എലോൺ മസ്‌കിന് ചാരപ്പണിയും; സ്പേസ് എക്സ് നിരീക്ഷണ ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നു
- യുഎസ് സൈനികർക്കായി ചാര സാറ്റലൈറ്റുകളുടെ ഒരു ശൃഖല നിർമ്മിക്കുന്നതിൽ സ്പേസ് എക്സിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്
- ഈ ഉപഗ്രഹങ്ങൾക്ക് ഭൂമിയിലെ ലക്ഷ്യങ്ങളെ ട്രാക്കുചെയ്യാനും വിവരങ്ങൾ യുഎസ് രഹസ്യാന്വേഷണ, സൈനിക ഉദ്യോഗസ്ഥരുമായി പങ്കിടാനും കഴിയും
ഇലോൺ മസ്കിന്റെ സ്പേസ് എക്സ്, യുഎസ് രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി നൂറുകണക്കിന് ചാര സാറ്റലൈറ്റുകളുടെ ഒരു ശൃംഖല നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്. 2021-ൽ നാഷണൽ റീകണൈസൻസ് ഓഫീസ് (എൻആർഒ) എന്ന ചാര സാറ്റലൈറ്റുകൾ നിയന്ത്രിക്കുന്ന രഹസ്യാന്വേഷണ ഏജൻസിയുമായി ഒപ്പുവെച്ച 1.8 ബില്യൺ ഡോളറിന്റെ രഹസ്യ കരാറിന്റെ കീഴിലാണ് ഈ പ്രവർത്തനം നടക്കുന്നതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
യുഎസ് സൈനികർക്കായി ലോ-എർത്ത് ഓർബിറ്റ് സാറ്റലൈറ്റുകളുടെ ഒരു ശൃഖല നിർമ്മിക്കുന്നതിൽ സ്പേസ് എക്സിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. യുഎസ് സർക്കാരിനും സൈനികർക്കും ലോകമെമ്പാടുമുള്ള ലക്ഷ്യസ്ഥാനങ്ങൾ വേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്ന സാറ്റലൈറ്റുകളാണിത്.
ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വൈവിധ്യപൂർണ്ണവും പ്രതിരോധശേഷിയുള്ളതുമായ രഹസ്യാന്വേഷണ, നിരീക്ഷണ സംവിധാനമാണ് യു എസ് നാഷണൽ റെക്കണൈസൻസ് ഓഫീസ് വികസിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടിത്തുന്നു.
രഹസ്യാന്വേഷണ, സൈനിക പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന വിധത്തിൽ ഈ ഉപഗ്രഹങ്ങൾക്ക് ഭൂമിയിലെ ലക്ഷ്യങ്ങളെ ട്രാക്കുചെയ്യാനും വിവരങ്ങൾ യുഎസ് രഹസ്യാന്വേഷണ, സൈനിക ഉദ്യോഗസ്ഥരുമായി പങ്കിടാനും കഴിയും. ലോകത്തിൽ എവിടെയും നടക്കുന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ യുഎസ് സർക്കാറിന് വേഗത്തിൽ പകർത്താൻ കഴിയും.
2020 മുതൽ ഏകദേശം 12 സാറ്റലൈറ്റുകൾ, സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റുകളിൽ മറ്റ് ഉപഗ്രഹങ്ങൾക്കൊപ്പം വിക്ഷേപിച്ചതായി റിപ്പോർട്ട് പറയുന്നു.