭോഗനിരക്കില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. പാമോയില്‍ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തുന്നതിനു പകരം വെളിച്ചെണ്ണക്ക് വിപണിയില്‍ കൂടുതല്‍ സ്വീകാര്യത കണ്ടെത്തുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ സസ്യ എണ്ണ ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും പാമോയിലാണ്. പാം ഓയില്‍ ഇറക്കുമതി മെയ് മാസത്തില്‍ 27 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിട്ടുണ്ട്. സോയ ഓയില്‍, സണ്‍ഫല്‍വര്‍ ഓയില്‍ എന്നിവയിലേക്ക് ഉപഭോക്താക്കള്‍ തിരിഞ്ഞതോടെയാണ് പാം ഓയില്‍ ഇറക്കുമതിയില്‍ ഇടിവ് വന്നത്. സണ്‍ഫല്‍വര്‍ ഓയില്‍, സോയഓയില്‍ ഇറക്കുമതിക്ക് ഈമാസം അവസാനം വരെ കേന്ദ്രം നികുതിയിളവ് അനുവദിച്ചിട്ടുണ്ട്.