തമിഴ്‌നാട്ടില്‍ ഗൊറില്ലാ ഗ്ലാസ് നിര്‍മ്മാണ പ്ലാന്റുമായി കോണിംഗ്

    Update: 2024-01-24 09:33 GMT

    ഗൊറില്ലാ ഗ്ലാസ് നിർമിക്കുന്ന യുഎസ് ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കളായ കോണിംഗ് തമിഴ്‌നാട്ടില്‍ നിക്ഷേപത്തിനൊരുങ്ങുന്നു. 1000 കോടി രൂപ മുതല്‍ മുടക്കില്‍ പുതിയ പ്ലാന്റ് നിര്‍മ്മിക്കാനാണ് പദ്ധതി. കോണിംഗിന്റെ സംയുക്ത സംരംഭമായ ഭാരത് ഇന്നൊവേറ്റീവ് ഗ്ലാസ് ടെക്‌നോളജീസ് വഴിയാണ് നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നത്. സംയുക്ത സംരംഭത്തിന്റെ ആദ്യ നിര്‍മ്മാണ പ്ലാന്റാണ് തമിഴ്‌നാട്ടില്‍ വരുന്നത്.

    ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ നിര്‍മ്മാണ കേന്ദ്രമായി ഇന്ത്യ മാറുന്നതാണ് ഇത്തരം പദ്ധതികളിലൂടെ പ്രകടമാകുന്നത്. കോണിംഗും ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഒപ്റ്റിമസ് ഇന്‍ഫ്രാകോമിന്റേയും സംയുക്ത സംരംഭമാണിത്. ആപ്പിളിന്റെ പ്രധാന പാര്‍ട്‌സ് വിതരണക്കാരാണ് കോണിംഗ്.

    പ്രാദേശിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഉല്‍പ്പാദന-ബന്ധിത പിന്തുണയുടെ ഭാഗമാണിത്. 155 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് വിപണി. ചൈനയാണ് ഇലക്ട്രോണിക്‌സ് രംഗത്തെ പ്രധാന വിപണന ശൃഖല കയ്യാളുന്നത്.

    തായ് വാനിലെ ഫോക്സ്‌കോണ്‍ ഉള്‍പ്പെടെ നിരവധി കരാര്‍ നിര്‍മ്മാതാക്കളും മറ്റ് ആപ്പിള്‍ വിതരണക്കാരായ പെഗാട്രോണും ഫിന്‍ലന്‍ഡിന്റെ സാല്‍കോമ്പും ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി വന്‍ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്.

    ടെക്നോളജി ഹെവിവെയ്റ്റായ മൈക്രോസോഫ്റ്റ് മുതല്‍ അദാനി ഗ്രൂപ്പ് പോലുള്ള പ്രാദേശിക കമ്പനികള്‍ വരെയുള്ള നിക്ഷേപകരുമായി മൊത്തം 6.64 ട്രില്യണ്‍ രൂപയുടെ നിക്ഷേപത്തിന് കരാറില്‍ ഏര്‍പ്പെട്ടതായി ഈ മാസം ആദ്യം തമിഴ്നാട് അറിയിച്ചു. തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ മാരുതി സുസുക്കി, ടാറ്റ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുമായി നിക്ഷേപ കരാറുകളില്‍ ഒപ്പുവച്ചു കഴിഞ്ഞു.

    Tags:    

    Similar News