വാട്‌സാപ്പില്‍ ഇനി 'ശബ്ദവും' സ്റ്റാറ്റസാക്കാം
- പരമാവധി 30 സെക്കണ്ട് വരെ ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശങ്ങളാകും ഇത്തരത്തില്‍ സ്റ്റാറ്റസ് ഇടാന്‍ സാധിക്കുക.
വാട്‌സാപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ (2.23.2.8) വോയിസ് സ്റ്റാറ്റസ് ഫീച്ചര്‍ ഉള്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ശബ്ദസന്ദേശങ്ങള്‍ സ്റ്റാറ്റസായി ഇടാന്‍ സാധിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് കമ്പനി ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. ചാറ്റില്‍ ശബ്ദസന്ദേശങ്ങള്‍ അയയ്ക്കുമ്പോള്‍ കാണുന്ന തരത്തില്‍ തന്നെയാണ് സ്റ്റാറ്റസിലും എന്ന് വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വന്നു.
ബീറ്റാ വേര്‍ഷനില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന. പരമാവധി 30 സെക്കണ്ട് വരെ ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശങ്ങളാകും ഇത്തരത്തില്‍ സ്റ്റാറ്റസ് ഇടാന്‍ സാധിക്കുക. ഇത് സാധാരണ വേര്‍ഷനില്‍ എപ്പോഴാകും ലഭ്യമാകുക എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല.
അയയ്ക്കുന്ന സന്ദേശങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ (മെസേജ് ഡിസപ്പിയറിംഗ്) ചില സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന ആശങ്ക ഉയര്‍ന്നതിന് പിന്നാലെ ഇത്തരം സന്ദേശങ്ങള്‍ സൂക്ഷിക്കാനുള്ള കെപ്റ്റ് മെസേജ് ഫീച്ചര്‍ കമ്പനി ഉടന്‍ അവതരിപ്പിച്ചേക്കുമെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.
വാട്സാപ്പിനെ പറ്റിയുള്ള വാര്‍ത്തകള്‍ പുറത്ത് വിടുന്ന വാ ബീറ്റാ ഇന്‍ഫോ എന്ന പോര്‍ട്ടലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഫീച്ചര്‍ വന്നുകഴിഞ്്ഞാല്‍ നിശ്ചിത സമയം കഴിഞ്ഞാലും സന്ദേശം ചാറ്റില്‍ സൂക്ഷിച്ച് വെക്കാന്‍ സഹായിക്കും. ഇനി സന്ദേശം കളയാനാണെങ്കില്‍ അങ്ങനെ ചെയ്യാന്‍ അണ്‍കീപ്പ് എന്ന ഓപ്ഷനും ഇതില്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരത്തില്‍ സൂക്ഷിച്ച് വെക്കുന്ന സന്ദേശങ്ങള്‍ക്ക് ഒരു ബുക്ക് മാര്‍ക്ക് ഐക്കണ്‍ പോലാകും പുതിയ ഫീച്ചര്‍ ദൃശ്യമാകുക. ക്യു ആര്‍ കോഡ് ഉപയോഗിച്ച് ഡാറ്റ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചര്‍ വാട്സാപ്പ് ഉടന്‍ പുറത്തിറക്കിയേക്കുമെന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം കമ്പനിയില്‍ നിന്നും ഔദ്യോഗിക അറിയിപ്പ് ലഭ്യമായിട്ടില്ല.