ചുമ്മാതങ്ങ് വാട്‌സാപ്പ് സറ്റാറ്റസ് ഇടല്ലേ! 'പണി തരുന്ന' ഫീച്ചര്‍ വരുന്നു
- ഇതോടെ അശ്ലീല കണ്ടന്റ് ഉള്‍പ്പടെ ഷെയര്‍ ചെയ്യുന്നവരുടെ വിശദാംശങ്ങളടക്കം വാട്‌സാപ്പ് മോഡറേഷന്‍ ടീമിന് കിട്ടും
ഡെല്‍ഹി: ഈ വര്‍ഷംതന്നെ അവതാര്‍ ഇമേജുകളടക്കം ഒട്ടേറെ അപ്‌ഡേറ്റുകള്‍ കൊണ്ടു വന്ന വാട്‌സാപ്പ് സ്വകാര്യതയ്ക്ക് മുന്‍തൂക്കം നല്‍കുന്ന കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാജ സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് സമാനമായി 'സംശയം തോന്നുന്ന' വാട്‌സാപ്പ് സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഫീച്ചര്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് വാട്‌സാപ്പ്.
അശ്ശീല വീഡിയോ ഉള്‍പ്പടെ വാട്‌സാപ്പിന്റെ പോളിസി പാലിയ്ക്കാത്ത കണ്ടന്റുകള്‍ സ്റ്റാറ്റസായി വന്നാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇതു വഴി സാധിക്കും. ആദ്യഘട്ടത്തില്‍ ഡെസ്‌ക് ടോപ്പ് വേര്‍ഷനില്‍ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. റിപ്പോര്‍ട്ട് ചെയ്യുന്നത് വഴി വാട്‌സാപ്പ് സ്റ്റാറ്റസിന്റെ വിവരങ്ങള്‍ വാട്‌സാപ്പിന്റെ മോഡറേഷന്‍ ടീമിനെ അറിയിക്കാന്‍ സാധിക്കും. പോളിസികളുടെ ലംഘനം നടന്നുവെന്ന് വ്യക്തമായാല്‍ ഉടന്‍ തന്നെ നടപടി എടുക്കും.
'ഡിലീറ്റ് ഫോര്‍ മീ' ഇനി കുഴപ്പക്കാരനല്ല
വാട്‌സാപ്പിലെ ഡിലീറ്റ് ഫോര്‍ മീ എന്ന ഓപ്ഷന്‍ അബദ്ധത്തില്‍ തിരഞ്ഞെടുപ്പ് പലരും വെട്ടിലാകുന്നത് പതിവായിരുന്നു. എന്നാല്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന അണ്‍ഡു ഫീച്ചറിലൂടെ ഡിലീറ്റ് ചെയ്ത മെസേജ് തിരിച്ചെടുക്കാന്‍ ഇനി സാധിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് കമ്പനി അറിയിച്ചു. മെസേജ് അണ്‍ഡു ചെയ്ത ശേഷം ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ നല്‍കിയാല്‍ സന്ദേശം പൂര്‍ണമായും നീക്കം ചെയ്യാം.
പുത്തന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയെന്ന് ട്വിറ്റര്‍ വഴിയാണ് വാട്‌സാപ്പ് അധികൃതര്‍ അറിയിച്ചത്. ആന്‍ഡ്രോയിഡിലും ഐഓഎസിലും പുതിയ ഫീച്ചര്‍ ലഭ്യമാവും. ടെക്സ്റ്റ് മെസ്സേജുകള്‍ക്കും വ്യൂ വണ്‍സ് എന്ന ഫീച്ചര്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് വാട്‌സാപ്പ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. രഹസ്യ സ്വഭാവമുള്ള സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കും എന്നതാണ് ഈ ഫീച്ചറിന്റെ നേട്ടം.