റഷ്യയില്‍ വാട്‌സ് ആപ്പിന് നാല് മില്യന്‍ റൂബിള്‍ പിഴ ചുമത്തി
- നിരോധിത ഉള്ളടക്കം നീക്കം ചെയ്തില്ലെന്ന് ആരോപണം
- വാട്‌സ് ആപ്പ് റഷ്യയിലെ ജനകീയ ആപ്പാണ്
- മെറ്റയെ തീവ്രവാദ സംഘടനയെന്നു റഷ്യ മുദ്രകുത്തുകയും രാജ്യത്ത് മെറ്റയെ നിരോധിക്കുകയും ചെയ്തിരുന്നു
നിരോധിത ഉള്ളടക്കം നീക്കം ചെയ്തില്ലെന്ന് ആരോപിച്ച് റഷ്യയില്‍ വാട്‌സ് ആപ്പിന് നാല് ദശലക്ഷം റൂബിള്‍ (ഏകദേശം 41 ലക്ഷം രൂപ) പിഴ ചുമത്തിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ഐഎ (RIA) എന്ന വാര്‍ത്താ ഏജന്‍സി മോസ്‌കോ കോടതിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ നിരോധിത ഉള്ളടക്കം എന്താണെന്നതിനെ കുറിച്ചുള്ള വിവരം ആര്‍ഐഎ വ്യക്തമാക്കിയിട്ടില്ല.
റഷ്യയില്‍ ഇതിനുമുന്‍പ് നിയമനടപടികളൊന്നും വാട്‌സ് ആപ്പ് നേരിട്ടിട്ടില്ല. ഇതാദ്യമായിട്ടാണ് വാട്‌സ് ആപ്പിനെതിരെ പിഴ ചുമത്തിയിരിക്കുന്നത്.
മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് വാട്‌സ്ആപ്പ്. കഴിഞ്ഞ വര്‍ഷം മെറ്റയെ തീവ്രവാദ സംഘടനയെന്നു റഷ്യ മുദ്രകുത്തുകയും രാജ്യത്ത് മെറ്റയെ നിരോധിക്കുകയും ചെയ്തിരുന്നു. എങ്കിലും മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് റഷ്യയിലെ ജനകീയ ആപ്പാണ്.
ഒരു വര്‍ഷം മുമ്പ്, യുക്രെയ്‌നില്‍ സൈനിക അധിനിവേശം ആരംഭിച്ച സമയത്ത്, റഷ്യ കര്‍ശനമായ സൈനിക സെന്‍സര്‍ഷിപ്പ് നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ ഗൂഗിള്‍, വിക്കിപീഡിയ, ഡിസ്‌കോര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള വിവിധ ടെക്‌നോളജി കമ്പനികള്‍ക്ക് പിഴ ചുമത്തുന്നതിലാണു കലാശിച്ചത്.
സമീപകാലത്ത് വാട്‌സ്ആപ്പിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്ന വിധത്തിലുള്ള ആരോപണവുമായി ട്വിറ്റര്‍ എന്‍ജിനീയര്‍ രംഗത്തുവന്നിരുന്നു. വാട്‌സ് ആപ്പ് യൂസറിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിവൈസിലെ മൈക്രോഫോണ്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്നതായിരുന്നു ആരോപണം.
വാട്‌സ്ആപ്പ് മൈക്രോഫോണ്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന്റെ സമയം വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ട് ട്വിറ്ററിലെ എന്‍ജിനീയറായ ഫോഡ് ഡാബിരിയാണ് ആരോപണം ഉന്നയിച്ചത്.
ഇതേ തുടര്‍ന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് വാട്‌സ്ആപ്പിനെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് ട്വീറ്റ് ചെയ്യുകയുമുണ്ടായി. ഈ സംഭവം വാട്‌സ് ആപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതായിരുന്നു.