സ്ത്രീ യാത്രകൾ സുരക്ഷിതമാക്കാൻ കേരള സർക്കാറിൻറെ ഉത്തരവാദിത്ത ടൂറിസം പദ്ധതി

കേരളത്തിലെ വര്‍ധിച്ചുവരുന്ന സ്ത്രീ യാത്രകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍  കേരള സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഇതിനായി സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയിലൂടെയാണ് സുരക്ഷയും ശുചിത്വവുമുള്ള സ്ഥലങ്ങള്‍ ഒരുക്കുന്നത്.  സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായാണിത്. വിവിധ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതികളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഭക്ഷണം, യാത്ര, ഗൈഡ്, തുടങ്ങി ഈ പാക്കേജിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് സ്ത്രീകളാണ്. ഉത്തരവാദിത്ത ടൂറിസം […]

Update: 2022-10-28 06:00 GMT

കേരളത്തിലെ വര്‍ധിച്ചുവരുന്ന സ്ത്രീ യാത്രകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേരള സർക്കാർ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഇതിനായി സംസ്ഥാന ടൂറിസം വകുപ്പിന്റെ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിയിലൂടെയാണ് സുരക്ഷയും ശുചിത്വവുമുള്ള സ്ഥലങ്ങള്‍ ഒരുക്കുന്നത്. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായാണിത്. വിവിധ സ്ത്രീ സൗഹൃദ ടൂറിസം പദ്ധതികളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഭക്ഷണം, യാത്ര, ഗൈഡ്, തുടങ്ങി ഈ പാക്കേജിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് സ്ത്രീകളാണ്.

ഉത്തരവാദിത്ത ടൂറിസം പദ്ധതിക്കായി ഏതാണ്ട് ടൂറിസം ബജറ്റിന്റെ പകുതിയോളം നീക്കി വച്ചിട്ടുണ്ട്. വിവിധ ടൂറിസം പ്രവര്‍ത്തനങ്ങളില്‍ സാധാരണക്കാരായ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും കൂടുതല്‍ സ്ത്രീ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുന്നതിനുമുള്ള സമഗ്രമായ ഒന്നായാണ് ഈ സംരംഭം വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത സ്ത്രീകള്‍ക്ക് ടൂർ കോ-ഓര്‍ഡിനേറ്റര്‍മാർ, സ്റ്റോറി ടെല്ലര്‍മാർ, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍മാർ, സഞ്ചാരികള്‍ക്കായി ഓടുന്ന ഓട്ടോ/ടാക്‌സി ഡ്രൈവര്‍മാർ, ഹോംസ്റ്റേ ഓപ്പറേറ്റര്‍മാര്‍ എന്നിങ്ങനെയുള്ള ജോലികള്‍ ചെയ്യുന്നതിനുള്ള പരിശീലനം മിഷന്‍ നല്‍കുന്നതാണ്.

നിലവിലെ സാഹചര്യത്തിൽ, യാത്രകളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ ഉറപ്പാക്കുക പ്രയാസമാണ്. രാത്രി യാത്രകള്‍ സുരക്ഷിതമല്ലാത്ത പോലതന്നെയാണ് താമസ സൗകര്യങ്ങളുയര്‍ത്തുന്ന വെല്ലുവിളിയും. വൃത്തിഹീനമായ പൊതു ശൗചാലയമാണ് മറ്റൊന്ന്. കൂടുതല്‍ ആശ്രയിക്കുന്ന ബസ് കേന്ദ്രങ്ങളിലെ ശൗചാലയങ്ങളില്‍ വ്യത്തി മാത്രമല്ല വെള്ളവും ഉണ്ടാകാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകളാണ് ഏറെ വലയുന്നത്.

'ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് അടിസ്ഥാന കാര്യങ്ങളില്‍ ശുചിത്വം കുറവാണ്. എങ്ങനെ ഉപയോഗിക്കണമെന്നത് പോലും അറിയാത്ത് സാഹചര്യമാണ്. വലപ്പോഴും വൃത്തിഹീനമായ ടോയ്‌ലറ്റുകളാണ് അന്യ സംസ്ഥാനങ്ങളില്‍ ഉള്ളത്. ഇക്കാര്യത്തില്‍ കേരളം കുറച്ച് കൂടി മുന്നിലാണ്. കേരളത്തിലെ പെട്രോള്‍ പമ്പുകൾ പോലും യൂസേഴ്‌സ് ഫ്രണ്ട്‌ലിയാണ്. മറ്റ് പല സംസ്ഥാനങ്ങളിലും പമ്പ് മാത്രമാണ് ഉണ്ടാകാറുള്ളത്. ടോയ്‌ലറ്റ് സൗകര്യം ലഭിക്കണമെങ്കില്‍ ഏറെ ദൂരം സഞ്ചരിക്കേണ്ടിവരുന്നു,' ലെറ്റ്‌സ് ഗോ ഫോർ എ കാമ്പിന്റെ സ്ഥാപക ഗീതു മോഹന്‍ദാസ് പറയുന്നു.

സാനിറ്ററി നാപ്കിനുകള്‍ ഉപേക്ഷിക്കാനുള്ള സൗകര്യം കേരളത്തിലെ പലയിടങ്ങളിലും ഇനിയും നടപ്പിലായിട്ടില്ല. പൊതു ശൗചാലയങ്ങളുടെ പ്രധാന പ്രശ്‌നവും ഇതാണ്. അതാല്‍ യാത്രകള്‍ക്ക് വരുന്ന സ്ത്രീകള്‍ക്ക് മെന്‍സ്ട്രുവല്‍ കപ്പ് നല്‍കാനും അതിന്റെ ഗുണവശങ്ങള്‍ അനുഭവ സമ്പന്നരിലൂടെ പകര്‍ന്ന് നല്‍കാനും ഗീതു ശ്രമിക്കാറുണ്ട്. ലെറ്റ്‌സ് ഗോ ഫോര്‍ എ കാമ്പിലൂടെ ഏതാണ്ട് 5000 മെല്‍സ്ട്രവല്‍ കപ്പാണ് വിതരണം ചെയ്യപ്പെട്ടിട്ടുള്ളത്.

എന്താണ് ഉത്തരവാദിത്ത ടൂറിസം ?

കേരളത്തിന്റെ ഔദ്യോഗിക ടൂറിസം നയമാണിത്. 2017 ഒക്ടോബര്‍ 20നാണ് ഇതിന് തുടക്കം കുറിച്ചത്. സഞ്ചാരികള്‍ക്ക് എത്തിപ്പെടാനും താമസിക്കാനും കഴിയുന്ന തരത്തില്‍ ടൂറിസം കേന്ദ്രങ്ങളെ മാറ്റുന്നതിനൊപ്പം പ്രദേശവാസികളുടെ ജീവിതമാര്‍ഗ്ഗം ഉറപ്പാക്കുകയുമാണ് ഉത്തരവാദിത്ത ടൂറിസം ലക്ഷ്യമിടുന്നത്. നാളിതുവരെ ടൂറിസം വ്യവസായമായി കണ്ടവര്‍ക്ക് മാത്രമാണ് നേട്ടം ലഭിച്ചിരുന്നത്. എന്നാല്‍ടൂറിസം വരുമാനത്തിന്റെ നല്ലൊരു പങ്ക് പ്രദേശവാസികള്‍ക്കു ലഭ്യമാക്കുകയും പ്രദേശത്തിന്റെ കലാ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുക, പ്രാദേശിക സമൂഹത്തിന്റെ ജീവിതരീതികള്‍ക്കു മേല്‍ ആഘാതമേല്‍പ്പിക്കാതെ ടൂറിസം വ്യവസായം മുന്നോട്ടുകൊണ്ടുപോകുക, പരിസ്ഥിതി ആഘാതങ്ങള്‍ ലഘൂകരിക്കുക എന്നിവയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ഘടകങ്ങള്‍.

ഉത്തരവാദിത്ത ടൂറിസത്തില്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യം നിയന്ത്രണങ്ങള്‍ ഉറപ്പാക്കണം എന്നതാണ്. നാളെയിലെ കാഴ്ച്ചകളിലേയ്ക്കും ഇവ നിലനില്‍ക്കണമെന്നതിനാല്‍ കേടുപാടുകള്‍ വരുത്താതെ നോക്കേണ്ടതുണ്ട്. സഞ്ചാരികളുടെ മാന്യമായ പെരുമാറ്റത്തിനൊപ്പം പ്രദേശത്തിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ ആതിഥേയരും ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ ഉത്തരവാദിത്ത ടൂറിസം യാഥാര്‍ത്ഥ്യമാകു. 'അര്‍ബന്‍ ടു റൂറല്‍ കണക്ട്' എന്നതിലൂടെ സാധാരക്കാരിലേയ്ക്ക് വരുമാനം എത്തുമെന്ന് ഗീതു ഓര്‍മ്മിപ്പിക്കുന്നു.

സുരക്ഷിത യാത്ര

യാത്രകളില്‍ എടുത്തുപറയേണ്ടതാണ് സ്ത്രീ യാത്രകള്‍. വീട്ടു ജോലിയ്ക്കും, തൊഴിലിടങ്ങളിലും അല്‍പ്പം വിശ്രമം നല്‍കിയുള്ള യാത്രകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഈ യാത്രകളില്‍ സ്ത്രീ സുരക്ഷ എന്നും ഒരു ചോദ്യചിഹ്നമാണ്.

'കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിന്റെ യാത്രാ താല്‍പ്പര്യങ്ങള്‍ക്ക് വന്‍ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. പാക്കേജ് ടൂറിസത്തിനോട് ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞു കഴിഞ്ഞു. ഓഫ് ബീറ്റ് ലൊക്കേനുകള്‍ കണ്ടെത്തി ടൂറിസം സാധ്യതകള്‍ മനസിലാക്കി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ടൂറിസം മാപ്പില്‍ ഇടം പിടിക്കേണ്ട ഇത്തരം ഓഫ് ബീറ്റ് സ്ഥലങ്ങളില്‍ പ്രദേശവാസികളുടെ സഹായം ഉറപ്പാക്കാന്‍ സാധിക്കും. ഇത് ഉത്തരവാദിത്ത ടൂറിസം ഉറപ്പാക്കുന്നു.' ഗീതു മോഹന്‍ദാസ് പറയുന്നു. ലെറ്റ്‌സ് ഗോ ഫോര്‍ എ കാമ്പിലൂടെ 2015 മുതല്‍ ഓഫ് ബീറ്റ് സ്ഥലങ്ങളിലേയ്ക്ക് ഗീതുവിന്റെ യാത്രകള്‍ നീണ്ടുകഴിഞ്ഞു. മലബാറിലെ പല മനോഹര പ്രദേശങ്ങളും ഇപ്പോഴും ആളുകള്‍ അറിയപ്പെടാതെ കിടക്കുന്നവയാണ്. ഈ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ ഏറെ പ്രയോജനപ്പെടുത്താവുന്നയാണെന്ന് ഗീതു ഓര്‍മ്മിപ്പിക്കുന്നു. പക്ഷെ ബജറ്റ് യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ടിവരുന്നത് താമസ സ്ഥലങ്ങളിലാകും. അപ്പോള്‍ സുരക്ഷയിലും വിട്ടവീഴ്ച്ചകള്‍ സംഭവിച്ചേക്കാം. അതിനാല്‍ ഹോംസ്‌റ്റേ, ഹോട്ടല്‍ നടത്തിപ്പുകാർ എന്നിവര്‍ക്കും ജീവനക്കാര്‍ക്കും ശരിയായ പെരുമാറ്റ പരിശീലനം നല്‍കുകയാണ് സാധ്യമായ ഒരു മാര്‍ഗ്ഗം. ഇതാണ് സര്‍ക്കാരും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

യാത്രകള്‍ സുരക്ഷിതമായിരിക്കട്ടെ, സന്തോഷങ്ങളും സമാധനവുമാഗ്രഹിച്ച് പോകുന്ന യാത്രകള്‍ ഭീതിയുടെ ഓര്‍മ്മകള്‍ സമ്മാനിക്കാതിരിക്കാന്‍, സഞ്ചാരികളെ വീണ്ടും ആകര്‍ഷിക്കാന്‍ സുരക്ഷിത യാത്രകള്‍ ഉറപ്പാക്കുക മാത്രമാണ് പോംവഴി.

 

Tags: