ട്വിറ്റിന് വെല്ലുവിളിയാകാന്‍ പുതിയ മൈക്രോ ബ്ലോഗിംഗ് ആപ്പുമായി രംഗത്തുവരികയാണ് മെറ്റ.
ത്രെഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ജുലൈ ആറിന് എത്തും. ത്രെഡ്സ് ആപ്പ് ആദ്യമായി യൂറോപ്പിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ജുലൈ 3-ാം തീയതി തിങ്കളാഴ്ച രാവിലെ കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയോടെ ആപ്പിള്‍ ആപ്പ് സ്റ്റോറിലും പ്രത്യക്ഷപ്പെട്ടു. ആപ്പ് നിലവില്‍ ജൂലൈ 6-ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്‍സ്റ്റാഗ്രാം അടിസ്ഥാനമാക്കിയ ടെക്സ്റ്റ് ആപ്പ് ആണ് ത്രെഡ്‌സ്. ഇന്‍സ്റ്റാഗ്രാമിലെ അക്കൗണ്ടുകളെ ഫോളോ ചെയ്യാനും ഇന്‍സ്റ്റാഗ്രാമിലെ യൂസര്‍ നെയിം തന്നെ ഉപയോഗിക്കാനും ത്രെഡ്‌സില്‍ സാധിക്കും.
ട്വിറ്ററിന് ബദലുമായി മെറ്റ വരുന്നു എന്ന് ഏതാനും നാളുകള്‍ക്കു മുന്‍പ് റിപ്പാര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ കിംവദന്തികള്‍ മാത്രമാണെന്നു ചിലരെല്ലാം വിശ്വസിക്കുകയും ചെയ്തു. പക്ഷേ, അത്തരമൊരു ആപ്പ് പുറത്തിറങ്ങുകയാണ്.
ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് മെറ്റ കമ്പനി തലത്തില്‍നടന്ന മീറ്റിംഗില്‍ പുതിയ ആപ്പ് ചര്‍ച്ചാവിഷയമായിരുന്നു. പുതിയ ആപ്പിന്റെ പ്രസന്റേഷനും ചര്‍ച്ചയ്ക്കിടെ ഉണ്ടായിരുന്നു. പുതിയ ആപ്പിന്റെ ദൃശ്യങ്ങള്‍ ലീക്കാവുകയും അവ വെര്‍ജ് എന്ന മാധ്യമത്തിന് ലഭിക്കുകയും ചെയ്തു. വെര്‍ജ് ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രൊജക്റ്റ് 92 എന്ന രഹസ്യനാമമാണ് കമ്പനി ആപ്പിന് പരീക്ഷണഘട്ടത്തില്‍ നല്‍കിയിരുന്നത്.
ത്രെഡ്‌സ് എന്ന പേരില്‍ നേരത്തേ ഇന്‍സ്റ്റാഗ്രാമിന് ഒരു ആപ്പ് ഉണ്ടായിരുന്നു. 2019-ലാണ് ത്രെഡ്‌സ് കംപാനിയന്‍ ആപ്പ് (companion app) എന്ന നിലയില്‍ ലോഞ്ച് ചെയ്തത്.
എന്നാല്‍ 2021 ഡിസംബറില്‍ ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ചു.
സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യുന്നതിനും ഇന്‍സ്റ്റാഗ്രാമില്‍ യൂസറിന്റെ ഉറ്റ ചങ്ങാതിമാരായി നിശ്ചയിച്ചിട്ടുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും വേണ്ടി രൂപകല്‍പ്പന ചെയ്ത ' ക്യാമറ ഫസ്റ്റ് ' മൊബൈല്‍ മെസഞ്ചറായിട്ടാണ് ത്രെഡ്‌സ് ഡിസൈന്‍ ചെയ്തത്. പക്ഷേ അത് അധികകാലം പ്രവര്‍ത്തിച്ചില്ല.
പുതിയ ആപ്പ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി കണക്റ്റഡ് ആയിരിക്കും. മറ്റ് ആപ്പുകളുമായും വേണമെങ്കില്‍ കണക്റ്റ് ചെയ്യാനാകുമെന്നു മെറ്റ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ ക്രിസ് കോക്‌സ് അറിയിച്ചു.
ട്വിറ്ററിന്റേതു പോലെയുള്ള യൂസര്‍ ഇന്റര്‍ഫേസാണ് (UI)പുതിയ ആപ്പിനുള്ളത്. ഓരോ പോസ്റ്റിനു താഴെ ലൈക്ക് ചെയ്യാന്‍ ഹൃദയാകൃതിയിലുള്ള ബട്ടന്‍ ഉണ്ടാകും. കമന്റ് ചെയ്യാനും, ഷെയര്‍, റീഷെയര്‍ ചെയ്യാനും ഓപ്ഷനുണ്ടാകും.
യൂസറിന് ഹോം സ്‌ക്രീനിലേക്ക് ആക്സസ് ചെയ്യാനും, സെര്‍ച്ച് ചെയ്യാനും, പുതിയ പോസ്റ്റ് കംപോസ് ചെയ്യാനും, ലൈക്ക് ചെയ്ത പോസ്റ്റുകള്‍ പരിശോധിക്കാനും, സ്വന്തം പ്രൊഫൈല്‍ കാണാനുമൊക്കെയായി ടാബുകള്‍ ഉണ്ട്.
പുതിയ ആപ്പിനു വേണ്ടിയുള്ള കോഡിംഗ് ആരംഭിച്ചത് ഈ വര്‍ഷം ജനുവരി മുതലായിരുന്നു.
സുരക്ഷ, ഉപയോഗിക്കാന്‍ എളുപ്പം, വിശ്വാസ്യത എന്നിവയായിരിക്കും ആപ്പിന്റെ പ്രത്യേകതയെന്നാണു കമ്പനി അവകാശപ്പെടുന്നത്.
സെലിബ്രിറ്റികളായ ഓപ്രേ, ടിബറ്റിന്റെ ആത്മീയാചാര്യന്‍ ദലൈ ലാമ, ഡിജെ സ്ലൈം തുടങ്ങിയവരെ ആപ്പുമായി സഹകരിപ്പിക്കാനും അണിയറയില്‍ നീക്കം നടത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ട്വിറ്റര്‍ ഏറ്റെടുത്തതിനു ശേഷം മസ്‌ക് നിരവധി മാറ്റങ്ങളാണ് ഈ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവരുന്നത്. ഈ മാറ്റങ്ങളൊന്നും തന്നെ യൂസര്‍മാരില്‍ സ്വീകാര്യത ജനിപ്പിച്ചിട്ടില്ല. പലരും ട്വിറ്റര്‍ പ്ലാറ്റ്‌ഫോം ഉപേക്ഷിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെറ്റ ത്രെഡ്‌സ് എന്ന പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരിക്കുന്നത്.
ട്വിറ്ററിന്റെ മുന്‍ സിഇഒ ജാക്ക് ഡോര്‍സേ ഇപ്പോള്‍ ബ്ലൂ സ്‌കൈ എന്നൊരു ആപ്പിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ഈ ആപ്പ് കൂടി രംഗത്തുവരുന്നതോടെ ട്വിറ്ററിന് കൂടുതല്‍ വെല്ലുവിളി ഉയരുമെന്നത് ഉറപ്പ്.