ചാറ്റ് ജിപിറ്റി ആപ്പ് ഇനി സ്മാര്‍ട്ട്‌ഫോണില്‍ ലഭിക്കും
- iOS 16.1 ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുള്ള ഐഫോണിലായിരിക്കും ചാറ്റ് ജിപിറ്റി പ്രവര്‍ത്തിക്കുക
- ഇപ്പോള്‍ യുഎസ്സിലെ ഐഫോണ്‍ യൂസര്‍മാര്‍ക്ക് മാത്രമായിരിക്കും ലഭിക്കുക
- ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ചാറ്റ് ജിപിറ്റി ആപ്പ് അധികം താമസിയാതെ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്നു ഓപ്പണ്‍എഐ അറിയിച്ചു
സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്ത ഒന്നാണ് ചാറ്റ് ജിപിറ്റി എന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഒരു ചാറ്റ് ബോട്ടാണ് ചാറ്റ് ജിപിറ്റി.
ഓപ്പണ്‍എഐ (OpenAI) ആണ് ഡവലപ്പ് ചെയ്തത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത പ്രോഗ്രാമായ ചാറ്റ് ജിപിറ്റി. പരിശീലനം നല്‍കുന്നതനുസരിച്ച് പ്രവര്‍ത്തിക്കും.
ഇനി മുതല്‍ ചാറ്റ് ജിപിറ്റി ആപ്പ് സ്മാര്‍ട്ട്‌ഫോണിലും ലഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ഓപ്പണ്‍എഐ. പക്ഷേ, അവ ഇപ്പോള്‍ യുഎസ്സിലെ ഐഫോണ്‍ യൂസര്‍മാര്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് പിന്നീട് ലഭ്യമാക്കുമെന്നും ഓപ്പണ്‍എഐ അറിയിച്ചു.
ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും ചാറ്റ് ജിപിറ്റി ആപ്പ് അധികം താമസിയാതെ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുമെന്നു ഓപ്പണ്‍എഐ അറിയിച്ചു. ഐഒഎസ് 16.1 (iOS 16.1) ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുള്ള ഐഫോണിലായിരിക്കും ചാറ്റ് ജിപിറ്റി പ്രവര്‍ത്തിക്കുക.
പൊതുജനത്തിനു മുന്‍പാകെ അവതരിപ്പിച്ച് രണ്ട് മാസം തികയുന്നതിനു മുന്‍പ് തന്നെ 100 ദശലക്ഷം യൂസര്‍മാരാണ് ഈ ആപ്പ് ഉപയോഗിച്ചത്. ഇത് ഏറെ ജനകീയ ആപ്പുകളെന്നു പേരെടുത്ത ഇന്‍സ്റ്റാഗ്രാമിനോ ടിക് ടോക്കിനോ അവകാശപ്പെടാനാവാത്ത നേട്ടമാണ്.
ഐഫോണില്‍ ചാറ്റ് ജിപിറ്റി ആപ്പ് ലഭിക്കുമെന്ന് ഡവലപ്പര്‍മാരായ ഓപ്പണ്‍എഐ അറിയിച്ചിട്ടുണ്ടെങ്കിലും ആപ്പിള്‍ ചില ജീവനക്കാര്‍ക്ക് ചാറ്റ് ജിപിറ്റിയും മറ്റ് എഐ ടൂളുകളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.