22 Nov 2023 10:50 AM GMT
Summary
- കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡ് (ടികെഎം) ഇന്ത്യയില്‍ 3,300 കോടി രൂപയുടെ പുതിയ നിക്ഷേപം നടത്തുന്നു. ലോകത്തില്‍ അതിവേഗം വളരുന്ന ഓട്ടോമൊബൈല്‍ വിപണികളിലൊന്നായ ഇന്ത്യയില്‍ കമ്പനിയുടെ അടുത്ത ഘട്ട വളര്‍ച്ചയ്ക്കായി പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനാണ് പുതിയ നിക്ഷേപം. രാജദ്യത്തെ കമ്പനിയുടെ മൂന്നാമത്തെ പ്ലാന്റാണിത്.
2026ഓടെ ബെംഗളൂരുവിനടുത്തുള്ള ബിദാദിയില്‍ പ്രതിവര്‍ഷം ഒരു ലക്ഷം യൂണിറ്റ് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി കമ്പനി ധാരണാപത്രം (എംഒയു) ഒപ്പുവച്ചിട്ടുണ്ട്. 25 വര്‍ഷത്തിനിടെ ടികെഎം ഗ്രൂപ്പ് കമ്പനികള്‍ ഇന്ത്യയില്‍ 16,000 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്.
പ്രാരംഭ ഘട്ടത്തില്‍, പൂര്‍ണമായും അന്താരാഷ്ട്ര ഫണ്ട് സ്രോതസ് ലഭിക്കുന്ന പ്ലാന്റ് രണ്ട് ഷിഫ്റ്റുകളിലായിട്ടായിരിക്കും പ്രവര്‍ത്തിക്കുക. പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ 2,000 ജീവനക്കാര്‍ക്ക് തൊഴില്‍ ലഭിക്കും. നിലവില്‍ പ്രതിവര്‍ഷം 3,42,000 യൂണിറ്റ് ഉല്‍പ്പാദന ശേഷിയുള്ള രണ്ട് പ്ലാന്റുകള്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. 11,500 ജീവനക്കാരാണ് ഇവയിലുള്ളത്.
ഇന്ത്യന്‍ വിപണി എല്ലായ്‌പ്പോഴും ഞങ്ങള്‍ക്ക് വലിയ പ്രാധാന്യമുള്ളതാണ്. ഇന്ത്യയിലെ ഈ പുതിയ നിക്ഷേപത്തിലൂടെ, ലോകമെമ്പാടുമുള്ള ആളുകള്‍ക്കായി സുസ്ഥിര മൊബിലിറ്റി സൊല്യൂഷനുകള്‍ സൃഷ്ടിച്ചുകൊണ്ട് കൂടുതല്‍ വാഗ്ദാനപ്രദമായ ഭാവിക്കായുള്ള ഞങ്ങളുടെ ആഗോള കാഴ്ചപ്പാടില്‍ ടികെഎമ്മിന്റെ പങ്ക് കൂടുതല്‍ ഉയര്‍ത്തുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,'' ഏഷ്യാ റീജിയന്‍ സിഇഒ മസാഹിക്കോ മയേദ പറഞ്ഞു.
'ഭാവിയില്‍ തയ്യാറെടുക്കുന്ന ഒരു മൊബിലിറ്റി കമ്പനി എന്ന നിലയില്‍, പുതിയ പ്ലാന്റ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും നൂതനമായ ശുദ്ധമായ സാങ്കേതികവിദ്യകള്‍ വിപുലീകരിക്കുന്നതിലും നല്ല സംഭാവന നല്‍കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,'ടികെഎം എംഡിയും സിഇഒയുമായ മസകാസു യോഷിമുറ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട് ടികെഎം. ഒപ്പം സ്ത്രീകള്‍ക്ക് കൂടുതല്‍ പരിശീലിപ്പിക്കാനും ജോലിക്കെടുക്കാനും കമ്പനി ശ്രദ്ധ ചെലുത്തുന്നുണ്ട്. കാര്‍ബണ്‍ പുറന്തള്ളല്‍ ലഘൂകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു.