വീഡിയോ സന്ദേശങ്ങളടക്കം 'ഹൈഡ്' ചെയ്തും അയയ്ക്കാം, ഒരുപിടി അപ്‌ഡേറ്റ്‌സുമായി ടെലഗ്രാം
- ഹൈഡ് വിത്ത് സ്‌പോയിലര്‍ എന്നാണ് ഈ ഫീച്ചറിന്റെ പേര്.
ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമിലെ മുന്‍നിരക്കാരനായ ടെലഗ്രാം ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറുകള്‍ പുതുവര്‍ഷത്തില്‍ ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കിയേക്കും. ഡിവൈസിലെ സ്‌പെയ്‌സ് സേവ് ചെയ്യാന്‍ സഹായിക്കുന്നത് മുതല്‍ മെസേജുകള്‍ ഹൈഡ് ചെയ്യാന്‍ സഹായിക്കുന്ന സ്‌പോയിലര്‍ ഇഫക്ട് തുടങ്ങിയവയാണ് ടെലിഗ്രാം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്.
ചാറ്റ് ചെയ്യുന്നതിനിടയില്‍ അയയ്ക്കുന്ന ടെക്‌സ്റ്റ് ഹൈഡ് ചെയ്യുന്നതിനും, ഫോട്ടോ, വീഡിയോ എന്നിവയ്ക്ക് ബ്ലര്‍ (മങ്ങല്‍) ലെയര്‍ നല്‍കുന്ന ഫീച്ചറാണ് സ്‌പോയിലര്‍ എന്നത്. അയയ്ക്കുന്ന ചിത്രം അത് ലഭിക്കുന്ന ആള്‍ കാണണമെങ്കില്‍ ഈ ബ്ലര്‍ ഫീച്ചര്‍ നീക്കുന്ന തരത്തില്‍ ടാപ്പ് ചെയ്യണം. അറ്റാച്ച്‌മെന്റ് മെനുവിലാണ് സ്‌പോയിലര്‍ ഫീച്ചര്‍ നല്‍കിയിരിക്കുന്നത്. ഹൈഡ് വിത്ത് സ്‌പോയിലര്‍ എന്നാണ് ഈ ഫീച്ചറിന്റെ പേര്.
ടെക്സ്റ്റിന്റെ സൈസ് മാറ്റാനുള്ള ഫീച്ചറും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. എഡിറ്റര്‍ ഓപ്ഷനില്‍ ചാറ്റ് ബബിളുകള്‍ ഉള്‍പ്പടെയുള്ള ഷേപ്പുകള്‍ സൃഷ്ടിക്കാനുള്ള ഫീച്ചറും പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൈവറ്റ് ചാറ്റുകളിലെ ക്യാഷേ ഡാറ്റാ ക്ലിയര്‍ ചെയ്യാനുള്ള ഓപ്ഷനും പുതിയ അപ്‌ഡേറ്റുകളിലുണ്ട്. നിങ്ങള്‍ കാണുന്ന കോണ്ടാക്ടുകള്‍ക്ക് മാത്രമായി പ്രൊഫയല്‍ പിക്ച്ചര്‍ ഡിസ്‌പ്ലേ ചെയ്യിക്കുക എന്ന ഫീച്ചറും പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടെലഗ്രാം പ്രീമിയത്തിന് 10 ലക്ഷം സബ്സ്‌ക്രൈബേഴ്സ്
ടെലഗ്രാമിന്റെ പ്രീമിയം വേര്‍ഷന് പത്തു ലക്ഷത്തിലധികം സബ്സ്‌ക്രിപ്ഷന്‍ ലഭിച്ചുവെന്ന് ഏതാനും ആഴ്ച്ച മുന്‍പ് കമ്പനി അറിയിച്ചിരുന്നു. നിലവില്‍ ആപ്പിള്‍ സ്റ്റോറില്‍ മാത്രമാണ് ഇത് ലഭ്യമാകുക. ആന്‍ഡ്രോയിഡ് ഫോണുകളിലേക്ക് എത്താന്‍ വൈകുമെങ്കിലും അധിക ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രീമിയം വേര്‍ഷന്‍ ഉപയോഗിക്കണമെങ്കില്‍ അതിനായി പ്രത്യേക സബ്‌സ്‌ക്രിപ്ഷന്‍ എടുക്കണം.ഒരുമാസത്തേക്ക് 469 രൂപ അതായത് പ്രതിവര്‍ഷം 5628 രൂപയാണ് ടെലഗ്രാം പ്രീമിയം ഉപയോഗിക്കാന്‍ ചെലവാക്കേണ്ടി വരിക.
ടെലഗ്രാമിന്റെ സാധാരണ വേര്‍ഷന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 100 കോടിയില്‍ അധികം ഡൗണ്‍ലോഡുകളാണുള്ളത്. പുതുപുത്തന്‍ ഇമോജികളും സ്റ്റിക്കറുകളും ഉള്‍പ്പെട്ട ടെലിഗ്രാം 8.7.2 ബീറ്റ വേര്‍ഷന്‍ അടുത്തയിടെ കമ്പനി പുറത്തിറക്കിയിരുന്നു. ഏപ്രിലില്‍ ഇറക്കിയ ഈ വേര്‍ഷനില്‍ ആകര്‍ഷകമായ ഫീച്ചേഴ്‌സും ചേര്‍ത്തിട്ടുണ്ട്. 4 ജിബി വരെയാണ് പ്രീമിയത്തില്‍ ഫയല്‍ അപ്ലോഡ് ചെയ്യാവുന്ന പരിധി.
ആയിരം ചാനലുകള്‍ വരെ ഫോളോ ചെയ്യാന്‍ സാധിക്കുന്ന ടെലഗ്രാം പ്രീമിയത്തില്‍ വോയ്സ്-ടു-ടെക്സ്റ്റ് കണ്‍വേര്‍ഷന്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളുണ്ട്. 200 ചാറ്റുകള്‍ വീതമുള്ള 20 ചാറ്റ് ഫോള്‍ഡറുകള്‍ വരെ ക്രിയേറ്റ് ചെയ്യാമെന്നതും പ്രീമിയത്തിന്റെ പ്രത്യേകതയാണ്. ഭാഷ ട്രാന്‍സ്ലേറ്റ് ചെയ്യാനും സൗകര്യമുണ്ട്.
പ്രധാന ലിസ്റ്റില്‍ പത്ത് ചാറ്റുകള്‍ പിന്‍ചെയ്യാനും ഇതില്‍ സാധിക്കും. ടെലഗ്രാം പബ്ലിക്ക് ചാനലുകളില്‍ സ്‌പോണ്‍സര്‍ ചെയ്ത പരസ്യങ്ങള്‍ കാണിക്കാറുണ്ട്. ഇത് പ്രീമിയത്തില്‍ ഉണ്ടാകില്ല.