ബൈജൂസ് നേരിടുന്നത് തിരിച്ചടികളുടെ പരമ്പര; മൂല്യം വെട്ടിക്കുറച്ചു പ്രോസസ്
- കഴിഞ്ഞയാഴ്ച ഓഡിറ്ററും മൂന്ന് ബോര്‍ഡംഗങ്ങളും ബൈജൂസില്‍ നിന്നും പടിയിറങ്ങിയിരുന്നു
- പ്രോസസ് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ്
- ബൈജൂസിന്റെ ഏറ്റവുംവലിയ ഓഹരിയുടമ കൂടിയാണ് പ്രോസസ്
ഒരുകാലത്ത് ഇന്ത്യയുടെ എഡ്ടെക് മേഖലയിലെ തിളങ്ങുന്ന നക്ഷത്രമായിരുന്നു ബൈജൂസ്. ഇപ്പോള്‍ ഭയാനകമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.
കഴിഞ്ഞയാഴ്ച ഓഡിറ്ററും മൂന്ന് ബോര്‍ഡംഗങ്ങളും ബൈജൂസില്‍ നിന്നും പടിയിറങ്ങിയിരുന്നു. ഇവര്‍ ബൈജൂസിന്റെ അടിത്തറ ശക്തമായി നിലനിര്‍ത്തിയവരാണ്. അവരുടെ പടിയിറക്കം ബൈജൂസിന് ശരിക്കും ക്ഷീണമായി മാറുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഇത്തരത്തില്‍ ഒരു വന്‍പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ ഇപ്പോള്‍ ഇതാ മറ്റൊരു തിരിച്ചടി കൂടി നേരിടേണ്ട അവസ്ഥയിലാണ് ബൈജൂസ്.
നിക്ഷേപ സ്ഥാപനമായ പ്രോസസ് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ്.
ഇത് രണ്ടാം തവണയാണ് ബൈജൂസിന്റെ മൂല്യം വെട്ടിക്കുറയ്ക്കുന്നത്. ബൈജൂസിന്റെ ഏറ്റവുംവലിയ ഓഹരിയുടമ കൂടിയാണ് പ്രോസസ്.
പ്രോസസിന്റെ കൈവശമുള്ള ബൈജൂസിന്റെ 9.6 ശതമാനം ഓഹരികളുടെ മൂല്യം മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷം 493 മില്യന്‍ ഡോളറായായാണ് വെട്ടിക്കുറച്ചത്.
ജനറല്‍ അറ്റ്‌ലാന്റിക്, ബ്ലാക്‌റോക്ക് തുടങ്ങിയ വന്‍കിട സ്ഥാപനങ്ങള്‍ ബൈജൂസിന്റെ നിക്ഷേപകരാണ്. യുഎസ് ആസ്ഥാനമായ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനമാണ് ബ്ലാക്ക്‌റോക്ക്. ബ്ലാക്ക്‌റോക്ക് ഒന്നിലധികം തവണ ബൈജൂസിന്റെ മൂല്യം വെട്ടിച്ചുരുക്കിയിട്ടുണ്ട്.
ഇന്ത്യയിലെ എഡ്‌ടെക് ഭീമന്‍ ബൈജൂസ് പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഒട്ടുമിക്ക ജീവനക്കാരുടെയും പിഎഫ് പേമെന്റ് കമ്പനി നടത്തിയിട്ടില്ലെന്ന് ഇപിഎഫ്ഒ ഡാറ്റ ഉള്‍പ്പടെയുള്ള സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബൈജൂസിന്റെ നിരവധി മുന്‍ ജീവനക്കാര്‍ കമ്പനി പിഎഫ് അടച്ചിട്ടില്ലെന്ന ആരോപണവുമായി സമൂഹ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. ചില മുന്‍ ജീവനക്കാര്‍ ഇപിഎഫ് അക്കൗണ്ട് പാസ്ബുക്കിന്റെയും സാലറി സ്ലിപ്പുകളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കിട്ടും തെളിവുനിരത്തി.
ഇപിഎഫ്ഒ പോര്‍ട്ടലില്‍ നിന്നുള്ള ഡാറ്റയും, ജീവനക്കാര്‍ക്കായി കമ്പനി പ്രതിമാസം നടത്തേണ്ട നിക്ഷേപങ്ങള്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് പിഎഫ് അടവില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നാണ് ഇപിഎഫ്ഒ ഡാറ്റ കാണിക്കുന്നത്. 3,164 ജീവനക്കാര്‍ക്കുള്ള ഏപ്രിലിലെ പിഎഫ് വിഹിതം 36 ദിവസത്തെ കാലതാമസത്തിന് ശേഷം കമ്പനി അടച്ചു. 31 ജീവനക്കാരുടെ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് മേയ് മാസത്തെ പേയ്മെന്റ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 2022 ഡിസംബര്‍, 2023 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പിഎഫ് വിഹിതം ജൂണ്‍ 19-ന് കമ്പനി നല്‍കി. എന്നിരുന്നാലും, എല്ലാ ജീവനക്കാരുടെയും അക്കൗണ്ടുകളിലേക്ക് പിഎഫ് തുക നിക്ഷേപിച്ചിട്ടില്ലെന്ന് ഇപിഎഫ്ഒ ഡാറ്റ വ്യക്തമാക്കുന്നു.
കുറച്ചുകാലമായി പിഎഫ് പണം അടയ്ക്കുന്നതില്‍ ബൈജൂസ് വീഴ്ചകള്‍ വരുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, 2020 മുതല്‍ കുടിശികയുള്ള പിഎഫ് പണം 2023 ജൂണില്‍ മാത്രം നല്‍കിയ കേസുകളുണ്ട്. ഒരു മാസത്തിനായുള്ള പിഎഫ് വിഹിതം ഒരു കമ്പനി അടുത്ത മാസം 15നകം നിക്ഷേപിക്കണമെന്നാണ് ഇപിഎഫ്ഒ നിയമങ്ങള്‍ അനുശാസിക്കുന്നത്. ഇതില്‍ വരുന്ന ഏതു കാലതാമസത്തിനും തുകയുടെ 5-100 ശതമാനം പിഴ ഈടാക്കാം. ബൈജൂസ് നിലവില്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ തന്നെയാണ് പിഎഫ് വിഹിതം മുടങ്ങിയതിനെയും വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നത്.