എന്താണ് ഏകീകൃത കെവൈസി? ഇടയ്ക്കിടയ്ക്ക് ഇനി കെവൈസി അപ്‌ഡേറ്റ് ചെയ്യണോ?
- നിലിവില്‍ കെവൈസിയുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം
- കൃത്യമായ ഇടവേളകളില്‍ കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം
- കെവൈസി അപ്‌ഡേഷന്‍ പ്രക്രിയ ആളുകളെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്
ഒരു ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കിലോ, ഡീമാറ്റ് അക്കൗണ്ട് തുറക്കണമെങ്കിലോ, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെങ്കിലോ ആദ്യം വേണ്ടത് കെവൈസി (നോ യുവര്‍ കസ്റ്റമര്‍) വിവരങ്ങളാണ്. അത് അക്കൗണ്ട് തുറക്കുന്ന ഘട്ടത്തില്‍ നല്‍കിയാല്‍ മാത്രം പോര. കൃത്യമായ ഇടവേളകളില്‍ അത് അപ്‌ഡേറ്റ് ചെയ്യുകയും വേണം. ചില അക്കൗണ്ടുകളില്‍ ഇത് നിരവധി തവണ ചെയ്യേണ്ടതുണ്ട്. തുടരത്തുടരെയുള്ള ഈ കെവൈസി അപ്‌ഡേഷന്‍ പ്രക്രിയ ആളുകളെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.
ഈ സാഹചര്യത്തിലാണ് ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എഫ്എസ്ഡിസി) യൂണിഫോം കെവൈസി സംവിധാനം എന്ന നിര്‍ദ്ദേശം വെച്ചിരിക്കുന്നത്. കെവൈസി നടപടിക്രമങ്ങള്‍ ലഘൂകരിക്കുക, പേപ്പര്‍ വര്‍ക്കുകള്‍ കുറയ്ക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഏകീകൃത് കെവൈസി സംവിധാനം അവതരിപ്പിക്കുന്നത്. ഇതിനായ് കേന്ദ്ര സര്‍ക്കാര്‍ ഫിനാന്‍സ് സെക്രട്ടറി ടിവി സോമനാഥന്റെ കീഴില്‍ ഒരു കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്.
എന്താണ് ഏകീകൃത കെവൈസി
സാമ്പത്തിക മേഖലയിലെ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാകാന്‍ ഇത് സഹായകമാകുമെന്നാണ് വിലയിരുത്തല്‍. ഉപഭോക്താക്കളുടെ കെവൈസി വിവരങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം തവണ കെവൈസി വിവരങ്ങള്‍ നല്‍കേണ്ടി വരില്ല. വൈരിഫൈ ചെയ്ത് സൂക്ഷിക്കുന്ന വിവരങ്ങള്‍ അവിടെ നിന്നും പലതരം സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും. അടുത്തിടെ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എഫ്എസ്ഡിസിയുടെ യോഗത്തിലും അവര്‍ ഏകീകൃത കെവൈസി സംവിധാനത്തിന്റെ ആവശ്യകത ഉന്നയിച്ചിരുന്നു.
നേട്ടം
സാമ്പത്തിക ഇടപാടുകള്‍ക്കും ആവശ്യങ്ങള്‍ക്കുമായി വിവിധ സ്ഥാപനങ്ങളില്‍ അക്കൗണ്ട് തുറക്കേണ്ടി വരുമ്പോള്‍ ഒന്നിലധികം തവണ കെവൈസി നടപടിക്രമങ്ങള്‍ ചെയ്യേണ്ടി വരില്ല എന്നതാണ് ഏകീകൃത കെവൈസിയുടെ പ്രധാന നേട്ടം. അതിനൊപ്പം സുരക്ഷ, സമയ ലാഭം, കുറഞ്ഞ പേപ്പര്‍ വര്‍ക്കുകള്‍, സ്ഥാപനങ്ങള്‍ക്ക് ഇതിനായുള്ള സാമ്പത്തിക ചെലവഴിക്കലിലെ കുറവ് എന്നിവയെല്ലാം ഇതിന്റെ നേട്ടമാണ്. എന്നാല്‍, സുരക്ഷ മാത്രമാണ് ആശങ്കയുയര്‍ത്തുന്ന കാര്യം.
കേന്ദ്രീകൃത കെവൈസി സംവിധാനം
2016 ലാണ് സെന്‍ട്രല്‍ കെവൈസി റെക്കോഡ് രജിസ്ട്രി (സികെവൈസിആര്‍) നിലവില്‍ വരുന്നത്. സാമ്പത്തിക ഇടപാടുകള്‍ക്കുള്ള കെവൈസി നടപടിക്രമങ്ങള്‍ ലളിതമാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഓഹരി ഇടപാടുകള്‍ നടക്കുന്ന മൂലധന വിപണികളിലാണ് ഇത് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത്. നിലിവില്‍ കെവൈസിയുമായി ബന്ധപ്പെട്ടുള്ള പ്രതിസന്ധികള്‍ പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നിലവിലെ കെവൈസി നടപടിക്രമങ്ങള്‍
,സാമ്പത്തിക ഇടപാടുകള്‍, സേവനങ്ങള്‍ എന്നിവയ്ക്കായി എത്തുന്ന ഉപഭോക്താക്കളുടെ വ്യക്തിത്വം, വിലാസം എന്നിവ തിരിച്ചറിയുകയാണ് കെവൈസിയുടെ അടിസ്ഥാന ഉദ്ദേശം. ഓഹരി ഇടപാടുകള്‍, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്, ബാങ്കിംഗ് സേവനങ്ങള്‍ എന്നിവയ്‌ക്കൊക്കെ കെവൈസി ഇടപാടുകള്‍ ആവശ്യമാണ്. നിലവില്‍ ഇത്തരത്തിലുള്ള ഓരോ ആവശ്യങ്ങള്‍ക്കും ഓരോ തവണയും കെവൈസി വിവരങ്ങള്‍ ഉപഭോക്താക്കള്‍ നല്‍കണം. കൂടാതെ, കൃത്യമായ ഇടവേളകളില്‍ സ്ഥാപനങ്ങള്‍ആവശ്യപ്പെടുന്നതിനനുസരിച്ച് കെവൈസി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം.