മൈക്രോണ്‍ ടെക്‌നോളജി ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്
- ഒരു ബില്യണ്‍ ഡോളര്‍ പ്രഖ്യാപിക്കുമെന്ന് സൂചന
- ചൈനയുമായുണ്ടായ തര്‍ക്കങ്ങള്‍ നിക്ഷേപമാറ്റങ്ങള്‍ക്ക് കമ്പനിയെ പ്രേരിപ്പിക്കുന്നു
- മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ കരാറിലെത്തും
യുഎസ് ആസ്ഥാനമായുള്ള മൈക്രോണ്‍ ടെക്നോളജി ഇന്ത്യക്കായി ഒരു വന്‍ നിക്ഷേപ കരാറിന് ഒരുങ്ങുന്നതായി സൂചന. ചിപ്പ് നിര്‍മ്മാണ രംഗത്തെ ഭീമനായ കമ്പനി കുറഞ്ഞത് ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചേക്കും. അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. എന്നാല്‍ ഈ വാര്‍ത്ത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിക്ഷേപം രണ്ടു ബില്യണ്‍ വരെ ഉയരാമെന്നും വാര്‍ത്തകളുണ്ട്.
ഇന്ത്യയില്‍ ഒരു ചിപ്പ് നിര്‍മാണ ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാകും നിക്ഷേപം. കരാറിനെപ്പറ്റി അടുത്തറിയാവുന്ന കമ്പനിയിലെ ഉദ്യോഗസ്ഥരാണ് നിക്ഷേപം ഉയരുന്നതിന്റെ സാധ്യതകളെക്കുറിച്ച് പറയുന്നത്. ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുന്നതിനാലും അന്തിമ കരാറിനെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിട്ടില്ലാത്തതിനാലും ഇപ്പറഞ്ഞ വസ്തുതകളില്‍ മാറ്റമുണ്ടായേക്കാമെന്നും കമ്പനിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
ചൈനയുമായണ്ടാകുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാകാം മൈക്രോണ്‍ പുതിയ ഫാക്ടറികള്‍ മറ്റു രാജ്യത്ത് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. മൈക്രോണിന് നേരത്തെ ചൈന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് യുഎസ് -ചൈന വ്യാപാര സംഘര്‍ഷത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. കമ്പനിയുടെ ചിപ്പുകള്‍ സുരക്ഷിതമല്ലെന്ന വാദവും ബെയ്ജിംഗ് ആരോപിച്ചിരുന്നു. സുരക്ഷയ്ക്ക് ഭീഷണിയാണെന്നായിരുന്നു ആരോപണം.
തുടര്‍ന്ന് ആരോപണം നിഷേധിച്ച മൈക്രോണ്‍ വടക്കന്‍ ചൈനയിലെ ഒരു പാക്കിംഗ് ആന്‍ഡ് ടെസ്റ്റിംഗ് ഫാക്ടറിയില്‍ 600 മില്യണ്‍ ഡോളറിലധികം നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. ചൈനയുടെ വികസനത്തില്‍ പങ്കാളികളാകാനുള്ള അവരുടെ സന്നദ്ധതയും ഇതിനൊപ്പം പ്രഖ്യാപിച്ചു. നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളില്‍ നിന്ന് ബെയ്ജിംഗ് മൈക്രോണിന്റെ ചിപ്പുകളെ നിരോധിച്ച് ഒരു മാസത്തിനുള്ളില്‍ ആണ് നിക്ഷേപം അവിടേക്ക് എത്തിയത്.
ബെയ്ജിംഗിന് നിലപാടാണ് ഇവിടെ ഇനിയും പ്രധാനം. അതിനുശേഷമാണ് മൈക്രോണ്‍ ഇന്ത്യയില്‍ നിക്ഷേപമിറക്കുമെന്ന വാര്‍ത്ത പുറത്തുവരുന്നത്.
ചൈനയില്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ചിപ്പുകളാണ് മൈക്രോണിന്റേത്. അമേരിക്കന്‍ കമ്പനിക്കെതിരായ ചൈനീസ് നടപടിമൂലം രണ്ടുകൂട്ടര്‍ക്കും നഷ്ടമുണ്ടാകും. മൈക്രോണിന് വന്‍ വരുമാന നഷ്ടമാണ് സംഭവിക്കുക. ബെയ്ജിംഗിന്റെ ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് കമ്പനിയുടെ ഓഹരി രണ്ടു ശതമാനം ഇടിഞ്ഞിരുന്നു.
ഇന്ത്യയുമായുള്ള കരാര്‍ ചൈനയ്ക്ക് പുറത്തുള്ള പ്രധാന വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള അവസരം യുഎസിന് നല്‍കും. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെ പ്രധാന വിജയംകൂടിയാകുകയും ചെയ്യും.
ചിപ്പ് നിര്‍മ്മാതാക്കളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ഇന്ത്യയും പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ഫാക്ടറികള്‍ സ്ഥാപിക്കുന്ന ചെലവിന്റെ പകുതി ഇന്ത്യ വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.