ജനുവരിയില്‍ ജോലി തെറിച്ചു; മേയില്‍ സീനിയര്‍ റോളില്‍ തിരിച്ചുവരവ്, സംഭവം ആമസോണില്‍

  • ആമസോണില്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് മാനേജരായി തിരികെ പ്രവേശിച്ചു
  • ഈ വര്‍ഷം ജനുവരിയില്‍ 18,000 ജീവനക്കാരെയാണ് ആമസോണ്‍ പിരിച്ചുവിട്ടത്
  • ഐടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യത്തില്‍ ഇതുവരെ ശമനമൊന്നും ഉണ്ടായിട്ടില്ല

Update: 2023-05-20 11:33 GMT

ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശങ്ക സമ്മാനിക്കുന്ന വാര്‍ത്തയാണ് ഈ വര്‍ഷം ആദ്യം മുതല്‍ കേട്ടുകൊണ്ടിരിക്കുന്നത്. വന്‍കിട ടെക് കമ്പനികളായ ആല്‍ഫബെറ്റും, മെറ്റയും, ആമസോണും, മൈക്രോസോഫ്റ്റും, ട്വിറ്ററുമൊക്കെ ഈ വര്‍ഷം ജനുവരി മുതല്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പിരിച്ചുവിടലിനു പുറമെ ശമ്പളവും വെട്ടിച്ചുരുക്കുന്നുണ്ട്. 2023 മേയ് മാസമെത്തിയിട്ടും ഐടി കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യത്തില്‍ ഇതുവരെ ശമനമൊന്നും ഉണ്ടായിട്ടില്ല. ആഗോളതലത്തില്‍ സമ്പദ്‌രംഗം മാന്ദ്യാവസ്ഥ നേരിടുന്നതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ജോലി നഷ്ടപ്പെട്ടവര്‍ പുതിയ തൊഴില്‍സ്ഥാപനം തേടിപ്പോകുന്ന കാഴ്ച സാധാരണമാണ്. എന്നാല്‍ പിരിച്ചുവിട്ട കമ്പനിയില്‍ തന്നെ തിരികെ ജോലിക്കു പ്രവേശിക്കുന്നത് അസാധാരണമാണ്.

ഈ വര്‍ഷം ജനുവരിയില്‍ ആമസോണ്‍ പിരിച്ചുവിട്ട ജീവനക്കാരി നാല് മാസങ്ങള്‍ക്കു ശേഷം ആമസോണില്‍ തന്നെ ജോലിക്കു തിരിച്ചു കയറി, അതും പ്രൊമോഷനോടെ. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാമെങ്കിലും ഇത് ശരിക്കും സംഭവിച്ച കാര്യമാണ്. പെയ്ഗ് സിപ്രിയാനി എന്ന വനിതയാണ് ഇത്തരത്തില്‍ പിരിച്ചുവിട്ട സ്ഥാപനത്തില്‍ തന്നെ ജോലിയില്‍ തിരികെ പ്രവേശിച്ചത്.

ജനുവരിയിലാണ് ഇവരെ ആമസോണ്‍ പിരിച്ചുവിട്ടത്. എന്നാല്‍ നാല് മാസങ്ങള്‍ക്കു ശേഷം ആമസോണില്‍ പ്രൊഡക്റ്റ് മാര്‍ക്കറ്റിംഗ് മാനേജരായി തിരികെ പ്രവേശിക്കുകയും ചെയ്തു. ഇക്കാര്യം തന്റെ ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ രേഖപ്പെടുത്തുകയും ചെയ്തു പെയ്ഗ് സിപ്രിയാനി.

'ജനുവരിയില്‍ പിരിച്ചുവിടുന്നതിന് മുമ്പ് ഞാന്‍ ഉണ്ടായിരുന്ന ആമസോണിലെ സോഷ്യല്‍ മാര്‍ക്കറ്റിംഗ് ടീമില്‍ ഞാന്‍ തിരിച്ചെത്തിയെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്രയും മികച്ച ഒരു ടീമില്‍ തിരിച്ചെത്തിയതില്‍ എനിക്ക് അതിയായ നന്ദിയുണ്ട്. ഈ പുതിയ യാത്ര എന്തായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ' പെയ്ഗ് ലിങ്ക്ഡിനില്‍ കുറിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ 18,000 ജീവനക്കാരെയാണ് ആമസോണ്‍ പിരിച്ചുവിട്ടത്. അതിലൊരാളായിരുന്നു പെയ്ഗ്.

Tags:    

Similar News