ഗിന്നസ് ബുക്കില്‍ കയറിയ ഇ-ബസ് ടെര്‍മിനല്‍; മണിക്കൂറില്‍ 90 ഫ്‌ളൈറ്റുകള്‍: ഫുട്‌ബോള്‍ പൊടിപൂരമാക്കാന്‍ ഖത്തര്‍

ഇവിടെ ഒരേസമയം 1400 പേര്‍ക്ക് താമസിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ലുസൈലിലെ ബസ് ടെര്‍മിനല്‍ പൂര്‍ണമായും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

Update: 2022-11-20 09:57 GMT

fifa world cup 2022 e bus terminal

ലുസെയ്ല്‍: 22,000 കോടി ഡോളര്‍ മുതല്‍ മുടക്കി 2022 ഫിഫാ ലോകകപ്പ് ഖത്തര്‍ നടത്തുമ്പോള്‍ മത്സരവേദികളെ പോലെ തന്നെ ശ്രദ്ധ നേടുകയാണ് ഇതിനോടൊപ്പം തയാറാക്കിയിരിക്കുന്ന യാത്രാസംവിധാനങ്ങള്‍. ആഗോതലത്തിലെ ഏറ്റവും വലുതും അത്യാധുനിക സംവിധാനങ്ങളുമുള്ള ഇലക്ട്രിക്ക് ബസ് ടെര്‍മിനലാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നത്. ലുസെയ്ല്‍ ബസ് ഡിപ്പോ ഗിന്നറസ് റെക്കോര്‍ഡിലും സ്ഥാനം നേടിക്കഴിഞ്ഞു.

478 ബിസുകള്‍ പാര്‍ക്ക് ചെയ്യാവുന്ന ടെര്‍മിനലില്‍ ആകെ 24 അത്യാധുനിക കെട്ടിടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഒരേസമയം 1400 പേര്‍ക്ക് താമസിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ലുസെയ്‌ലിലെ ബസ് ടെര്‍മിനല്‍ പൂര്‍ണമായും സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ആകെ 10,720 സോളാര്‍ യൂണിറ്റുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ദോഹ മെട്രോ സര്‍വീസിലും ഒട്ടേറെ മാറ്റങ്ങളാണ് മത്സരത്തോട് അനുബന്ധിച്ച് കൊണ്ടുവന്നിരിക്കുന്നത്. മത്സരം നടക്കുന്ന ഡസംബര്‍ 23 വരെ ഖത്തറിലെ ട്രാവല്‍ കാര്‍ഡായ ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് പൊതുഗതാഗത സംവിധാനത്തില്‍ സൗജന്യമായി യാത്ര ചെയ്യാം. ലോകകപ്പ് പ്രമാണിച്ച് പ്രത്യേക വിമാനസര്‍വീസുകള്‍ ഖത്തര്‍ ആരംഭിച്ച് കഴിഞ്ഞു.

ഖത്തറിന്റെ ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നായി ഏകദേശം 90 വിമാനങ്ങളാണ് ഓരോ മണിക്കൂറിലും വന്നുപോകുന്നത്. മത്സരം പ്രമാണിച്ച് എയര്‍ട്രാഫിക്ക് വികസന പദ്ധതി ഊര്‍ജ്ജിതമാക്കിയിരുന്നു. മത്സരം ആരംഭിച്ചത് പിന്നാലെ വിമാന സര്‍വീസിന്റെ എണ്ണം 100 ആക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

17 വ്യത്യസ്ത വ്യോമ റൂട്ടുകളാണ് ഇപ്പോള്‍ ഖത്തറില്‍ ഒരുക്കിയിരിക്കുന്നത്. ഹമദ് വിമാനത്താവളത്തിലെ ഖത്തര്‍ എയര്‍ കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ പ്രത്യേക വെര്‍ച്വല്‍ ടവറും സ്ഥാപിച്ചിട്ടുണ്ട്. ലോകകപ്പിനോട് അനുബന്ധിച്ച് ഗതാഗത സംവിധാനത്തിന് മാത്രം എത്രത്തോളം തുകയാണ് ചെലവാക്കിയതെന്ന് കണക്കുകള്‍ പുറത്ത് വന്നിട്ടില്ല.

Tags:    

Similar News