'ഫോണ്‍ മാറ്റി കൂട്ടുകാരെ കാണൂ', ട്വിറ്ററില്‍ വ്യൂ ലിമിറ്റ് അവതരിപ്പിച്ച് മസ്‍ക്

  • ട്വിറ്റര്‍ അടിമത്വം ഒഴിവാക്കണമെന്ന് ട്വിറ്റര്‍ മേധാവിയുടെ ആവശ്യം
  • പരിധികള്‍ സമീപ ഭാവിയില്‍ ഉയര്‍ത്തുമെന്നും അറിയിപ്പ്
  • ട്വിറ്ററിലെ പരിഷ്‍കരണങ്ങള്‍ തുടരുമെന്ന് വിലയിരുത്തല്‍

Update: 2023-07-02 07:51 GMT

ട്വിറ്ററില്‍ തന്‍റെ പരിഷ്കാരങ്ങളുടെ 'ഭ്രാന്ത്' തുടരുകയാണ് ഇലോണ്‍ മസ്‍ക്. ട്വിറ്ററിലേക്ക് ഉപയോക്താക്കളെ ആകര്‍ഷിച്ച സവിശേഷകതകളെ എല്ലാം മസ്‍ക് ഇല്ലാതാക്കുകയാണെന്നാണ് പരമ്പരാഗത ട്വിറ്റര്‍ ഉപയോക്താക്കളുടെ പരാതി. പണം വാങ്ങിയുള്ള ബ്ലൂടിക് വിതരണത്തിനും ട്വീറ്റുകളിലെ അക്ഷരങ്ങളുടെയും ഫോട്ടോകളുടെയും പരിധി പണം നല്‍കുന്ന ഉപയോക്താക്കള്‍ക്ക് ഉയര്‍ത്തി നല്‍കിയത് ഉള്‍പ്പടെയുള്ള പരിഷ്കരണങ്ങള്‍ക്കു ശേഷം ട്വിറ്റര്‍ ഫീഡുകളെ ഇളക്കി മറിച്ചുകൊണ്ട് പുതിയൊരു പ്രഖ്യാപനം ഇന്നലെ രാത്രി അദ്ദേഹം നടത്തിയിരിക്കുകയാണ്. 

ഉപയോക്താക്കള്‍ക്ക് പ്രതിദിനം കാണാനാകുന്ന ട്വീറ്റുകള്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുകയാണ് മസ്ക്. “ഡാറ്റാ സ്‌ക്രാപ്പിംഗിന്റെയും സിസ്റ്റം കൃത്രിമത്വത്തിന്റെയും വന്‍തോതിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്, ഞങ്ങൾ ഇനിപ്പറയുന്ന താൽക്കാലിക പരിധികൾ നടപ്പിലാക്കുകയാണ്,” വെരിഫൈഡ് അക്കൗണ്ടുകൾക്ക് ഈ പരിഷ്കരണം അനുസരിച്ച് പ്രതിദിനം 6,000 പോസ്റ്റുകൾ മാത്രമാണ് വായിക്കാനാകുക. വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക് പ്രതിദിനം 600 പോസ്റ്റുകളും പുതിയ വെരിഫൈ ചെയ്യാത്ത അക്കൗണ്ടുകൾക്ക്  പ്രതിദിനം 300 പോസ്റ്റുകളും വരെ മാത്രമാണ് ഇപ്പോള്‍ കാണാനാകുക. 

മസ്കിന്‍റെ ഈ പ്രഖ്യാപനം വന്നതോടെ വലിയ എതിര്‍പ്പാണ് പൊതുവില്‍ ഉയര്‍ന്നുവന്നത്. വ്യൂ ലിമിറ്റ് പ്രഖ്യാപിച്ച മസ‍്‍കിന്‍റെ ട്വീറ്റിന് റെക്കോഡ് വ്യൂ ആണ് കിട്ടിയിട്ടുള്ളത്. ഇത് മറ്റൊരും വിരോധാഭാസം എന്ന് ചൂണ്ടിക്കാട്ടി മസ്ക് തന്നെ ഇക്കാര്യം റീട്വീറ്റിലൂടെ വ്യക്തമാക്കി.  

തന്‍റെ പുതിയ തീരുമാനത്തെ മറ്റൊരു തരത്തിലും ട്വിറ്റര്‍ മേധാവി ന്യായീകരിക്കുന്നു. നമ്മളെല്ലാവരും ട്വിറ്ററിന് അടിമകളായി മാറിയിരിക്കുന്നു എന്നും ഇത് മാറ്റി പുറത്തേക്കിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഫോണ്‍ മാറ്റിവെച്ച് കുടുംബത്തോടും കൂട്ടുകാരോടും ഒപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തയാറാകണമെന്നും നെറ്റിസണ്‍സിനോട് മസ്ക് അഭ്യര്‍ത്ഥിച്ചു. 

നിലവില്‍ നിശ്ചയിച്ചിട്ടുള്ള വ്യൂ ലിമിറ്റ് സമീപ ഭാവിയില്‍ തന്നെ ഉയര്‍ത്തുമെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. വെരിഫൈഡ് അക്കൗണ്ടുകൾക്ക് പ്രതിദിനം കാണാനാകുന്ന ട്വീറ്റുകളുടെ പരിധി 8000 ആക്കുമെന്നും. വെരിഫൈ ചെയ്യാത്തവരുടെ പരിധി 800 ആയും പുതിയ വെരിഫൈ ചെയ്യാത്തവരുടെ പരിധി 400 ആയും ഉയര്‍ത്തുമെന്നും അദ്ദേഹം ആദ്യം ട്വീറ്റ് ചെയ്തു. എന്നാല്‍ പിന്നീട് അത് യഥാക്രമം 10000 , 1000 , 500 എന്നിങ്ങനെയാക്കുമെന്ന് കമ്മന്‍റിലൂടെ തിരുത്തി. 

ട്വിറ്ററിന്റെ പുതിയ നയം മസ്ക് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ, ഇന്നത്തെ പരിധി കഴിഞ്ഞൂവെന്ന സന്ദേശം പല ഉപയോക്താക്കള്‍ക്കും ലഭിച്ചു. ഇതോടെ ട്വിറ്ററില്‍ സാങ്കേതിക പ്രശ്നമാണെന്നും പുതിയ ട്വീറ്റുകള്‍ കാണാനാകുന്നില്ലെന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു "#TwitterDown" ട്രെൻഡിംഗില്‍ എത്തിയതോടെയാണ് പ്രഖ്യാപനവുമായി മസ്ക് എത്തിയത്. വന്‍ ഇടപാടിലൂടെ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‍ഫോം ഏറ്റെടുത്ത ശേഷം പ്ലാറ്റ്‍ഫോമിലും സ്ഥാപന നടത്തിപ്പിലും മസ്‍ക് നടത്തുന്ന നിരന്തര പരിഷ്കരണങ്ങളുടെ പുതിയൊരു അധ്യായം മാത്രമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

Tags:    

Similar News