തട്ടിപ്പ് വേണ്ട: വായ്പ ആപ്പുകൾ നീക്കം ചെയ്ത് ആപ്പിൾ
- നിരന്തരമായി ഭീഷണിപ്പെടുത്തുന്നതുൾപ്പെടെയുള്ള ബ്ലാക്‌മെയ്ലിംഗ് തന്ത്രങ്ങൾ
- ഫിൻടെക് മേഖലയിലെ വളർച്ച വായ്പ അപ്പുകൾ വർദ്ധിക്കുന്നതിനു കാരണമായിട്ടുണ്ട്
- വായ്പ ആപ്പുകൾ വഴി വളരെ പെട്ടെന്ന് ലോൺ
ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന്ആറോളം വായ്പ ആപ്പുകൾ കമ്പനി നീക്കം ചെയ്തു. ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്ത ഉപയോക്താക്കളെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന ഉപയോക്താക്കളുടെ പരാതി വ്യാപകമായിരുന്നു. ഉപയോക്താക്കളുടെ മേൽ അമിത ചാർജ് ചുമത്തി വളരെ വേഗത്തിൽ ആപ്പുകൾ വഴി വായ്പ അനുവദിക്കുന്നു.
ഗോൾഡൻ ക്യാഷ്, ഒകെ റുപീ, വൈറ്റ് ക്യാഷ്, പോക്കറ്റ് ക്യാഷ് തുടങ്ങിയവ നീക്കം ചെയ്ത നിരവധി ആപ്പുകളിൽ പെടും. വായ്പ എടുക്കുന്നവരെ നിരന്തരമായി ഭീഷണിപ്പെടുത്തുന്നതുൾപ്പെടെയുള്ള ബ്ലാക്‌മെയ്ലിംഗ് തന്ത്രങ്ങൾ വായ്പ അപ്പുകൾ പ്രയോഗിക്കുന്നു.
ആപ്പിൾ ഡെവലപ്പർ പ്രോഗ്രാം ലൈസൻസ് കരാറും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതിനാൽ ഇത്തരം വായ്പ ആപ്പുകൾ നീക്കം ചെയ്യുന്നതായി കമ്പനികളെ അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്തതിനു അടുത്ത കാലത്തായി 17 ലക്ഷം ആപ്പുകളെ കമ്പനി നിരസിച്ചിരുന്നു. കൂടാതെ 4.28 ലക്ഷം ഡെവലപ്പർ അക്കൗണ്ടുകളും കമ്പനി നീക്കം ചെയ്തിരുന്നു.
ഫിൻടെക് മേഖലയിലെ വളർച്ച
ഇന്ത്യയിലെ ഫിൻടെക് മേഖലയിലെ വളർച്ച ഇത്തരം വായ്പ അപ്പുകൾ വർദ്ധിക്കുന്നതിനു കാരണമായിട്ടുണ്ട്. കോവിഡ് 19 മഹാമാരി ആളുകൾക്ക് തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിച്ചു. ആളുകൾ വായ്പകൾക്കായി ആപ്പുകളെ ആശ്രയിക്കുന്നത് വൻതോതിൽ വർദ്ധിച്ചു. ഗൂഗിളിന്റെ ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വായ്പ ആപ്പുകളുടെ പ്രാഥമിക പ്ലാറ്റ്ഫോം. വായ്പ അപ്പുകൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഗൂഗിളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇടപെടൽ നടത്തിയിരുന്നു.