ഗൂഗിൾ ക്ലൗഡ് സേവനത്തിനു പണം നൽകുന്നത് ട്വിറ്റർ പുനരാരംഭിച്ചു
- ഗൂഗിളും ട്വിറ്ററും തമ്മിലുള്ള ബന്ധം തിരികെ കൊണ്ടുവരുന്നതിൽ പുതിയ സി ഇ ഓ ആയ ലിൻഡ യാക്കാരിനോക്കു പ്രധാന പങ്ക്
- മസ്ക് കമ്പനി ഏറ്റെടുത്തതിനു ശേഷം നിരവധി മാറ്റങ്ങൾ
- ജീവനക്കാരെ പിരിച്ചു വിടുകയും നിരവധി ആനുകൂല്യങ്ങൾ എടുത്ത് മാറ്റുകയും ചെയ്തു
ഗൂഗിൾ ക്ലൗഡ് സേവനങ്ങൾക്കുള്ള പണം ട്വിറ്റർ നൽകിയില്ലെന്ന റിപോർട്ടുകൾ 10 ദിവസങ്ങൾക്ക് മുമ്പേ പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ ക്ലൗഡ് സേവനങ്ങൾക്കായി ഗൂഗിളിന് പണം നൽകുന്നത് പുനരാരംഭിച്ചതായി റിപ്പോർട്ട്. ഇലോൺ മസ്ക് കമ്പനി ഏറ്റെടുത്തതിനു ശേഷം പല കമ്പനികളുമായി ഇടപാടുകൾക്കുള്ള പണം തടഞ്ഞു വെച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. ലണ്ടനിലെയും സാൻ ഫ്രാൻസിസ്കോയിലെയും ട്വിറ്റര് ഓഫീസുകളുടെ വാടകയിനത്തിലും കുടിശികനൽകാനുണ്ട്
വമ്പൻ ടെക് കമ്പനികളായ ഗൂഗിളും ട്വിറ്ററും തമ്മിലുള്ള ബന്ധം തിരികെ കൊണ്ടുവരുന്നതിൽ പുതിയ സി ഇ ഓ ആയ ലിൻഡ യാക്കാരിനോ പ്രധാന പങ്കു വഹിച്ചു. കഴിഞ്ഞ മാസമായിരുന്നു യാക്കാരിനോയെ മസ്ക് സിഇഓ ആയി പ്രഖാപിച്ചത്. ട്വിറ്റർ സിഇഒ സ്ഥാനം യാക്കാരിനോക്കു ഒരു വെല്ലുവിളി തന്നെ ആയിരുന്നു. ഗൂഗിൾ ക്ലൗഡ് സിഇഓ യുമായി ഇതുൾപ്പെടെയുള്ള ചർച്ചകൾ നടത്തിയതായി പറയുന്നു.
ഇലോൺ മസ്ക് കമ്പനി ഏറ്റെടുത്തതിനു ശേഷം നിരവധി മാറ്റങ്ങൾ ട്വിറ്ററിൽ നടപ്പാക്കിയിരുന്നു. ചെലവ് കുറയ്ക്കുന്നതിനായി ജീവനക്കാരെ പിരിച്ചു വിടുകയും നിരവധി ആനുകൂല്യങ്ങൾ എടുത്ത് മാറ്റുകയും ചെയ്തിരുന്നു.തൊഴിലാളികളുടെ ബോണസ് നൽകുന്നതിൽ പരാജയപ്പെട്ട കമ്പനിക്കെതിരെ ട്വിറ്റർ ജീവനക്കാർ കേസ് കൊടുത്തതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇത് കൂടാതെ വെരിഫിക്കേഷൻ ബാഡ്ജ് എടുത്ത് മാറ്റുകയും പകരം പണം കൊടുത്തു നേടാൻ കഴിയുന്ന ട്വിറ്റർ ബ്ലൂ എന്ന പുതിയ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു.