പതിനൊന്നുകാരിയുടെ യൂട്യൂബ് വരുമാനം 410 കോടി രൂപ!
- മാസവരുമാനം രണ്ടര കോടി രൂപ
- യുട്യൂബ് കണ്ടെന്റുകൾ അറബിയിൽ
- കുറഞ്ഞ സമയത്തിനുള്ളില്‍ 3.83 കോടി സബ്സ്ക്രൈബേർസ്
പ്രതിഭയുള്ള ആര്‍ക്കും മാന്യമായ വരുമാനം നേടാന്‍ യുട്യൂബ് പോലുള്ള നവ വീഡിയോ പ്ലാറ്റ്‌ഫോമുകള്‍ ഇന്ന് അവസരമൊരുക്കുന്നു. അങ്ങനെ കോടികളുടെ മാസവരുമാനം നേടുന്ന കുട്ടികളുടെ എണ്ണവും ഏറിവരുന്നുണ്ട്. യുഎഇ സ്വദേശിനിയായ 11കാരി ഷിഫയുടെ വിഡിയോകളും ഷോട്‌സ് കണ്ടന്‍റുകളും അതിവേഗമാണ് വൈറലായി മുന്നേറുന്നത്.
3.8 കോടി സബ്സ്ക്രൈബർമാർ
ഈ പെണ്‍കുട്ടിക്ക് 3.8 കോടി സബ്‌സ്‌ക്രൈബർമാരുണ്ട് എന്നറിയുമ്പോള്‍ ആരും ഒന്നമ്പരക്കും. മാസവരുമാനം തന്നെ രണ്ടര കോടി രൂപ വരും. ആകെ ആസ്തി 410 കോടി രൂപ. യൂട്യൂബ് പ്രേമികള്‍ക്ക് സുപരിചിതയാണ് ഷിഫ (Shifa). ഈ കൊച്ചുമിടുക്കിയുടെ ജനപ്രീതി ആരെയും അതിശയിപ്പിക്കും.
അറബി കണ്ടന്റുകള്‍
ഡിസ്‌നിയുടെ ലോക പ്രശസ്തമായ ഫ്രോസണ്‍ എന്ന ആനിമേഷന്‍ സീരിസിലെ എല്‍സ, അന്ന എന്നീ കഥാപാത്രങ്ങളെയും അവര്‍ നേരിടുന്ന വെല്ലുവിളികളെയുമാണ് ഈ കൊച്ചുമിടുക്കി പുനരാവിഷ്‌കരിക്കുന്നത്. യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയ ഷിഫയുടെ കണ്ടന്റുകളെല്ലാം അറബിയിലാണ്. എങ്കിലും ഷിഫയ്ക്ക് ലോകത്താകമാനം ആരാധകരുണ്ട്. ഇവരില്‍ മുതിര്‍ന്നവര്‍ വരെ ഉള്‍പ്പെടുന്നു.
കോടിക്കണക്കിനു കാഴ്ചക്കാര്‍
ഷിഫയുടെ യൂട്യൂബ് ചാനലിന്റെ പേര് SHFA എന്നാണ്. മകള്‍ക്കു വേണ്ടി മാതാവാണ് ചാനല്‍ കൈകാര്യം ചെയ്യുന്നത്. 2015 മാര്‍ച്ച് 29ന് ആരംഭിച്ച ചാനലില്‍ ഇതുവരെ 989 വിഡിയോകള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ 3.83 കോടി സബ്സ്ക്രൈബർമാരെ നേടാനും ഷിഫയ്ക്കായി. പല കണ്ടന്റുകളും കോടികളുടെ വ്യൂവര്‍ഷിപ്പ് ആണ് നേടുന്നത്. 15 കോടി ആളുകള്‍ കണ്ട കണ്ടന്റുകളും ഈ ചാനലിലുണ്ട്.
മാസവരുമാനം രണ്ടര കോടി രൂപ
ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷിഫയുടെ ഓരോ കണ്ടന്റുകളും 1000 പേര്‍ കാണുമ്പോള്‍ 1.21 ഡോളര്‍ യൂട്യൂബ് നല്‍കുന്നു. അതായത് ഏകദേശം 100 രൂപ. ഇക്കഴിഞ്ഞ മേയില്‍ മാത്രം ഷിഫ യുട്യൂബില്‍ നിന്നു നേടിയത് 2,00,000 ഡോളറാണ്. പലപ്പോഴും ഒരു മാസത്തിലെ വരുമാണം 3,00,000 ഡോളര്‍(2.43 കോടി രൂപ) പിന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു മാസത്തിലെ ഷിഫയുടെ ശരാശരി വരുമാനം ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 1.27 ലക്ഷം ഡോളറാണ്. 90 ദിവസത്തെ കണക്കു പരിശോധിച്ചാല്‍ ഇത് 6.76 ലക്ഷം ഡോളറാണ്.
നിങ്ങള്‍ക്കും പ്രചോദനം
എബിപി ലൈവിന്റെ കണക്കുകള്‍ പ്രകാരം ഷിഫയുടെ വരുമാനം ബില്യണ്‍ ഡോളര്‍ മാര്‍ക്ക് പിന്നിട്ടുകഴിഞ്ഞു. നിലവില്‍ 50 മില്യണ്‍ ഡോളറിന്റെ ആസ്തി ഷിഫയ്ക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍. അതായത് 11ാം വയസില്‍ 410 കോടി രൂപ. ഷിഫയുടെ വിജയകഥ സമൂഹ മാധ്യമങ്ങളില്‍ ഒരുകൈ നോക്കാന്‍ ആഗ്രഹിക്കുന്ന നൂറുകണക്കിന് ആളുകള്‍ക്ക് പ്രചോദനമാകും എന്നുറപ്പാണ്.