ഇന്‍സ്റ്റാഗ്രാം, യുട്യൂബ്, ആമസോണില്‍ ഷോപ്പിംഗ്..,Gen Z -ന്റെ ഇഷ്ടങ്ങള്‍ ഇതൊക്കെയാണ്

  • സര്‍വേയില്‍ പങ്കെടുത്ത 67 ശതമാനവും അഭിപ്രായപ്പെട്ടത് ഭാവിയെക്കുറിച്ച് ആത്മവിശ്വാസവും ആവേശവും ഉണ്ടെന്നാണ്
  • ഗോവയെയാണ് ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തത്. ഹിമാചല്‍ പ്രദേശ്, കേരളം എന്നിവയാണ് ഇക്കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്
  • വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നയിടമായതാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് തങ്ങളെ ആകര്‍ഷിക്കുന്നതെന്ന് ഇവര്‍ പറയുന്നു

Update: 2023-06-22 10:00 GMT

യുട്യൂബില്‍ വീഡിയോ കാണുക, ഇന്‍സ്റ്റാഗ്രാമില്‍ ഒരു ദിവസം പത്തിലധികം തവണ പ്രവേശിക്കുക, ആമസോണില്‍ ഷോപ്പിംഗ് നടത്തുക....ഇതൊക്കെയാണ്

ഇന്ത്യയില്‍ നഗരങ്ങളില്‍ കഴിയുന്ന Gen Z -ന്റെ ഇഷ്ടങ്ങള്‍. ഡാറ്റ ആന്‍ഡ് അനലിറ്റിക്‌സ് ഗ്രൂപ്പായ YouGov ന്റെ ഏറ്റവും പുതിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

1996-നും 2010-നും ഇടയില്‍ ജനിച്ചവരാണ് ജനറേഷന്‍ Z. ഡിജിറ്റല്‍ യുഗം രൂപപ്പെടുത്തിയതാണ് ഈ തലമുറയുടെ ഐഡന്റിറ്റി. 2023-ല്‍ ഇവര്‍ 18-26 വയസ്സുള്ളവരാണ് ഇക്കൂട്ടര്‍.

സര്‍വേയില്‍ പ്രധാനമായും പരിഗണിച്ചത് ജനറേഷന്‍ Z ന്റെ സാമ്പത്തിക വീക്ഷണം, ഭക്ഷണത്തിലുള്ള മുന്‍ഗണനകള്‍, ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍, മീഡിയ ബിഹേവിയര്‍ എന്നിവയാണ്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 67 ശതമാനവും അഭിപ്രായപ്പെട്ടത് തങ്ങളുടെ ഭാവിയെക്കുറിച്ച് ആത്മവിശ്വാസവും ആവേശവും ഉണ്ടെന്നാണ്. ഗ്രീന്‍ എനര്‍ജിയാണ് ഭാവിയെന്ന് 69 ശതമാനം പേര്‍ കരുതുന്നതായും സര്‍വേയില്‍ കണ്ടെത്തി.

72 ശതമാനം Gen Z-ും കൂടുതല്‍ പണം മിച്ചം പിടിക്കാന്‍ പദ്ധതിയിടുന്നവരാണ്. ഇതിനായി അവര്‍ പ്രധാനമായും ആശ്രയിക്കുന്നത് അവരുടെ കുടുംബത്തില്‍ നിന്നുള്ള ഉപദേശത്തെയാണ് (33%). 30 ശതമാനം പേര്‍ ഓണ്‍ലൈന്‍ നിക്ഷേപ കമ്പനികളില്‍ നിന്ന് ഉപദേശം തേടുന്നു.

സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലേറെയും (56 ശതമാനം) അഭിപ്രായപ്പെട്ടത് അവര്‍ കാണുന്ന പരസ്യങ്ങളില്‍ യഥാര്‍ഥ രൂപത്തിലുള്ള ആളുകളെ കാണാന്‍ ഇഷ്ടപ്പെടുന്നു എന്നാണ്. തങ്ങള്‍ അംഗീകരിക്കുന്ന കാഴ്ചപ്പാടുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു ബ്രാന്‍ഡാണ് തങ്ങള്‍ വാങ്ങാന്‍ ഏറ്റവുമധികം സാധ്യതയെന്നു 51 ശതമാനം പേര്‍ പറഞ്ഞു.

യാത്രയുടെ കാര്യത്തില്‍ GenZ ഗോവയെയാണ് അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തത്. ഹിമാചല്‍ പ്രദേശ്, കേരളം എന്നിവയാണ് ഇക്കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ രസകരമാകുമെന്ന അഭിപ്രായം സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കുമുണ്ട്.

വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നയിടമായതാണ് ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് തങ്ങളെ ആകര്‍ഷിക്കുന്നതെന്ന് ഇവര്‍ പറയുന്നു. ഇവരുടെ ഇഷ്ടപ്പെട്ട ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് ആമസോണ്‍ ആണ്. 65 ശതമാനം പേരും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ആമസോണില്‍ ഷോപ്പിംഗ് നടത്തിയവരാണ്. ആമസോണ്‍ കഴിഞ്ഞാല്‍ Myntra, Maybelline, MyGlamm, Purplle എന്നിവയാണ് പ്രിയ ഷോപ്പിംഗ് സൈറ്റുകള്‍.

സ്ട്രീമിംഗിന്റെ കാര്യത്തില്‍ യുട്യൂബാണ് ഇഷ്ട പ്ലാറ്റ്‌ഫോം. വീഡിയോ, ഓഡിയോ എന്നിവ ഉപയോഗിക്കാനും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്നത് യുട്യൂബാണ്. നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍, സ്‌പോട്ടിഫൈ, ആമസോണ്‍ പ്രൈം എന്നിവ യുട്യൂബിനു പിന്നിലായി സ്ഥാനം പിടിച്ചിട്ടുമുണ്ട്.

വീഡിയോ, മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങള്‍ കൂടുതല്‍ ഗ്രൂപ്പ് സബ്സ്‌ക്രിപ്ഷനുകള്‍ നല്‍കണമെന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 60 ശതമാനത്തിലധികം പേരും അഭിപ്രായപ്പെട്ടു.

Tags:    

Similar News