രണ്ടാമത്തെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങി ടാറ്റ

  • 12-18 മാസത്തിനുള്ളില്‍ യൂണിറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും
  • ടാറ്റയുടെ ആദ്യ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് കര്‍ണാടകയിലാണ് പ്രവര്‍ത്തിക്കുന്നത്
  • ഐഫോണ്‍ നിര്‍മാണത്തിന് ടാറ്റയ്ക്ക് ആവശ്യമായ സാങ്കേതിക, എന്‍ജിനീയറിംഗ് പിന്തുണ നല്‍കും

Update: 2024-02-02 06:18 GMT

രണ്ടാമത്തെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ടാറ്റ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് ഐഫോണ്‍ അസംബിള്‍ ചെയ്യുന്ന തായ് വന്‍ കമ്പനിയായ പെഗാട്രോണുമായി ചര്‍ച്ച നടത്തി വരികയാണെന്ന് റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലെ ഹൊസൂര്‍ സിറ്റിയിലാണ് ടാറ്റയുടെ ഉടമസ്ഥയിലുള്ള രണ്ടാമത്തെ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുക. ചര്‍ച്ച വിജയകരമായാല്‍ പെഗാട്രോണ്‍ ഐഫോണ്‍ നിര്‍മാണത്തിന് ആവശ്യമായ സാങ്കേതിക, എന്‍ജിനീയറിംഗ് പിന്തുണ നല്‍കും.

ടാറ്റയുടെ ആദ്യ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് കര്‍ണാടകയിലാണ്. വിസ്‌ട്രോണില്‍ നിന്നായിരുന്നു കര്‍ണാടകയിലെ യൂണിറ്റ് ടാറ്റ ഏറ്റെടുത്തത്.

വിതരണ ശൃംഖലയെ പ്രാദേശികവല്‍ക്കരിക്കാനുമുള്ള ആപ്പിളിന്റെ ശ്രമങ്ങള്‍ക്ക് ഇത് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ടാറ്റയുമൊത്തുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനും ഇതിലൂടെ സാധിക്കും.

കോവിഡ്-19 ഉണ്ടാക്കിയ പ്രശ്‌നങ്ങളെ തുടര്‍ന്നാണു ചൈനയ്ക്കപ്പുറം ഐഫോണിന്റെ പ്രാദേശിക തലത്തിലുള്ള ഉല്‍പ്പാദനം വ്യാപിപ്പിക്കണമെന്ന ആലോചന ആപ്പിളിനുണ്ടായത്. തുടര്‍ന്നാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ആരംഭിച്ചതും.

തമിഴ്‌നാട്ടിലെ നിര്‍ദ്ദിഷ്ട പ്ലാന്റില്‍ ഏകദേശം 20 അസംബ്ലി നിരകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഏകദേശം 50,000 തൊഴിലാളികള്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

12-18 മാസത്തിനുള്ളില്‍ യൂണിറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കാനാകുമെന്നാണു കരുതുന്നത്.

ടാറ്റയും പെഗാട്രോണും തമ്മിലുള്ള സംയുക്ത സംരംഭം ഐഫോണ്‍ നിര്‍മാതാവെന്ന നിലയിലുള്ള ടാറ്റയുടെ സ്ഥാനം കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കും.

Tags:    

Similar News