image

6 July 2022 10:05 AM GMT

Banking

വിദേശ നിക്ഷേപം: മാനദണ്ഡങ്ങള്‍ ഉദാരവത്ക്കരിക്കാന്‍ ആര്‍ബിഐ

MyFin Desk

വിദേശ നിക്ഷേപം: മാനദണ്ഡങ്ങള്‍ ഉദാരവത്ക്കരിക്കാന്‍ ആര്‍ബിഐ
X

Summary

ഡെല്‍ഹി: വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉദാരവത്ക്കരിക്കാനുള്ള നീക്കവുമായി ആര്‍ബിഐ. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിനാല്‍ ഇത് പരിഹരിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം. വിദേശ നിക്ഷേപങ്ങള്‍ എത്തിക്കുന്നതു വഴി വിപണിയിലെ ചാഞ്ചാട്ടത്തെ വരുതിയിലാക്കുവാനും, ആഗോള പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രതിസന്ധിയില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനും സാധിക്കും. പണപ്പെരുപ്പം ശക്തമായി തുടരുന്നതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വലിയ തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നുണ്ട്. മാത്രമല്ല നിക്ഷേപകരില്‍ നല്ലൊരു വിഭാഗവും ഡോളറിനെയാണ് സുരക്ഷിത നിക്ഷേപമായി […]


ഡെല്‍ഹി: വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉദാരവത്ക്കരിക്കാനുള്ള നീക്കവുമായി ആര്‍ബിഐ. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിനാല്‍ ഇത് പരിഹരിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം. വിദേശ നിക്ഷേപങ്ങള്‍ എത്തിക്കുന്നതു വഴി വിപണിയിലെ ചാഞ്ചാട്ടത്തെ വരുതിയിലാക്കുവാനും, ആഗോള പണപ്പെരുപ്പം ഉള്‍പ്പടെയുള്ള പ്രതിസന്ധിയില്‍ നിന്നും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനും സാധിക്കും.

പണപ്പെരുപ്പം ശക്തമായി തുടരുന്നതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വലിയ തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നുണ്ട്. മാത്രമല്ല നിക്ഷേപകരില്‍ നല്ലൊരു വിഭാഗവും ഡോളറിനെയാണ് സുരക്ഷിത നിക്ഷേപമായി കാണുന്നത്. അതിനാല്‍, വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിക്കപ്പെടുന്നതും കറന്‍സിയുടെ മൂല്യമിടിവുമാണ് വളര്‍ന്നുവരുന്ന സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയെന്നും ആര്‍ബിഐ ഇറക്കിയ റിപ്പോര്‍ട്ടിലുണ്ട്.

കൂടുതല്‍ വിദേശ നിക്ഷേപം രാജ്യത്തേക്ക് എത്തിക്കുന്നതിനായി ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍), സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) എന്നിവയിലാണ് ആര്‍ബിഐ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ് ബാങ്ക് ഡെപ്പോസിറ്റ് (എഫ്‌സിഎന്‍ആര്‍), എന്‍ആര്‍ഇ ടേം ഡെപ്പോസിറ്റ്, എന്‍ആര്‍ഇ (റുപ്പീ) ഡെപ്പോസിറ്റ്, നെറ്റ് ഡിമാന്‍ഡ് ആന്‍ഡ് ടൈം ലയബിലിറ്റീസ് (എന്‍ഡിടിഎല്‍) എന്നീ രീതിയിലുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് ഇളവുകൾ ബാധകമാകും. ഒരു വിദേശ കറന്‍സിയില്‍ നിക്ഷേപം കൈവശം വയ്ക്കാന്‍ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഒരു എഫ്‌സിഎന്‍ആര്‍ അക്കൗണ്ട്.

നിലവില്‍, എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങള്‍ യുഎസ് ഡോളര്‍, പൗണ്ട് സ്റ്റെര്‍ലിംഗ്, ജാപ്പനീസ് യെന്‍, യൂറോ, ഓസ്ട്രേലിയന്‍ ഡോളര്‍, കനേഡിയന്‍ ഡോളര്‍ എന്നീ ആറ് കറന്‍സികളിലായി നടത്താം. 2022 നവംബര്‍ 4 വരെ സമാഹരിക്കുന്ന നിക്ഷേപങ്ങള്‍ക്കാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് ബാധകമാകുക. നോണ്‍ റസിഡന്റ് (ഓര്‍ഡിനറി) (എന്‍ആര്‍ഒ) അക്കൗണ്ടുകളില്‍ നിന്ന് എന്‍ആര്‍ഇ അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപങ്ങള്‍ ഇളവിനു യോഗ്യമല്ലെന്ന് ആര്‍ബിഐ അറിയിപ്പിലുണ്ട്.

കൂടാതെ, ജൂലൈ 7 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പലിശ നിരക്കുകളിന്മേല്‍ നിലവിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താതെ പുതിയ എഫ്‌സിഎന്‍ആര്‍ (ബി), എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ സമാഹരിക്കുന്നതിന് ബാങ്കുകള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കാനും ആര്‍ബിഐ തീരുമാനിച്ചു. ഒക്ടോബര്‍ 31 വരെ ഈ ഇളവ് ലഭ്യമാകും.

രൂപ ഇടിവില്‍ തന്നെ

ഒരു ഡോളറിന് 79.37 രൂപ നിലവാരത്തിലാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇത്രയും തകരുന്നത് ആദ്യമായാണ്. ഇന്ന് (ജൂലൈ 6) വ്യാപാരത്തിനിടെ രൂപയുടെ മൂല്യം 79.51ലേക്ക് കൂപ്പുകുത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂപയുടെ മൂല്യം ഇടിയുന്നുണ്ട്. 2022 ജനുവരി 12 ന് ഒരു ഡോളറിന് 73.77 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. എന്നാല്‍ അതിനുശേഷം 5 രൂപയിലധികം ഇടിഞ്ഞ് ഇന്ന് 79.37 ല്‍ എത്തിയിരിക്കുകയാണ്. വിദേശ നിക്ഷേപങ്ങള്‍ പിന്‍വലിയുന്നതും, ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നതും, ഡോളര്‍ സൂചിക ഉയരുന്നതും രൂപയ്ക്ക് തിരിച്ചടിയായി. തിങ്കളാഴ്ച്ച 79.16 ല്‍ ആണ് രൂപയുടെ വിനിമയം നടന്നത്.

രാജ്യത്തി​ന്റെ വ്യാപാരക്കമ്മി കുത്തനെ ഉയരുന്നതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. 2021 ജൂണിനെ അപേക്ഷിച്ച് 62 ശതമാനമാണ് വ്യാപാരക്കമ്മിയിലുള്ള വര്‍ധന. 2022 ജൂണിലെ കണക്കുപ്രകാരം 25.6 ബില്യണ്‍ ഡോളറായാണ് കമ്മി ഉയര്‍ന്നത്. വന്‍തോതില്‍ വിദേശ നിക്ഷേപം രാജ്യത്തുനിന്ന് പുറത്തേയ്ക്കൊഴുകുന്നതിനാല്‍ കനത്ത സമ്മര്‍ദ്ദമാണ് രൂപ നേരിടുന്നത്. നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 2.29 ലക്ഷം കോടി രൂപ രാജ്യത്തെ മൂലധന വിപണിയില്‍നിന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വലിച്ചു കഴിഞ്ഞു.

2022 മൂന്നാം പാദമാകുമ്പോഴേയ്ക്കും ഡോളറിനെതിരെ രൂപയുടെ മൂല്യം 82 ആയി താഴാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. രൂപയുടെ മൂല്യത്തകർച്ച പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ശ്രമം നടത്തുന്നുണ്ടെങ്കിലും കാര്യമായ ഫലം ഉണ്ടാകുന്നില്ല. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കര്‍ശന പണനയവുമായി മുന്നോട്ടു നീങ്ങിയാല്‍ ഡോളര്‍ ഇനിയും കരുത്തു നേടും. ഇത് രൂപയുടെ
കൂടുതൽ മൂല്യത്തകർച്ചയ്ക്ക് കാരണമാകും.