ട്വിറ്ററില്‍ വിദ്വേഷം വേണ്ട, 7 ലക്ഷം ട്വീറ്റുകള്‍ക്ക് മൂക്കുകയറിട്ടു
- 7 ലക്ഷം വരെ ട്വീറ്റുകൾക്ക് ലേബൽ ലഭിച്ചു
- 81 ശതമാനം വരെ റീച് കുറയുമെന്ന് കമ്പനി
- 4 ശതമാനം ലേബലിനെ അപ്പീൽ ചെയ്തു
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ ഉള്ള ട്വിറ്ററിൽ വിദ്വേഷകരമായ ട്വീറ്റുകളുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇത്തരം ട്വീറ്റുകൾ കൂടുതൽ പേർക്ക് കാണാൻ സാധിക്കില്ല. ട്വിറ്റർ നയങ്ങൾ ലംഘിച്ച് ഇട്ട 700,000 ട്വീറ്റുകൾക്ക് ഇത്തരത്തിൽ ലേബൽ ലഭിച്ചിട്ടുണ്ട്.
"Visibility limited: this tweet may violate Twitter's rules against hateful conduct."
കൂടാതെ ഇത്തരം ഉള്ളടക്കത്തിനു അടുത്തായി പരസ്യങ്ങൾ കാണുന്നത് തടയാനുള്ള നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്.
ട്വീറ്റുകൾ ഇത്തരത്തിൽ ലേബൽ ചെയ്യുന്നത് കൊണ്ട് പോസ്റ്റിന്റെ റീച് 81 ശതമാനം വരെ കുറയ്ക്കുമെന്നു കമ്പനി അവകാശപ്പെടുന്നു. ട്വിറ്റർ നയലംഘനത്തെ കുറിച്ചുള്ള അറിയിപ്പ് ലഭിച്ചതിനു ശേഷം ലേബൽ ചെയ്ത ട്വീറ്റുകൾ ഉപയോക്താക്കൾ സ്വമേധയാ നീക്കം ചെയ്യുന്നുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. അതേസമയം വെറും 4 ശതമാനം ആളുകൾ മാത്രമാണ് ലേബലുകളെ അപ്പീൽ ചെയ്യുന്നത്.
മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം നയങ്ങൾ ലംഘിച്ചുകൊണ്ടുള്ള സംഭാഷണങ്ങളുടെയും പോസ്റ്റുകളുടെയും റാങ്കിങ് ലേബൽ ചെയ്യുന്നതിനും കുറക്കുന്നതിനുമുള്ള നയം അടുത്തിടെ ആണ് പ്രഖ്യാപിച്ചത്. വ്യക്തികളെ ടാർഗറ്റ് ചെയ്യുന്ന ഉപദ്രവകരമായ ഉള്ളടക്കങ്ങൾ അടങ്ങിയ ട്വീറ്റുകൾ, ഏതെങ്കിലും വ്യക്തിയേയോ അല്ലെങ്കിൽ ഒരു കൂട്ടം ആളുകളെയോ ഉപദ്രവിക്കുന്നതിനോ,അല്ലെങ്കിൽ അതിനു പ്രേരിപ്പിക്കുന്നതോ ആയ പോസ്റ്റുകൾ, ശാരീരികമായി ഉപദ്രവിക്കുമെന്ന ഭീഷണികൾ, അക്രമമോ ഉപദ്രവമോ ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ട്വീറ്റുകൾ എന്നിവ പ്ലാറ്റ് ഫോം ലേബൽ ചെയ്യും.
ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ട്വിറ്ററിൽ വരുത്തിയ പരിഷ്കാരങ്ങൾ ട്വിറ്ററിനെ അടിമുടി മാറ്റി. മൈക്രോ ബ്ലോഗിങ് പ്ലാറ്റ് ഫോം മാത്രമായിരുന്ന ട്വിറ്റർ ഇപ്പോൾ 2 മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ വരെ അപ് ലോഡ് ചെയ്യാം. ഉപയോക്താക്കൾക്ക് പണം അടച്ചാൽ വെരി ഫൈഡ് അക്കൗണ്ടുകൾ ലഭിക്കുന്ന പരിഷ്കാരവും ഇലോൺ മസ്ക് നടപ്പിൽ വരുത്തി.