പഴയ സ്മാര്‍ട്ട്ഫോണില്‍ ഇനി വാട്സ്ആപ്പ് ലഭിക്കില്ല
- കിറ്റ്കാറ്റിനോ അതിന് മുന്‍പുള്ള ഒഎസുകളിലോ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള പിന്തുണയാണ് പിന്‍വലിക്കുന്നത്
- പുതിയ ഫീച്ചറുകളും സുരക്ഷാ സൗകര്യങ്ങളും ഉപയോക്താക്കള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി
പഴയ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജനുവരി ഒന്നു മുതല്‍ വാട്സ്ആപ്പ് ലഭിക്കില്ല. കിറ്റ്കാറ്റിനോ അതിന് മുന്‍പുള്ള ഒഎസുകളിലോ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ക്കുള്ള പിന്തുണ ജനുവരി 1 മുതല്‍ നിര്‍ത്തലാക്കുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.
ഏറ്റവും പുതിയ ഫീച്ചറുകളും സുരക്ഷാ സൗകര്യങ്ങളും ഉപയോക്താക്കള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പിന്റെ നടപടി. പഴയ ഫോണുകളില്‍ 2013-ല്‍ അവതരിപ്പിക്കപ്പെട്ട ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് ഒഎസ് ഉപയോഗിക്കുന്നവര്‍ക്ക് ഇനി വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതില്‍ തടസ്സം നേരിടും.
കിറ്റ്കാറ്റ് ഒഎസിനുള്ള പിന്തുണ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയുടെ തീരുമാനം. പുതിയ ഒഎസുകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് വാട്സ്ആപ്പിന്റെ പല ഫീച്ചറുകളും എത്താറുള്ളത്.
പഴയ ഫോണുകളില്‍ ഈ പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കില്ല. ഈ സാഹചര്യത്തിലാണ് ഉപയോക്താക്കളുടെ സുരക്ഷകൂടി കണക്കിലെടുത്തുകൊണ്ട് വാട്സ്ആപ്പ് പഴയ ഒഎസുകള്‍ക്കുള്ള പിന്തുണ ഇടയ്ക്ക് പിന്‍വലിക്കാറുള്ളത്.
സാംസംഗ്, മോട്ടറോള, എച്ച്ടിസി, എല്‍ജി, സോണി തുടങ്ങിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ ചില മോഡലുകളിലാണ് ജനുവരി മുതല്‍ വാട്സ്ആപ്പ് പിന്തുണ ലഭ്യമാകാത്തത്.