വളര്‍ച്ചാ കണക്കുകള്‍ വിപണിയില്‍ ചലനങ്ങളുണ്ടാക്കും

ചൊവ്വാഴ്ച്ചത്തെ മികച്ച പ്രകടനത്തിന് ശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ആഗോള സൂചനകള്‍ അത്ര ശുഭകരമല്ല. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി അടക്കമുള്ള ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് കോംമ്പസിറ്റും ഷെന്‍സന്‍ കംമ്പോണന്റും മാത്രമാണ് ലാഭം കാണിയ്ക്കുന്നത്. ദക്ഷിണ കൊറിയയില്‍ നിന്നും, ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള റീജിയണല്‍ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സുകള്‍ എല്ലാം ഒരു ആഗോള മാന്ദ്യത്തിലേക്കുള്ള സൂചനകളാണ് നല്‍കുന്നത്. ഉയരുന്ന പണപ്പെരുപ്പവും, പലിശ നിരക്കുകളും യുക്രെയ്ന്‍ യുദ്ധമുണ്ടാക്കിയ ആഘാതങ്ങളും ചൈനയില്‍ നിന്നും ഇനിയും അപ്രത്യക്ഷമാകാത്ത […]

;

Update: 2022-08-31 22:25 GMT

ചൊവ്വാഴ്ച്ചത്തെ മികച്ച പ്രകടനത്തിന് ശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ ആഗോള സൂചനകള്‍ അത്ര ശുഭകരമല്ല. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി അടക്കമുള്ള ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായ് കോംമ്പസിറ്റും ഷെന്‍സന്‍ കംമ്പോണന്റും മാത്രമാണ് ലാഭം കാണിയ്ക്കുന്നത്. ദക്ഷിണ കൊറിയയില്‍ നിന്നും, ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള റീജിയണല്‍ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സുകള്‍ എല്ലാം ഒരു ആഗോള മാന്ദ്യത്തിലേക്കുള്ള സൂചനകളാണ് നല്‍കുന്നത്. ഉയരുന്ന പണപ്പെരുപ്പവും, പലിശ നിരക്കുകളും യുക്രെയ്ന്‍ യുദ്ധമുണ്ടാക്കിയ ആഘാതങ്ങളും ചൈനയില്‍ നിന്നും ഇനിയും അപ്രത്യക്ഷമാകാത്ത കോവിഡ് ഉയര്‍ത്തുന്ന ഭീഷണികളും എല്ലാം ഏഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയാണ്.

ആഭ്യന്തര വിപണി
ആഭ്യന്തര വിപണിയില്‍ ഇന്ന് ഏറെ നിര്‍ണായകമാവുക ജൂണ്‍ പാദത്തിലെ ജിഡിപി വളര്‍ച്ചാ കണക്കുകളാണ്. വിപണിയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഒന്നാം പാദത്തില്‍ 13.5 ശതമാനം വളര്‍ന്നു എന്നത് ആശ്വാസകരമാണ്. വിപണിയും ആര്‍ബിഐയും 15 ശതമാനത്തിലേറെ വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. കോര്‍ സെക്ടര്‍ ഉത്പാദനവും 4.5 ശതമാനമായി കുറഞ്ഞു. ഇതും നെഗറ്റീവായ മറ്റൊരു ഘടകമാണ്. ക്രൂഡ് ഓയില്‍, റിഫൈനറി ഉത്പന്നങ്ങള്‍, വളം, ഊര്‍ജ്ജം, സിമന്റ്, സ്റ്റീല്‍, കല്‍ക്കരി തുടങ്ങിയ രാജ്യത്തെ സുപ്രധാനമായ 8 മേഖലകളിലെ ഉത്പാദന വളര്‍ച്ചയാണ് ഇതിലൂടെ കണക്കാക്കുന്നത്.

അമേരിക്കന്‍ വിപണികൾ
അമേരിക്കന്‍ വിപണികളും ഇന്നലെ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫെഡ് നിരക്ക് വര്‍ധനയുടെ തോതിനെ പറ്റിയുള്ള ആശങ്കകളാണ് അതിന് കാരണം. ക്രൂഡ് ഓയില്‍ വില 96 ഡോളറിന് അടുത്ത് നില്‍ക്കുന്നതാണ് ആഭ്യന്തര വിപണിയ്ക്ക് ആശ്വാസം നല്‍കുന്ന മറ്റൊരു ഘടകം. ഈ വസ്തുതകളും, ആഗോള സൂചനകളും പരിഗണിക്കുമ്പോള്‍ വിപണിയിലെ ചലനങ്ങള്‍ പ്രവചിക്കാനാവില്ല. മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് ഇന്ന് പുറത്ത് വരും. അതിലെ വിലയിരുത്തലുകളും വളര്‍ച്ചയെ സംബന്ധിച്ച് കൃത്യമായ സൂചനകള്‍ നല്‍കും.

വിദേശ നിക്ഷേപം
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റ അനുസരിച്ച് ചൊവ്വാഴ്ച്ച 4,165.86 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 656 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. വിദേശ നിക്ഷേപത്തിന്റെ തോത് ഓഗസ്റ്റില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് നിരക്കിലാണ്. ഏതാണ്ട് 51,000 കോടി രൂപയാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്. ഈ മാസവും ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ വിപണിയുടെ മുന്നേറ്റത്തിന് ഇത് വഴി തുറക്കും.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,700 രൂപ (സെപ്റ്റംബര്‍ 1)
ഒരു ഡോളറിന് 79.72 രൂപ (സെപ്റ്റംബര്‍ 1, 09.00 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 96.49 ഡോളര്‍ (സെപ്റ്റംബര്‍ 1, 9.00 am)
ഒരു ബിറ്റ് കൊയ്ന്റെ വില 20,135.89 ഡോളര്‍ (സെപ്റ്റംബര്‍ 1, 9.10 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)

Tags:    

Similar News