ത്രെഡ്‌സിന്റെ സജീവ ഉപയോക്താക്കൾ 75 ശതമാനം കുറഞ്ഞു
- ത്രെഡ്സ് സജീവ ഉപയോക്താക്കളുടെ എണ്ണം 75 ശതമാനം കുറഞ്ഞു
- ത്രെഡ്സ് പ്ലാറ്റ്‌ഫോമിൽ ചെലവഴിക്കുന്ന സമയത്തിലും കുറവ്
- പ്ലാറ്റ് ഫോമിലെ ഉള്ളടക്കത്തിനു ഉപയോക്താക്കളെ പിടിച്ച് നിർത്താൻ ആയില്ല
സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള പ്ലാറ്റുഫോമുകളിൽ തരംഗം സൃഷ്ടിച്ചു കൊണ്ട് കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് ഡൗൺലോഡുകളിൽ റെക്കോർഡ് സൃഷ്ടിച്ച മെറ്റയുടെ ആപ്പ് ആണ് ത്രെഡ്സ്. "ട്വിറ്ററിന്റെ കൊലയാളി " എന്ന് വിശേഷിപ്പിക്കപ്പെട്ട ത്രെഡ്സ് ഇപ്പോൾ പിടിച്ച് നിൽക്കാൻ പെടാപ്പാട് പെടുന്നു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ട്വിറ്ററിൽ വന്ന മാറ്റങ്ങളിൽ മനം മടുത്ത ഉപയോക്താക്കൾ ബദൽ മാർഗങ്ങൾ തേടുന്ന സമയത്താണ് ത്രെഡ്സ് അവതരിപ്പിച്ചത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 6 ന് അവതരിപ്പിച്ച ത്രെഡ്സിലെ സജീവ ഉപയോക്താക്കൾ 15 ദിവസങ്ങൾക്കുള്ളിൽ 75 ശതമാനം വരെ കുറഞ്ഞു.ഐഫോൺ ഉപയോക്താക്കൾ ത്രെഡിൽ ചെലവഴിക്കുന്ന ശരാശരി സമയം 19 മിനുട്ടിൽ നിന്ന് 4 മിനിറ്റ് ആയും ആൻഡ്രോയ്ഡ് ഫോണിൽ 21 മിനിറ്റിൽ നിന്ന് 5 മിനിറ്റ് ആയും കുറഞ്ഞു.
ത്രെഡ്സ് ആപ്പ് പുറത്തിറക്കി വെറും 5 ദിവസങ്ങൾക്കുള്ളിൽ 100 മില്യൺ സജീവ ഉപയോക്താക്കളുമായി ഓപ്പൺ എ ഐ യുടെ ചാറ്റ് ജിപിടി റെക്കോർഡും മറികടന്നിരുന്നു. പുതിയ ആപ്പ് 184 മില്യൺ ആളുകൾ തുടക്കത്തിൽ തന്നെ ഡൗൺലോഡ് ചെയ്തിരുന്നു.
ത്രെഡ്സ് എന്ത്കൊണ്ട് വേണ്ട ?
ത്രെഡ്സിന്റെ സജീവ ഉപയോഗത്താക്കൾ കുറയുന്നതിന്റെ നിരവധി കാരണങ്ങളുണ്ട്. ഒരു ആപ്പ് എന്തായിരിക്കണം എന്നതിനെ പറ്റി വ്യക്തതയില്ലാതെയാണ് ആപ്പ് അവതരിപ്പിക്കപ്പെട്ടത്. ട്വിറ്റർ പ്ലാറ്റ് ഫോമിൽ അസംതൃപ്തരായ ഉപയോക്താക്കളെ ആകർഷിക്കാൻ ആയിരുന്നു ത്രെഡ്സ് ശ്രമിച്ചത്. എന്നാൽ ഉപയോക്താക്കളെ പിടിച്ച് നിർത്താനുള്ള ഉള്ളടക്കത്തിന്റെ അഭാവം ത്രെഡിസിനു വിനയായി.
ട്വിറ്റർ വർഷങ്ങളായി രാഷ്ട്രീയ സംബന്ധമായ വാർത്തകൾക്കുള്ള ഒരു ഫോറം ആയി പ്രവർത്തിക്കുന്നു. ഇവിടെ പത്രപ്രവർത്തകർ, സെലിബ്രിറ്റികൾ, കായിക താരങ്ങൾ, രാഷ്ട്രീയക്കാർ ഉൾപ്പെടെ പ്രശസ്തർ അവരുടെ രാഷ്ട്രീയവും ചിലപ്പോഴെങ്കിലും വിവാദപരവുമായ അഭിപ്രായങ്ങളും ഈ പ്ലാറ്റ് ഫോം വഴി പ്രകടിപ്പിക്കുന്നു. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള മറ്റു പ്ലാറ്റുഫോമുകൾ രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞ് മാറി ചിത്രങ്ങളിലും വീഡിയോകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആളുകൾ രാഷ്ട്രീയത്തിൽ അത്ര ഗൗരവപരമായ വാർത്തകളോ ലഭിക്കാൻ ആഗ്രഹിക്കില്ലെന്നു ഇൻസ്റ്റാഗ്രാം ത്രെഡ്സ് മേധാവി ആദം മോസെരി വ്യക്തമാക്കുന്നു. വാർത്തകളോടും രാഷ്ട്രീയ ഉള്ളടക്കണങ്ങളോടും ഉള്ള ത്രെഡ്സ് വിമുഖത കാണിക്കുന്നത് ഉപയോക്താക്കൾ കുറയാനുള്ള കാരണമായി കരുതുന്നു.
സ്പാം അക്കൗണ്ടുകളെ നിരുത്സാഹപ്പെടുത്താൻ പോസ്റ്റുകൾക്ക് പരിധി ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ത്രെഡ്സ്. സമാന രീതിയിൽ ത്രെഡ്സ് പുറത്തിറക്കുന്നതിനു മുമ്പ് കാണാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണത്തിനു ട്വിറ്റർ പരിധി ഏർപ്പെടുത്തി mയിരുന്നു. ഇത് ട്വിറ്റർ ഉപയോക്താക്കളെ പ്രകോപിപ്പിച്ചിരുന്നു.ത്രെഡ്സ് പുറത്തിറക്കിയപ്പോൾ ട്വിറ്ററിന് വെല്ലുവിളിയാവുമെന്നു കരുതി. ഇലോൺ മസ്‌ക് ത്രെഡിസിനെ ട്വിറ്ററിന്റെ അനുകരണമെന്നു വിളിച്ച് നിരന്തരം പരിഹസിച്ചിരുന്നു