ഐഫോണ്‍ ഇനി ടാറ്റ നിര്‍മിക്കും; വിസ്‌ട്രോണ്‍ പ്ലാന്റ് 125 ദശലക്ഷം ഡോളറിന് ഏറ്റെടുക്കും

  • വിസ്‌ട്രോണിന്റെ ദക്ഷിണേന്ത്യയിലുള്ള പ്ലാന്റ് ടാറ്റ ഏറ്റെടുക്കുന്നതോടെയാണു ഐഫോണ്‍ ടാറ്റ നിര്‍മിക്കാനുള്ള സാധ്യത തെളിഞ്ഞത്
  • രണ്ടര വര്‍ഷത്തിനുള്ളില്‍ ഐഫോണ്‍ ടാറ്റ നിര്‍മിക്കുമെന്നു മന്ത്രി അറിയിച്ചു

Update: 2023-10-27 12:10 GMT

ടാറ്റാ ഗ്രൂപ്പ് ആഭ്യന്തര, ആഗോള വിപണികള്‍ക്കായി ഇന്ത്യയില്‍ നിന്ന് ഐഫോണുകള്‍ നിര്‍മിച്ചു നല്‍കും. ഇക്കാര്യം കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇന്ന് (ഒക്ടോബര്‍ 27) പറഞ്ഞു.

രണ്ടര വര്‍ഷത്തിനുള്ളില്‍ ഐഫോണ്‍ ടാറ്റ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.

ടാറ്റ ഐഫോണ്‍ നിര്‍മിക്കുമെന്ന വാര്‍ത്ത ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്. കാരണം ഇതിലൂടെ രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന ഉല്‍പ്പാദന വൈദഗ്ധ്യത്തിനു അടിവരയിടുകയാണ്.


തായ്‌വാന്‍ ഇലക്ട്രോണിക്‌സ് മാനുഫാക്ചററായ വിസ്‌ട്രോണിന്റെ ദക്ഷിണേന്ത്യയിലുള്ള പ്ലാന്റ് ടാറ്റ ഏറ്റെടുക്കുന്നതോടെയാണു ഐഫോണ്‍ ടാറ്റ നിര്‍മിക്കാനുള്ള സാധ്യത തെളിഞ്ഞത്. ആപ്പിളിന്റെ സപ്ലൈറാണ് വിസ്‌ട്രോണ്‍ കോര്‍പറേഷന്‍.

ദക്ഷിണേന്ത്യയിലെ പ്ലാന്റ് ടാറ്റ ഏറ്റെടുക്കുന്നതിന് ഇന്ന് രാവിലെ ചേര്‍ന്ന വിസ്‌ട്രോണിന്റെ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.125 ദശലക്ഷം ഡോളറിന്റേതാണ് ഇടപാട്.

പ്രാദേശിക തലത്തില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സാമ്പത്തിക തലത്തില്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) പോലുള്ള സ്‌കീമുകള്‍ ഉദാഹരണമാണ്.

ഇത് ആപ്പിള്‍ കമ്പനിയെ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ പ്രേരിപ്പിച്ച ഘടകമാണ്. അതോടൊപ്പം വാഷിംഗ്ടണും-ബീജിംഗും തമ്മിലുള്ള ബന്ധം മോശമായതും വ്യാപാര യുദ്ധം മുറുകിയതും ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചു.

അടുത്തിടെ ഗൂഗിള്‍ തങ്ങളുടെ പിക്‌സല്‍ ഫോണിന്റെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാംസങ്ങിന്റെ ഫോള്‍ഡ് 5 മൊബൈല്‍ ഫോണും ആപ്പിളിന്റെ ഐഫോണ്‍ 15 ഉം ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലോകം ഇപ്പോള്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ നിര്‍മിച്ച സ്മാര്‍ട്ട് ഫോണുകളാണ്.

Tags:    

Similar News