ട്വിറ്ററിനോട് മുട്ടാനുറച്ച് മെറ്റയുടെ ത്രെഡ്‍സ് എത്തി
- ഇന്ത്യയുള്‍പ്പടെ നൂറോളം രാജ്യങ്ങളില്‍ ആപ്പ് എത്തി
- തുറന്നതും സൗഹാര്‍ദപരവുമായ ഒരു പൊതുഇടമെന്ന് സുക്കര്‍ബര്‍ഗ്
- ലോഗിന്‍ ചെയ്യാതെ തന്നെ ത്രെഡ്‍സിലെ ഉള്ളടക്കങ്ങളുമായി സംവദിക്കാം
ഫേസ്ബുക്ക് ഉടമകളായ മെറ്റയുടെ പുതിയ ടെക്സ്റ്റ് അധിഷ്ഠിത ആപ്ലിക്കേഷന്‍ 'ത്രെഡ്‍സ്' ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഇലോണ്‍ മസ്കിന്‍റെ ട്വിറ്ററിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന വിധത്തിലാണ് ത്രെഡ്‍സിന്‍റെ രൂപകല്‍പ്പനയും സവിശേഷതകളും എന്നത് ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. മസ്‍ക് ഏറ്റെടുത്തതിനു പിന്നാലെ ട്വിറ്ററില്‍ വരുത്തിയ നിരന്തര മാറ്റങ്ങളും പ്ലാറ്റ്‍ഫോമിലെ അനിശ്ചിതത്വവും മുതലെടുക്കാനാകും എന്നാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ മെറ്റ കണക്കാക്കുന്നത്. ഇന്ത്യയുള്‍പ്പടെയുള്ള നൂറിലധികം രാഷ്ട്രങ്ങളിലെ സ്‍മാര്‍ട്ട് ഫോണുകളില്‍ ഇപ്പോള്‍ ത്രെഡ്‍സ് ലഭ്യമാണ്. ഐഒഎസ്, ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‍മാര്‍ട്ട് ഫോണുകളിലെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ത്രെഡ്സ് ഡൌണ്‍ലോഡ് ചെയ്യാം.
ത്രെഡ്സ് ആപ്പ് ആദ്യമായി ജുലൈ 3ന് യൂറോപ്പിലെ ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ കണ്ടെത്താനായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും ത്രെഡ്സ് പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെ ആപ്പ് ജൂലെ 6 ന് ഔദ്യോഗികമായ നിരവധി രാജ്യങ്ങളിലെത്തുമെന്ന വാര്‍ത്തയുമെത്തി. ഇന്‍സ്റ്റാഗ്രാമുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ടെക്സ്റ്റ് ആപ്പ് ആണ് ഇത്. ഇന്‍സ്റ്റാഗ്രാമിലെ അക്കൗണ്ടുകളെ ഫോളോ ചെയ്യാനും ഇന്‍സ്റ്റാഗ്രാമിലെ യൂസര്‍ നെയിം തന്നെ ഉപയോഗിക്കാനും ത്രെഡ്‌സില്‍ സാധിക്കും.
തുറന്നതും സൗഹാര്‍ദപരവുമായ പൊതു ഇടം
തങ്ങളുടെ പുതിയ പ്ലാറ്റ്‍ഫോമിനെ ഉടന്‍ തന്നെ വികേന്ദ്രീകൃത സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്രോട്ടോക്കോളായ ആക്ടിവിറ്റി പബിന് (ActivityPub) അനുയോജ്യമാക്കി മാറ്റുമെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചിട്ടുണ്ട്. ഇതോടെ ആക്റ്റിവ്പബ് പ്രോട്ടോക്കോൾ പിന്തുണയ്ക്കുന്ന മസ്റ്റോഡോണ്‍ (Mastodon), വേര്‍ഡ്പ്രസ് (WordPress) എന്നിങ്ങനെയുള്ള മറ്റ് ആപ്പുകളുമായി പരസ്പരം പ്രവർത്തനക്ഷമമാകാനും ത്രെഡ്‍സിന് സാധിക്കുമെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചു.
എതിരാളികളുടെ സേവനങ്ങളുമായും ചേര്‍ന്നുപോകുന്ന മെറ്റയുടെ ആദ്യ ആപ്പാണിത്,. ഇത് ഇൻസ്റ്റാഗ്രാമിന് അപ്പുറത്തുള്ള വിശാലമായ കമ്മ്യൂണിറ്റിയുമായി സംവദിക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. കൂടാതെ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഉള്ളടക്കങ്ങള്‍ ഭാവിയിൽ മറ്റൊരു സേവനത്തിലേക്ക് മാറ്റാനുള്ള ഓപ്ഷനുമുണ്ട്. "ആക്റ്റിവിറ്റി പബില്‍ ഒത്തുപോകുന്ന മറ്റ് ആപ്പുകൾ ഉപയോഗിക്കുന്ന ആളുകൾക്ക് ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതെ തന്നെ ത്രെഡ്‍സിലെ ആളുകളെ പിന്തുടരാനും അവരുമായി സംവദിക്കാനും കഴിയണം എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്, തിരിച്ചും അത് സാധ്യമാകണം. വൈവിധ്യമാർന്നതും പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതുമായ നെറ്റ്‌വർക്കുകളുടെ ഒരു പുതിയ യുഗത്തിന് ഇത് തുടക്കമിടുകയാണ്," ഇന്‍സ്റ്റഗ്രാമിന്‍റെ ഒരു ബ്ലോഗ്‌പോസ്റ്റിൽ പറഞ്ഞു.
"സംഭാഷണത്തിനുള്ള തുറന്നതും സൗഹൃദപരവുമായ പൊതു ഇടം" എന്ന നിലയിലാണ് സുക്കർബർഗും ത്രെഡ്‍സിനെ അവതരിപ്പിക്കുന്നത്.
ഇന്‍സ്റ്റഗ്രാമുമായി ഒത്തുചേര്‍ന്ന്
ത്രെഡ്‍സ് ഒരു സ്‍റ്റാന്‍റ്എലോണ്‍ ആപ്പ് ആണെങ്കിലും, അത് ഇൻസ്റ്റാഗ്രാമുമായി ആഴത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാനും 500 വരെ പ്രതീകങ്ങളുള്ള (characters) 'ത്രെഡുകൾ' പോസ്റ്റുചെയ്യാനും കഴിയും. ഇതില്‍ ലിങ്കുകളും ഫോട്ടോകളും 5 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളും ഉൾപ്പെടുത്താം. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലോ അല്ലെങ്കിൽ അവർക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ ഈ ത്രെഡുകൾ പങ്കിടാനാകും.
ഇൻസ്റ്റാഗ്രാം യൂസര്‍നെയിം വെരിഫിക്കേഷനും ത്രെഡ്‍സിനും ബാധകമാകുമെങ്കിലും ഉപയോക്താക്കള്‍ ത്രെഡ്‍സിലെ തങ്ങളുടെ പ്രൊഫൈല്‍ കസ്റ്റമൈസ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇൻസ്റ്റാഗ്രാമിൽ തങ്ങള്‍ പിന്തുടരുന്ന അതേ അക്കൗണ്ടുകൾ പിന്തുടരാനും സേവനത്തിന്റെ നിലവിലുള്ള സുരക്ഷാ, ഉപയോക്തൃ നിയന്ത്രണങ്ങളിലേക്ക് ആക്‌സസ് നേടാനും ഉപയോക്താക്കള്‍ക്ക് കഴിയും. 16 വയസ്സിന് താഴെയുള്ള (അല്ലെങ്കിൽ ചില രാജ്യങ്ങളിൽ 18 വയസ്സിന് താഴെയുള്ള) ഉപയോക്താക്കൾ ത്രെഡുകളിൽ ചേരുമ്പോൾ ഡിഫോൾട്ടായി ഒരു സ്വകാര്യ പ്രൊഫൈൽ ഉണ്ടായിരിക്കുമെന്ന് ഇൻസ്റ്റാഗ്രാം വ്യക്തമാക്കി.
ഉപയോക്താക്കളുടെ വ്യക്തിഗത ഫീഡുകളിൽ അവർ പിന്തുടരുന്ന ആളുകളിൽ നിന്നുള്ള ത്രെഡുകള്‍ കാണാനാകുന്നതിനൊപ്പം അവർ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പുതിയ ക്രിയേറ്റേര്‍സില്‍ നിന്നുള്ള ഉള്ളടക്കങ്ങളും ശുപാര്‍ശ ചെയ്യപ്പെടും. ഇത് ഒരു അൽഗോരിതം ഉപയോഗിച്ച് ഉപയോക്താക്കളുടെ അഭിരുചികളെ കണക്കാക്കി സൃഷ്ടിക്കുന്ന ഫീഡായിരിക്കുമെന്നും മെറ്റ വ്യക്തമാക്കുന്നു.