പണപ്പെരുപ്പം, ക്രൂഡ് വില: വിപണിയിൽ ആശങ്ക ഒഴിയുന്നില്ല

രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയില്‍ നിന്നുള്ള ഏഷ്യന്‍ വിപണികളുടെ തിരിച്ചുവരവും, യൂറോപ്യന്‍ ഓഹരി വിപണിയിലുണ്ടായ നേരിയ നേട്ടവും ഇന്ത്യന്‍ വിപണിയെ പിന്തുണച്ചുവെങ്കിലും ഉയര്‍ന്ന നിലയിലുണ്ടായ ലാഭമെടുപ്പും, ഉയരുന്ന ക്രൂഡോയില്‍ വിലകളും നാലാം ദിവസവും വിപണിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടു. നാലു ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 53,519.30 വരെ എത്തിച്ചേര്‍ന്നിരുന്നു. അതിനുശേഷം, 276.46 പോയിന്റ് നഷ്ടത്തില്‍ (0.51 ശതമാനം) സൂചിക 54,088.39 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 72.95 […]

Update: 2022-05-11 06:30 GMT

രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയില്‍ നിന്നുള്ള ഏഷ്യന്‍ വിപണികളുടെ തിരിച്ചുവരവും, യൂറോപ്യന്‍ ഓഹരി വിപണിയിലുണ്ടായ നേരിയ നേട്ടവും ഇന്ത്യന്‍ വിപണിയെ പിന്തുണച്ചുവെങ്കിലും ഉയര്‍ന്ന നിലയിലുണ്ടായ ലാഭമെടുപ്പും, ഉയരുന്ന ക്രൂഡോയില്‍ വിലകളും നാലാം ദിവസവും വിപണിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടു. നാലു ദിവസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് ക്ലോസ് ചെയ്തത്.

വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 53,519.30 വരെ എത്തിച്ചേര്‍ന്നിരുന്നു. അതിനുശേഷം, 276.46 പോയിന്റ് നഷ്ടത്തില്‍ (0.51 ശതമാനം) സൂചിക 54,088.39 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 72.95 പോയിന്റ് നഷ്ടത്തില്‍ (0.45 ശതമാനം) 16,167.10 ല്‍ അവസാനിച്ചു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ നിഫ്റ്റി നിര്‍ണായക നിലയായ 16,000 നു താഴേക്ക് പോയി 15,992.60 ല്‍ എത്തിയിരുന്നു. എന്നാല്‍, ഫിനാന്‍ഷ്യല്‍, മെറ്റല്‍, റിയല്‍റ്റി ഓഹരികളില്‍ പൊടുന്നനെയുണ്ടായ വാങ്ങല്‍ മൂലം സൂചിക തിരിച്ചു കയറി.

ബാങ്കിംഗ് മേഖലയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. ആക്‌സിസ് ബാങ്ക് 1.92 ശതമാനവും, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 1.37 ശതമാനവും, കൊട്ടക് മഹീന്ദ്ര ബാങ്ക് 0.73 ശതമാനവും, എച്ച്ഡിഎഫ്‌സി ബാങ്ക് 0.5 ശതമാനവും നേട്ടമുണ്ടാക്കി. മറ്റു ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയും ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍ വായ്പ വിതരണത്തില്‍ ഉണ്ടായ ശക്തമായ വളര്‍ച്ചയും, ആസ്തികളുടെ ഗുണനിലവാരത്തിലുണ്ടായ മെച്ചപ്പെടലും നിക്ഷേപകരെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ചു.

റിയല്‍റ്റി ഓഹരികളും ഇന്ന് മികച്ച പ്രകടനം നടത്തി. ഫീനിക്‌സ്, ഡിഎല്‍എഫ്, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, ശോഭ ഡെവലപ്പേഴ്‌സ്, ഒബ്‌റോയ് റിയല്‍റ്റി എന്നീ കമ്പനികള്‍ യഥാക്രമം 3.78 ശതമാനവും, 2.56 ശതമാനവും, 2.38 ശതമാനവും, 1.33 ശതമാനവും, 1.10 ശതമാനവും നേട്ടമുണ്ടാക്കി. റേറ്റിംഗ് ഏജന്‍സി ക്രിസില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളില്‍ ഭവനങ്ങൾക്കുള്ള ഡിമാൻഡ് ഈ സാമ്പത്തിക വര്‍ഷം 5-10 ശതമാനം വരെ വളര്‍ച്ച കൈവരിക്കും. ഉയരുന്ന പ്രോപ്പര്‍ട്ടി വിലകളും, പലിശ നിരക്ക് വര്‍ദ്ധനയും പോലുള്ള പ്രതികൂല ഘടകങ്ങളെ മറികടന്നാണ് ഈ നേട്ടം കൈവരിക്കുക.

വിപണിയില്‍ വ്യാപാരത്തിനെത്തിയ 2,591 ഓഹരികള്‍ നഷ്ടത്തിലാണ് കലാശിച്ചത്. എന്നാല്‍ 804 ഓഹരികള്‍ ലാഭത്തിലും. ഇന്ത്യയുടെ വോളട്ടിലിറ്റി ഇന്‍ഡെക്‌സ് 2.24 ശതമാനം ഉയര്‍ന്നു. ഇത് സൂചിപ്പിക്കുന്നത് വിപണിയില്‍ നിലനില്‍ക്കുന്ന കടുത്ത ഭീതിയാണ്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഗവേഷണ വിഭാഗം തലവന്‍ വിനോദ് നായര്‍ പറയുന്നു: "ഏപ്രിലിലെ അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ പ്രതീക്ഷിച്ചിരുന്ന വിപണി പെട്ടന്ന് അസ്ഥിരമായി. പണപ്പെരുപ്പ നിരക്കുകള്‍ പൊതുവേ ഉയര്‍ന്നതാവാനാണ് സാധ്യത. എന്നാല്‍, വിപണിയില്‍ ഇത് പ്രത്യേകിച്ച് ചലനങ്ങളൊന്നും സൃഷ്ടിക്കുകയില്ല. കാരണം, വിപണി ഈ ഘടകം നേരത്തെതന്നെ കണക്കിലെടുത്തിരുന്നതാണ്. വിപണിയുടെ ഗതിയെ നിര്‍ണയിക്കുന്ന പ്രധാന ഘടകം, ഫെഡിന്റെ നടപടികളോടുള്ള പ്രതികരണമായി, അമേരിക്കന്‍ പണപ്പെരുപ്പ നിരക്കിലുണ്ടായേക്കാവുന്ന കുറവാണ്."

Tags:    

Similar News